ആക്രമിക്കപ്പെട്ടത് എസ്.എഫ്.ഐക്കാരി ആയാല്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയേയല്ല !

പരിപ്പ് യൂണിവേഴ്സിറ്റി കോളജിൽ വേവില്ല’ ഇക്കാര്യം കുത്തക മാധ്യമങ്ങളും പ്രതിപക്ഷ പാർട്ടികളും ഓർക്കുന്നത് നല്ലതാണ്. എസ്.എഫ്.ഐക്കെതിരെ ഒരു സംഘടിത മുന്നേറ്റമാണ് യൂണിവേഴ്സിറ്റി കോളജിൽ ഉണ്ടായതെന്നാണ് പ്രചരണം അത് പൂർണ്ണമായും തെറ്റാണ്.

കാമ്പസിലെ ആക്രമണ സംഭവത്തിൽ പ്രതിഷേധ കൊടി ഉയർത്തിയ വിദ്യാർത്ഥികൾ പോലും ഒറ്റക്കെട്ടായി പറഞ്ഞത് തങ്ങൾ എസ്.എഫ്.ഐക്ക് എതിരല്ലന്നാണ്. യൂണിറ്റ് കമ്മറ്റിയിലെ ചില നേതാക്കൾക്കെതിരെയാണ് അവർ പ്രതിഷേധിച്ചത്. അത് ന്യായവുമാണ്. കാരണം അനീതി കണ്ടാൽ , അത് നേതാക്കൾ ചെയ്താലും ചോദ്യം ചെയ്യുന്ന പോരാട്ട വീര്യമാണ് എസ്.എഫ്.ഐയുടേത്.

എസ്.എഫ്.ഐ മാത്രം ഉള്ള കാമ്പസിൽ വിദ്യാർത്ഥികൾ തമ്മിൽ എന്ത് പ്രശ്നമുണ്ടായാലും അത് എസ്.എഫ്.ഐ ക്കാർ തമ്മിലായിരിക്കും. തെറ്റ് ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കുക എന്നത് മാത്രമാണ് അപ്പോൾ സംഘടനക്ക് മുന്നിലുള്ള മാർഗ്ഗം ആ ഉത്തരവാദിത്വം ഇതിനകം തന്നെ എസ്.എഫ്.ഐ നിർവ്വഹിച്ചിട്ടുണ്ട്.

അക്രമത്തിൽ പങ്കെടുത്ത മുഴുവൻ പേരെയും സംഘടനയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇനി പൊലിസും കോടതിയുമാണ് തുടർ നടപടി സ്വീകരിക്കേണ്ടത്.എന്നാൽ ഈ ദൗർഭാഗ്യകരമായ സംഭവം മുൻ നിർത്തി എസ്.എഫ്.ഐ എന്ന സംഘടന മൊത്തം കുഴപ്പമാണ് എന്ന് വരുത്തി തീർക്കാനാണ് കുത്തക മാധ്യമങ്ങളും പ്രതിപക്ഷവും ശ്രമിക്കുന്നത്. എന്തിനേറെ കേരളത്തിലെ ഒരു കാമ്പസിലും മുളക്കാത്ത എ.ഐ.എസ്.എഫിനും ഇപ്പോൾ പത്തി വച്ചിട്ടുണ്ട്.

ചാനൽ ചർച്ചകളിൽ എസ്.എഫ്.ഐയെ കൊത്തുന്നത് സി.പി.ഐയുടെ ഈ വിദ്യാർത്ഥി സംഘടനയാണ്. വർഗ്ഗ വഞ്ചനയാണിത്. അവസരവാദപരമായ ഇത്തരം നിലപാടു കൊണ്ടാണ് കേരളത്തിൽ അവർ പച്ച തൊടാത്തത്.

ഇപ്പോൾ എസ്.എഫ്.ഐ എന്ന സംഘടനയെ തെറി പറഞ്ഞാണ് എ.ഐ.എസ്.എഫ് തെരുവിലിറങ്ങിയിരിക്കുന്നത്. വിരലിലെണ്ണാവുന്നവരെ രംഗത്തിറക്കി മാധ്യമങ്ങൾക്ക് മുന്നിൽ ഒരു ഷോയാണ് അവർ നടത്തുന്നത്.

കേരളത്തിൽ ഒറ്റക്ക് മത്സരിച്ചാൽ ഒരു പഞ്ചായത്ത് ഭരിക്കാൻ പോലുമുള്ള ശേഷിയുള്ള പാർട്ടിയല്ല സി.പി.ഐ. സി.പി.എമ്മിന്റെ കരുത്തിലാണ് ആ പാർട്ടി നിലനിൽക്കുന്നത്. സി.പി.എം ചെയ്ത ഈ വിട്ടു വീഴ്ച കാമ്പസുകളിൽ എസ്.എഫ്.ഐ നടപ്പാക്കാത്തതിലുള്ള രോഷമാണ് ഇപ്പോൾ എ.ഐ.എസ്.എഫ് കാട്ടുന്നത്.

