വ്യാജ മാർക്ക് ലിസ്റ്റ് വിവാദം പ്രചരണായുധമാക്കിയിട്ടും, തകർപ്പൻ വിജയം നേടി എസ്.എഫ്.ഐ, അന്തംവിട്ട് എതിരാളികൾ

എന്തുകൊണ്ട് വീണ്ടും വീണ്ടും എസ്.എഫ്.ഐ ? രാഷ്ട്രീയ എതിരാളികൾക്ക് മാത്രമല്ല , മാധ്യമ പ്രവർത്തകരും , കുറേ കാലങ്ങളായി പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങളാണിത്. കേരളത്തിലെ കാമ്പസുകളിൽ, എസ്.എഫ്.ഐയുടെ തകർച്ച ആഗ്രഹിക്കുന്നവർ പോലും , ആ സംഘടനയുടെ കരുത്തിന് മുന്നിൽ ഇപ്പോൾ , അന്തംവിട്ടിരിക്കുകയാണ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെ വരെ , കടന്നാക്രമിച്ചും, മാധ്യമ വാർത്തകൾ ഉൾപ്പെടെ പ്രധാന പ്രചരണായുധമാക്കിയിട്ടും , സകല പ്രതികൂല സാഹചര്യങ്ങളെയും തകർത്തെറിഞ്ഞാണ്, കണ്ണൂർ സർവ്വകലാശാലാ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ , എസ്എഫ്ഐ തകർപ്പൻ വിജയം നേടിയിരിക്കുന്നത്.

കെഎസ്‌യുവും, എംഎസ്എഫും, എബിവിപിയും ഫ്രട്ടേണിറ്റി മൂവ്മെന്റും ഉൾപ്പെടെ , ചുവപ്പിന്റെ ശത്രുക്കൾ ഒറ്റക്കെട്ടായി പൊരുതിയിട്ടും , ഈ സാമ്പാറ് മുന്നണിയെയാണ് , എസ്.എഫ്.ഐ ഒറ്റയ്ക്ക് പൊരുതി, തകർത്ത് തരിപ്പണമാക്കിയിരിക്കുന്നത്. കണ്ണൂർ സർവ്വകലാശാലക്കു കീഴിൽ സംഘടന അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന … 73 കോളേജുകളിൽ, 55 ഇടത്തും, എസ്എഫ്ഐയാണ് വിജയിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലയിൽ 48 -ൽ 39 കോളജുകളിലും വിജയിച്ച എസ്.എഫ്.ഐ, കാസർഗോഡ് ജില്ലയിലെ 20-ൽ 13 കോളജുകളിലും വെന്നിക്കൊടി പാറിക്കുകയുണ്ടായി. വയനാട് ജില്ലയിൽൽ, 5 കോളജുകളിലാണ് തിരഞ്ഞെടുപ്പ് നടന്നിരുന്നത്. ഇതിൽ 3കോളേജുകളിലും , എസ്എഫ്ഐയാണ് വിജയിച്ചിരിക്കുന്നത്. സംഘപരിവാർ രാഷ്ട്രീയത്തെ എതിർക്കുന്നു എന്ന് അവകാശപ്പെടുന്ന കെ.എസ്.യുവിനും എം.എസ്.എഫിനും , എ.ബി.വി.പിയുമായി ധാരണയുണ്ടാക്കാൻ , ഒരു മടിയും ഉണ്ടായിരുന്നില്ല എന്നത് , അമ്പരിപ്പിക്കുന്ന കാര്യമാണ്. എസ്.എഫ്.ഐയെ തോൽപ്പിക്കാൻ , പല കാമ്പസുകളിലും, ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫും കോൺഗ്രസ്സ് വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവും കൂട്ട് പിടിച്ചിരിക്കുന്നത് , ആർ.എസ്.എസിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും വിദ്യാർത്ഥി സംഘടനകളെയാണ്. ഈ കൂട്ട് കെട്ട് സംഭവിച്ചില്ലായിരുന്നു എങ്കിൽ, പ്രതിപക്ഷ സംഘടനകളുടെ തോൽവിയും കൂടുതൽ കടുത്തതാകുമായിരുന്നു. തിരഞ്ഞെടുപ്പ് ചിത്രം നൽകുന്ന കണക്കുകളും , അതു തന്നെയാണ് സൂചിപ്പിക്കുന്നത്.

