വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് എതിരെ ഉറഞ്ഞ് തുള്ളുന്ന സകല അരാഷ്ട്രിയ വാദികള്ക്കുമുഉള്ള ഒന്നാം തരം ഒരു മറുപടിയാണ് പാര്‍വതി ഉണ്ണിയുടെ തകര്‍പ്പന്‍ വിജയം.
പ്ലസ് ടു ഹ്യൂമാനിറ്റീസ് പരീക്ഷയില്‍ ഈ മിടുക്കി നേടിയത് നൂറ് ശതമാനം വിജയമാണ്. അതായത് 1200 ല്‍ 1200 മാര്‍ക്ക്. അടൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റായ പാര്‍വതിയുടെ വിജയം വിപ്ലവ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത് വലിയ ആവേശമാണ്.
എസ്.എഫ്.ഐ മുദ്യാവാക്യമായ ‘പഠിക്കുക പോരാടുക’ എന്നത് സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയ പാര്‍വതി വിമര്‍ശകരുടെ നാവടപ്പിച്ചിരിക്കുകയാണിപ്പോള്. കഴിഞ്ഞ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച നടിയും പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനവും ഈ വിദ്യാര്‍ത്ഥി നേതാവ് നേടിയിട്ടുണ്ട്.
അടൂരിലെ സി.പി.എം ഓഫീസ് കേന്ദ്രീകരിച്ച് എസ്.എഫ്.ഐയുടെയും ബാലസംഘത്തിന്റെയും പ്രവര്‍ത്തനങ്ങളുമായി സജീവമായി നില്‍ക്കെയാണ് വിജയ വാര്‍ത്ത പാര്‍വതിയെ തേടിയെത്തിയത്. ഏതെങ്കിലും ഉന്നത സി.പി.എം നേതാക്കളുടെ മകളായിരിക്കും പാര്‍വതി എന്ന് ആര്‍ക്കെങ്കിലും ധാരണയുണ്ടെങ്കില്‍ അതും തെറ്റാണ്.
അടൂര്‍ എക്സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസറായ ഹരിഹരനുണ്ണിയുടെയും പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപിക അനുപ്രിയയുടെയും മകളാണ് പാര്‍വതി.
സംഘടനാ പ്രവര്‍ത്തനവും പഠനവും ഒരുമിച്ച് കൊണ്ടുപോയാല്‍ അത് പഠനത്തെ ബാധിക്കുമെന്ന പരമ്പരാഗതമായ വിലയുരുത്തലുകളാണ് ഇവിടെ പാര്‍വതി പൊളിച്ചടുക്കിയത്. മാതാപിതാക്കള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം അവള് നൂറ് ശതമാനവും കാത്ത് സൂക്ഷിച്ചു. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലല്ല, ഒന്നാം ക്ലാസ് മുതല്‍ പൊതുവിദ്യാലയത്തില്‍ പഠിച്ചാണ് പാര്‍വതി ഈ നേട്ടം കൊയ്തതെന്നതും വിജയ തിളക്കം വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്.
പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമെടുത്ത് സിവില്‍ സര്‍വ്വീസ് നേടുക എന്നതാണ് പാര്‍വതിയുടെ അടുത്ത ലക്ഷ്യം. ഏത് കോളജില്‍ ചേര്‍ന്നാലും എസ്.എഫ്.ഐ യുടെ മുന്നണി പോരാളിയായി തന്നെ ഇനി പാര്‍വതിയും ഉണ്ടാകും.
ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ പര്‍വ്വതീകരിച്ച് എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയെ കൊത്തി പറക്കുന്ന ചാനല്‍ കണ്ണുകളും കാണണം ഈ പാര്‍വതീ വിജയം.
വിദ്യാര്‍ത്ഥി രാഷ്ട്രീയം നാടിന് ആപത്താണെന്ന് വിലപിച്ച് നടക്കുന്ന കവിയത്രിമാര്ക്ക് ഇനി എന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കാന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും ഇനി അവകാശമുണ്ട്.
ഒരു പാട് വിദ്യാര്‍ത്ഥികള്‍ അടി കൊണ്ടും സ്വന്തം ജീവിതം തുലച്ചും നേടിക്കൊടുത്ത അവകാശങ്ങള്‍ അനുഭവിക്കുന്നവരാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തുന്നത്.
