സ്വകാര്യ പരിപാടിക്കെത്തിയ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ പരിപാടിക്കെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. വഴുതക്കാട് സ്വകാര്യഹോട്ടലില്‍ പരിപാടിയ്ക്കെത്തിയപ്പോഴും മടങ്ങിയപ്പോഴും പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. ഗവര്‍ണറുടെ കാറിനു സമീപത്തേയ്ക്ക് പ്രതിഷേധക്കാര്‍ ഓടിയടുക്കുകയായിരുന്നു.

അതേസമയം, ഇന്ന് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ചെരിപ്പെറിഞ്ഞ് കെഎസ്യു പ്രതിഷേധിച്ചിരുന്നു. പെരുമ്പാവൂരിലാണ് കെഎസ്യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ചെരിപ്പെറിഞ്ഞത്. മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങിയ ബസ് കടന്നുപോകുമ്പോഴാണ് പ്രവര്‍ത്തകര്‍ കറുത്ത ചെരിപ്പെറിഞ്ഞത്. ഇതിനിടെ കെഎസ്‌യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടിയും വീശി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

ഗവര്‍ണര്‍ സര്‍വകലാശാലകള്‍ കാവിവത്കരിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസം രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയ എസ്എഫ്ഐ തുടര്‍ പ്രതിഷേധ പരിപാടികള്‍ക്കും ആഹ്വാനം ചെയ്തിരുന്നു. വഴി നീളെ പൊലീസുണ്ടായിരുന്നെങ്കിലും പ്രതിഷേധക്കാരെ തടയാനായില്ല. കരിങ്കൊടി കാട്ടിയതിന് ശേഷം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Top