ഗവര്‍ണര്‍ക്കെതിരെ കണ്ണൂരില്‍ എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധം; പുറത്തിറങ്ങി വെല്ലുവിളിച്ച് ഗവര്‍ണര്‍

കണ്ണൂര്‍: കണ്ണൂരില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം. വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് മടങ്ങും വഴി മട്ടന്നൂരില്‍ വച്ചാണ് ഗവര്‍ണര്‍ക്ക് നേരെ പ്രതിഷേധമുണ്ടായത്. വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ ഗവര്‍ണര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ വെല്ലുവിളിച്ചു. എസ്എഫ്‌ഐക്കാര്‍ എവിടെ പ്രതിഷേധിച്ചാലും പുറത്തിറങ്ങുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍.

വയനാട് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഗവര്‍ണര്‍ റോഡ് മാര്‍ഗം മട്ടന്നൂര്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു. ഇതിനിടെയായിരുന്നു എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം. ഗവര്‍ണറുടെ വരവ് മുന്‍കൂട്ടി അറിയാമായിരുന്ന പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ ഗവര്‍ണറുടെ വാഹനത്തിന് മുന്നില്‍ വരെ എത്തി. തുടര്‍ന്ന് ഗവര്‍ണറുടെ വാഹനവ്യൂഹം തടസ്സപ്പെട്ടു.

പിന്നാലെ ഗവര്‍ണര്‍ തന്നെ വാഹനം നിര്‍ത്തിച്ച് കാറില്‍ നിന്നും പുറത്തിറങ്ങി. നിങ്ങള്‍ എവിടെയെല്ലാം പ്രതിഷേധിച്ചാലും അവിടെയെല്ലാം താന്‍ പുറത്തിറങ്ങുമെന്ന് ഗവര്‍ണര്‍ എസ്എഫ്‌ഐകാരോട് പറഞ്ഞു. സിആര്‍പിഎഫും പൊലീസും ചേര്‍ന്ന് ഗവര്‍ണറെ വലയം ചെയ്ത് വാഹനത്തിലേക്ക് തിരികെ കയറ്റി.

Top