എസ്.എഫ്.ഐക്കാരന് തെരുവില്‍ അടി കൊണ്ട് ഫീസ് കുറപ്പിച്ചാല് അതിന്റെ ഗുണം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല വിദ്യാര്‍ത്ഥി സമൂഹത്തിന് ആകെയാണ് ലഭിക്കുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് എതിരായി കൊടി പിടിക്കുന്നവരുടെ കുടുംബത്തിലെ കുട്ടികളും ആ അവകാശങ്ങള്‍ ഇന്ന് അനുഭവിക്കുന്നുണ്ട്. ചാനല്‍ സ്റ്റുഡിയോകളിലിരുന്ന് ശുഭ്ര പതാകയിലെ നക്ഷത്രത്തില്‍ എതിരാളിയുടെ ചോരയുടെ നിറം കാണുന്നവരും ഈ ഗുണങ്ങളെല്ലാം ഒരുകാലത്ത് അനുഭവിച്ചവരാണ്.
വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലും വീഴ്ചകള്‍ ഉണ്ടാകാം, എതിര്‍ക്കപ്പെടേണ്ട ഘടകങ്ങളും ഉണ്ടാകാം അതിനെ ഒറ്റപ്പെട്ട സംഭവമായി കണ്ട് വിമര്‍ശനാത്മകമായി സമീപിക്കുകയാണ് വേണ്ടത്.അല്ലാതെ ഒറ്റയടിക്ക് ഒരു പ്രസ്ഥാനം ആകെ കുഴപ്പമാണ് എന്ന് വരുത്തി തീര്‍ക്കുകയല്ല.
സ്വന്തം നേട്ടത്തിനായി മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരുണ്ടാകാം, എന്നാല്‍ എല്ലാവരെയും ആ കണ്ണോടെ കാണാന്‍ ശ്രമിച്ചാല്‍ അത് മഞ്ഞപ്പിത്തം ബാധിച്ചവന്റെ മാനസികാവസ്ഥയോട് മാത്രമേ ചിന്തിക്കുന്ന സമൂഹത്തിന് താരതമ്യം ചെയ്യാന്‍ കഴിയൂ.
മുന്‍പ് ലോകത്ത് എന്ത് സംഭവം നടന്നാലും അത് ആദ്യം ചര്‍ച്ച ചെയ്യപ്പെടുന്നത് നമ്മുടെ കാമ്പസുകളിലായിരുന്നു. ആദ്യ പ്രതികരണവും കാമ്പസില്‍ നിന്നു തന്നെയാണ് ഉയര്‍ന്നിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ കാമ്പസുകളില്‍ നിന്നും അതെല്ലാം പതുക്കെ നഷ്ടപ്പെട്ട് വരികയാണ്. അരാഷ്ട്രിയ വാദികളും, മാനേജ്മെന്റുകളും,കുത്തക മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളുമെല്ലാം ഈ തകര്‍ച്ചക്ക് നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. അപകടകരമായ പ്രവണതയാണിത്. പ്രതികരണ ശേഷി ഇല്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കാന്‍ മാത്രമേ ഇത്തരം പിന്തിരിപ്പന് നിലപാടുകള്‍ വഴിയൊരുക്കുകയുള്ളൂ.
അധികാര കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ മുട്ടിലിഴയുന്ന ഒരു സമൂഹത്തെയല്ല, അനീതികള്‍ക്കെതിരെ നിരന്തരം കലഹിക്കുന്ന സമൂഹത്തെയാണ് നാം വാര്‍ത്തെടുക്കേണ്ടത്. അതിന് ക്യാമ്പസുകളില്‍ സ്വതന്ത്രമായി സംഘടനാ പ്രവര്‍ത്തനം നടത്താനുള്ള അവസരം അനിവാര്യമാണ്. പഠനത്തെ ഒരിക്കലും നേരായ സംഘടനാ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നില്ലെന്ന് രക്ഷകര്‍ത്താക്കളെ ബോധ്യപ്പെടുത്താന്‍ പാര്‍വതിയുടെ ഈ വിജയം തന്നെ ഒന്നാന്തരം ഒരു ഉദാഹരണമാണ്.
Team Express Kerala