എങ്ങനെ കയ്യടിക്കാതിരിക്കും, എം.ജിയിലും തകര്‍പ്പന്‍ വിജയം നേടി എസ്എഫ്‌ഐയുടെ തേരോട്ടം

കോട്ടയം: പൊരുതുന്ന സംഘടിത വിദ്യാര്‍ത്ഥി പ്രസ്ഥാനം അതിന്റെ കരുത്ത് വീണ്ടും കാട്ടി.

എം ജി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിലാണ് വിസ്മയിപ്പിക്കുന്ന പ്രകടനം എസ്എഫ്ഐ വീണ്ടും കാഴ്ച വെച്ചത്. ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, വൈസ്‌ചെയര്‍മാന്‍, ജോയിന്റ് സെക്രട്ടറി, അക്കൗണ്ട് കമ്മിറ്റി അടക്കം സമ്പൂര്‍ണ ആധിപത്യമാണ് എസ്എഫ്ഐ നേടിയത്.

ചെയര്‍മാനായി കെ എം അരുണും (എംജി സര്‍വകലാശാല എംഎ ഗാന്ധിയന്‍ സ്റ്റഡീസ് ഒന്നാംവര്‍ഷം) ജനറല്‍ സെക്രട്ടറിയായി എസ് ശില്‍പ്പ (ഭാരത്മാതാ കോളേജ് തൃക്കാക്കര ബി എ ഇംഗ്‌ളീഷ് സാഹിത്യം രണ്ടാംവര്‍ഷം)യും വിജയിച്ചു. അമല്‍കൃഷ്ണ (ന്യൂമാന്‍ കോളേജ് തൊടുപുഴ ബിഎ മലയാളം രണ്ടാംവര്‍ഷം), അജിത് കെ പത്മകുമാര്‍ (ഗുരുദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പുതുപ്പള്ളി, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ രണ്ടാം വര്‍ഷം), പ്രിയ എം പ്രസാദ്( മര്‍ത്തോമ കോളേജ് തിരുവല്ല, ബിഎ പൊളിറ്റിക്കല്‍ സയന്‍സ്) എന്നിവരാണ് വൈസ് ചെയര്‍ന്മാന്മാര്‍.

1

അര്‍ജു രവി ( ഗവ. കോളേജ് മൂന്നാര്‍, ബിഎസ്സി മാത്സ് രണ്ടാംവര്‍ഷം), ദയ സാബു (ഗവ. കോളേജ് കോട്ടയം, ബിഎ ഇംഗ്‌ളീഷ് സാഹിത്യം രണ്ടാംവര്‍ഷം) എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും വിജയിച്ചു. പതിനഞ്ചംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ 13 പേരും എസ്എഫ്ഐക്കാരാണ്. കെഎസ്‌യുവിന് രണ്ടുപേരെ മാത്രമാണ് വിജയിപ്പിക്കാനായത്.

എസ്എഫ്ഐ കോട്ടയം ജില്ലാപ്രസിഡന്റാണ് കെ എം അരുണ്‍. വൈക്കം കൊച്ചാലുങ്കല്‍ കെ ജി മധു സിന്ധു ദമ്പതികളുടെ മകനായ അരുണ്‍, ഡിവൈഎഫ്ഐ വൈക്കം മേഖലാ ജോയിന്റ് സെക്രട്ടറിയും സിപിഐ എം കോവിലകത്തുംകടവ് ബ്രാഞ്ചംഗവുമാണ്. എസ്എഫ്ഐ എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറിയായ എസ് ശില്‍പ്പ കളമശേരി ഇഎംഎസ് റോഡില്‍ കുണ്ടൂരക്കാട് ടി സുരേന്ദ്രന്‍ (സിപിഐ എം കളമശേരി ലോക്കല്‍കമ്മിറ്റിയംഗം)അല്ലി സുരേന്ദ്രന്‍ ദമ്പതികളുടെ മകളാണ്. ഡിവൈഎഫ്ഐ കളമശേരി ബ്‌ളോക്ക് കമ്മിറ്റിയംഗവും സിപിഐ എം ടിഒജി ബ്രാഞ്ചംഗവുമാണ്.

വ്യാഴാഴ്ചയായിരുന്നു സര്‍വകലാശാല അസംബ്ലി ഹാളില്‍ വെച്ച് വോട്ടെടുപ്പ് നടന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കോളേജുകളില്‍ നിന്നായി ആകെയുള്ള 290 കൗണ്‍സിലര്‍മാരില്‍ 239 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് ഇരുനൂറില്‍പ്പരം വോട്ടുകള്‍ നേടിയാണ് എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചത്.

കെഎസ്‌യു ജനറല്‍ സീറ്റിലേക്ക് മത്സരിച്ചെങ്കിലും കൗണ്‍സിലര്‍മാര്‍ ഇവരെ തിരസ്‌ക്കരിച്ചു. ഒരു കോളേജില്‍ നിന്നും കൗണ്‍സിലര്‍മാരെ വിജയിപ്പിക്കാന്‍ കഴിയാത്തതിനാല്‍ എബിവിപി മത്സരരംഗത്തുണ്ടായിരുന്നില്ല. മറ്റൊരു വര്‍ഗീയ സംഘടനയായ എംഎസ്എഫിന്റെ പത്രികകള്‍ തള്ളിപ്പോയി.

വിജയത്തില്‍ ആഹ്ലാദം അര്‍പ്പിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാല ക്യാമ്പസില്‍ പ്രകടനം നടത്തി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി എസ് ശരത്, സെക്രട്ടറിയറ്റംഗം സജിത് പി ആനന്ദ്, കോട്ടയം ജില്ലാസെക്രട്ടറി റിജേഷ് കെ ബാബു, എറണാകുളം ജില്ലാസെക്രട്ടറി ജുനൈദ്, ഇടുക്കി ജില്ലാസെക്രട്ടറി എം എസ് ശരത് എന്നിവര്‍ സംസാരിച്ചു.

2

എസ്എഫ്ഐക്ക് ഉജ്ജ്വലവിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസും സെക്രട്ടറി എം വിജിനും അഭിവാദ്യം ചെയ്തു.

ഇതോടെ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ മുഴുവന്‍ പൊതുജനാധിപത്യവേദികളും എസ്എഫ്‌ഐയുടെ നിയന്ത്രണത്തിലായിരിക്കുകയാണ്.

Top