നാണം കെടാതെ മര്യാദക്ക് ഒരു പ്രകടനം നടത്താനുള്ള ശേഷി ആദ്യം എ.ഐ.എസ്.എഫ് ഉണ്ടാക്കുക. എന്നിട്ടു വേണം അവകാശവാദം ഉന്നയിക്കാൻ.ഇപ്പോൾ നിങ്ങൾ ചെയ്യുന്നത് പ്രതിപക്ഷത്തിന്റെ കരങ്ങൾക്ക് ശക്തി പകരുന്ന ഏർപ്പാടാണ്. അത് ഇടതുപക്ഷത്ത് നിന്ന് കാണിക്കരുത്. മുന്നണി വിട്ട് പോയിട്ട് കാണിക്കണം അതാണ് രാഷ്ട്രിയ മര്യാദ.അല്ലാതെ വിദ്യാർത്ഥികളുടെ വൈകാരികമായ വികാരങ്ങളെ വളച്ചൊടിച്ച് നേട്ടമുണ്ടാക്കാൻ ശ്രമിക്കരുത് അത് വിലപ്പോവില്ല. എ.ഐ.എസ്.എഫ് എന്ന ഒരു സംഘടന ഉണ്ട് എന്ന് കാണിക്കാൻ വേറെ മാർഗ്ഗമാണ് നോക്കേണ്ടത്.

എസ്.എഫ്.ഐയിൽ ഭിന്നത ഉണ്ടാക്കി യൂണിവേഴ്സിറ്റി കാമ്പസിൽ കടന്ന് കയറി നേട്ടമുണ്ടാക്കാം എന്നത് വ്യാമോഹം മാത്രമാണ്. അത് എ.ഐ.എസ്.എഫും, കെ.എസ്.യുവും എം.എസ്.എഫുമെല്ലാം ഓർക്കുന്നത് നല്ലതാണ്.

കുത്തേറ്റ് പിടഞ്ഞ് വീണ അഖിൽ പോലും ഇപ്പോഴും മാറോട് ചേർത്ത് പിടിച്ചിരിക്കുന്നത് ശുഭ്ര പതാകയാണ്. അവനു വേണ്ടി തെരുവിലിറങ്ങിയ ഒരു വിദ്യാർത്ഥി പോലും എസ്.എഫ്.ഐക്കെതിരെ മുദ്രാവാക്യം വിളിച്ചിട്ടില്ല. ചാനലുകൾ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അവരുടെ വായിൽ നിന്നും എസ്.എഫ്.ഐക്കെതിരായ ഒരു പ്രതികരണവും പുറത്ത് വന്നിട്ടില്ല. മറിച്ച് എല്ലാവരും ഒറ്റക്കെട്ടായി പറയുന്നത് തങ്ങൾ എസ്.എഫ്.ഐ ക്കാരാണ് എന്ന് തന്നെയാണ്. ഇതാണ് ആ വിദ്യാർത്ഥി സംഘടനയുടെ സംഘശക്തി.

ചുവപ്പിന്റെ പ്രത്യോയ ശാസ്ത്രപരമായ അടിത്തറ തകർക്കാൻ മാത്രം ഉള്ള ശക്തിയൊന്നും ഇവിടുത്തെ മാധ്യമങ്ങൾക്കില്ല.അതുകൊണ്ടാണ് ഇത്രയും വലിയ പ്രതിഷേധം ഉയർത്തിയ വിദ്യാർത്ഥികൾ തന്നെ മാധ്യമങ്ങളെ കാമ്പസിൽ നിന്നും പുറത്താക്കിയത്.

ചാനൽ ചർച്ചയിൽ പങ്കെടുത്ത യൂണിവേഴ്സിറ്റി കോളജിലെ ഒരു വിദ്യാർത്ഥി സംഘടനയെ പ്രതിക്കൂട്ടിലാക്കുന്നതിനെ രൂക്ഷമായാണ് വിമർശിച്ചത്. അഖിലിനെ കുത്തിയ നേതാക്കളെ രൂക്ഷമായി വിമർശിച്ചതോടൊപ്പം തന്നെയായിരുന്നു ഈ പ്രതിരോധവും.

ചീറ്റി പോയ അജണ്ട നടപ്പാക്കാൻ ഇപ്പോൾ ആ കാമ്പസിൽ മുൻപ് പഠിച്ചവരുടെ പ്രതികരണങ്ങളാണ് ചാനലുകൾ കൊടുത്തു കൊണ്ടിരിക്കുന്നത്.

അഖിൽ എന്ന വിദ്യാർത്ഥിയുടെ നെഞ്ചിൽ കുത്തിയ നടപടി മനുഷ്യരായ ഒരാളും അംഗീകരിക്കില്ല. മാധ്യമങ്ങൾ അക്കാര്യങ്ങൾ ചർച്ച ചെയ്യുകയും വേണം. എന്നാൽ അതേ വാശി എന്താണ് മറ്റു സംഭവങ്ങളിൽ കാണിക്കാത്തത് ?

