ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത എസ്എഫ്‌ഐയുടെ രണ്ട് സെനറ്റ് അംഗങ്ങള്‍ രാജിവെക്കുമോ; വിമര്‍ശനം ഉന്നയിച്ച് എംഎസ്എഫ്

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിക്കുന്ന എസ്എഫ്‌ഐയെ വിമര്‍ശിച്ച് എംഎസ്എഫ്. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത എസ്എഫ്‌ഐയുടെ രണ്ട് സെനറ്റ് അംഗങ്ങള്‍ രാജിവെക്കുമോ എന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഉന്നയിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ സമരം നടത്തുന്നു. ഈ സമരം ആത്മാര്‍ത്ഥമാണെങ്കില്‍ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത നാല് വിദ്യാര്‍ത്ഥി പ്രതിനിധികളില്‍ പട്ടാമ്പി എസ്എന്‍ജിസി കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി സ്‌നേഹയും, ഗുരുവായൂരപ്പന്‍ കോളേജിലെ അശ്വിന്‍ രാജ് എന്നീ രണ്ട് അംഗങ്ങള്‍ എബിവിപിയാണ്. മടപ്പള്ളി കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി സിയാനയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ അനുഷയും എസ്എഫ്‌ഐ നേതാക്കളുമാണ്. ഈ രണ്ട് എസ്എഫ്‌ഐ അംഗങ്ങള്‍ രാജി വെക്കാന്‍ തയ്യാറുണ്ടോ എന്ന് പി കെ നവാസ് ചോദിച്ചു.

ഗവര്‍ണര്‍ നല്‍കിയ 18 പേരുടെ ലിസ്റ്റില്‍ രണ്ട് എബിവിപി ഉള്‍പ്പെടെ നാല് സംഘപരിവാര്‍ ഉണ്ട് എന്നപോലെ തന്നെ സര്‍ക്കാര്‍ നല്‍കിയ 18 പേരുടെ ലിസ്റ്റില്‍ 18 പേരും സിപിഐഎം നേതാക്കളാണ്. 18 സെനറ്റ് അംഗങ്ങളില്‍ ഗവര്‍ണര്‍ നാല് കാവി അംഗങ്ങളെ തിരുകി കയറ്റാന്‍ ശ്രമിച്ചാലും സര്‍ക്കാര്‍ 18 ചുവപ്പന്‍ അംഗങ്ങളെ തിരുകി കയറ്റിയാലും രണ്ടും എതിര്‍ക്കപ്പെടേണ്ടതാണ്. സര്‍വകലാശാലയുടെ അക്കാദമിക് നിലവാരം സംരക്ഷിക്കാനാണ് തങ്ങള്‍ ഈ സമരം ചെയ്യുന്നത് എന്ന് പറയുന്ന എസ്എഫ്‌ഐയോട്, തള്ളൊക്കെ കൊള്ളാം പക്ഷേ വിദ്യാര്‍ഥികള്‍ മണ്ടന്‍മാരല്ലെന്നും പി കെ നവാസ് പറഞ്ഞു.

ജൂണ്‍ മാസം ഗവര്‍ണര്‍ക്ക് നോമിനേറ്റ് ചെയ്ത ആറ് സിന്‍ഡിക്കേറ്റ് അംഗങ്ങളില്‍ ആറ് പേരും സഖാക്കളാണ്. മാത്രമല്ല, ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ലിജീഷ് സിപിഐഎം മലപ്പുറം ജില്ലാ കമ്മറ്റി അംഗങ്ങള്‍ കലീമുദ്ദീന്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തി രാഷ്ട്രീയ വത്ക്കരിച്ച സിന്‍ഡിക്കേറ്റാണ് ഇപ്പോഴും കാലിക്കറ്റ് സര്‍വകലാശാലയിലുള്ളതെന്നും പി കെ നവാസ് പരാമര്‍ശിച്ചു.

എസ്എഫ്‌ഐ എന്തിന് സമരം ചെയ്യുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയൊള്ളൂ നാല് വിദ്യാര്‍ത്ഥി പ്രതിനിധിയെ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തതില്‍ രണ്ടെണ്ണമേ തങ്ങള്‍ക്ക് കിട്ടിയിട്ടുള്ളൂ എന്നതാണെന്നും പി കെ നവാസ് വിമര്‍ശിച്ചു. ഇരിക്കുന്ന പദവിയുടെ മഹത്വമറിയാത്ത ഗവര്‍ണറെ കുറിച്ച് പലതവണ എംഎസ്എഫ് പരാതി ഉന്നയിച്ചപ്പോള്‍ ഭായ്-ഭായ് കളിച്ചവര്‍ ഇപ്പോ കളിക്കുന്ന സമര നാടകം തിരിച്ചറിയാന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് സാധിക്കുമെന്നും പി കെ നവാസ് വ്യക്തമാക്കി.

Top