തിരുവനന്തപുരം ജില്ലയിലെ തന്നെ ധനവച്ചപുരം എൻ.എസ്.എസ് കോളജിൽ നടന്ന ആക്രമണം എന്തു കൊണ്ട് വാർത്തയായില്ല ?എസ്.എഫ്.ഐ ക്കാരിയായ പ്രീജ എന്ന പെൺകുട്ടിയെയാണ് എ.ബി.വി.പി പ്രവർത്തകർ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട പെൺകുട്ടി എസ്.എഫ്.ഐക്കാരി ആയതിനാൽ നിങ്ങൾക്ക് ചർച്ചാ വിഭവമല്ല, അക്രമണത്തിനെതിരെ ഉറഞ്ഞ് തുള്ളുന്ന രാഷ്ട്രിയ നിരീക്ഷകരുടെ കണ്ണിലും ഈ ആക്രമണം പെട്ടില്ല. പട്ടിയെ ആക്രമിക്കുന്ന പോലെയാണ് ഒരു പെൺകുട്ടിയെ കോളജ് ഗെയിറ്റിൽ വച്ച് ആക്രമിച്ചത്. അവർ ചെയ്ത തെറ്റ് പ്രവേശനോത്സവത്തിന് എത്തിയ നവാഗതർക്ക് കോളജ് ഗെയ്റ്റിൽ വച്ച് മധുരം നൽകി എന്നത് മാത്രമാണ് .ഒരു തർക്കത്തിനും ആക്രമണത്തിനും പോയിട്ടല്ല ആ എസ്.എഫ്.ഐ പ്രവർത്തക ആക്രമിക്കപ്പെട്ടത്. എന്നിട്ടും ചാനൽ കാമറ കണ്ണുകൾ കണ്ണടച്ചു. ചാനൽ ജഡ്ജിമാർ തിരശ്ശീലക്ക് പിന്നിൽ ഒളിച്ചു. ആർക്കും ഒരു പ്രതിഷേധവുമില്ല. ഇതെവിടുത്തെ മാധ്യമ പ്രവർത്തനമാണ് ?

എസ്.എഫ്.ഐയെ ആക്രമിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കില്ല എന്നത് പരമ്പരാഗതമായി കുത്തക മാധ്യമങ്ങളുടെ അജണ്ടയാണ് അത് അവർ നടപ്പാക്കും. ഈ അജണ്ടക്ക് പിന്നിലെ താൽപ്പര്യം പ്രബുദ്ധരായ കേരള ജനതയാണ് തിരിച്ചറിയേണ്ടത്.

എസ്.എഫ്.ഐ പെട്ടന്ന് പൊട്ടി മുളച്ച ഒരു വിദ്യാർത്ഥി സംഘടനയല്ല. ത്യാഗനിർഭരമായ പോരാട്ടങ്ങളിലൂടെ കരുത്താർജിച്ച സംഘടനയാണത്. 33 രക്തസാക്ഷികളുടെ ചോര പടർന്ന നക്ഷത്രമാണ് ആ ശുഭ്ര പതാകയിലുള്ളത്. അഭിമന്യു ഉൾപ്പെടെ ആ 33 എസ്.എഫ്.ഐ പ്രവർത്തകരും എന്തിനു വേണ്ടിയാണ് ജീവൻ ബലി നൽകിയതെന്നത് ഈ നാടിനറിയാം.

വിദ്യാർത്ഥി സമൂഹം ഈ യാഥാർത്ഥ്യം തിരിച്ചറിയുന്നത് കൊണ്ടാണ് കേരളത്തിലെ വിദ്യാർത്ഥികളുടെ മുഴുവിൻ ജനാധിപത്യ വേദികളും എസ്.എഫ്.ഐക്ക് ഇപ്പോഴും ഭരിക്കാൻ കഴിയുന്നത്.

14 ലക്ഷത്തിന് മുകളിൽ അംഗസംഖ്യയുണ്ട് കേരളത്തിൽ മാത്രം ഇന്ന് എസ്.എഫ്.ഐക്ക്. ആ സംഘടനാ കര്യത്തിനെ തകർക്കാനുള്ള ശേഷിയൊന്നും ഇവിടുത്തെ ഒരു ശക്തിക്കുമില്ല. മാധ്യമ വിചാരണയാണ് ജനകീയ അഭിപ്രായത്തിന്റെ മാനദണ്ഡമെങ്കിൽ ചുവപ്പ് സൂര്യൻ ഒരിക്കലും കേരളത്തിൽ ഉദിക്കില്ലായിരുന്നു. അക്കാര്യം മാധ്യമ മുതലാളിമാരും ഓർക്കുന്നത് നല്ലതാണ്.

Express view

Top