എസ്.എഫ്.ഐക്കെതിരായ മാധ്യമ വാർത്തകളാണ് , തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഈ സംഘടനകളെല്ലാം തന്നെ ഉപയോഗപ്പെടുത്തിയിരുന്നത്. ഇതിൽ… ആരോപണം ഉന്നയിച്ചവർക്കു തന്നെ, പിന്നീട് വീഴുങ്ങേണ്ടി വന്ന , എറണാകുളം മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റ് വിവാദവും ഉൾപ്പെടും. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോയെ അപകീർത്തിപ്പെടുത്താൻ, ബോധപൂർവ്വം കെട്ടിച്ചമച്ചതാണ് വ്യാജ മാർക്ക് ലിസ്റ്റെന്നത് , പൊലീസ് അന്വേഷണത്തിൽ തെളിയുകയും, പിന്നീട്, മഹാരാജാസ് പ്രിൻസിപ്പളും …കെ.എസ്.യു സംസ്ഥാന പ്രസിഡന്റും, മാധ്യമ പ്രവർത്തകയും ഉൾപ്പെടെ പ്രതിയാകുകയും ചെയ്ത കേസാണ് , വളച്ചൊടിച്ച്. .. എസ്.എഫ്.ഐക്കെതിരായി പ്രചരിപ്പിച്ചിരുന്നത്. ഇതിനു പുറമെ എസ്.എഫ്.ഐ യുടെ മുൻ പ്രവർത്തകർ ഉൾപ്പെട്ടെ , ചില ഒറ്റപ്പെട്ട സംഭവങ്ങളും , വലിയ രൂപത്തിൽ തന്നെ, മാധ്യമ വിർത്തകളുടെ പിൻബലത്തിൽ പ്രചരിപ്പിക്കുകയുണ്ടായി. എന്നാൽ …ഇതെല്ലാം തന്നെ, കണ്ണൂർ സർവ്വകലാശാലക്കു കീഴിലുള്ള കോളജുകളിലെ വിദ്യാർത്ഥി സമൂഹം തള്ളിക്കളഞ്ഞിരിക്കുകയാണ്.

കള്ള പ്രചരണത്തെ കള്ള പ്രചരണമായും , ഒറ്റപ്പെട്ട സംഭവങ്ങളെ ഒറ്റപ്പെട്ടതായും തന്നെ അവരും കണ്ടു. കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനയും, അതു തന്നെയാണ്. എസ്.എഫ്.ഐക്കെതിരെ ഉയർന്ന വിവാദ കൊടുങ്കാറ്റിനു ശേഷം, ആദ്യമായി നടന്ന തിരഞ്ഞെടുപ്പിൽ തന്നെ, വലിയ വിജയം നേടാൻ കഴിഞ്ഞത് , ഇനി നടക്കാനിരിക്കുന്ന എം.ജി , കാലിക്കറ്റ്, കേരള… സർവ്വകലാശാലകളിലെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പുകളെ നേരിടാൻ , എസ്.എഫ്.ഐക്ക് ആത്മവിശ്വാസം നൽകും. ഇപ്പോഴത്തെ പരാജയം , പ്രതിപക്ഷ സംഘടനകൾക്കു മാത്രമല്ല , വലതുപക്ഷ മാധ്യമ പ്രവർത്തകർക്കും വലിയ തിരിച്ചടിയാണ്. യൂണിവേഴ്സിറ്റി കോളജിലെ ചാപ്പകുത്ത് മുതൽ , മഹാരാജാസിലെ മാർക്ക് ലിസ്റ്റ് വിവാദം വരെ, എടുത്തിട്ട് പ്രയോഗിച്ചിട്ടും, എസ്.എഫ്.ഐയെ വീഴ്ത്താൻ, അവർക്കാർക്കും തന്നെ ഇതുവരെ സാധിച്ചിട്ടില്ല. ഒന്നാം പിണറായി സർക്കാറിന്റെ കാലത്താണ് , തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ചാപ്പകുത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നത്. മാർക്ക് ലിസ്റ്റ് വിവാദം പോലെ തന്നെ , ചാനലുകൾ എസ്.എഫ്.ഐയെ എടുത്തിട്ട് അലക്കിയ സംഭവമായിരുന്നു അത്. എന്നാൽ , ഇതിനു ശേഷം നടന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ , ചില ഇടതു സംഘടനകൾ പ്രതിപക്ഷത്തിനൊപ്പം ചേർന്നു മത്സരിച്ചിട്ടു പോലും , മുഴുവൻ സീറ്റിലും , വൻ ഭൂരിപക്ഷത്തിനു വിജയിച്ചിരുന്നത് എസ്.എഫ്.ഐയാണ്. പോരാളികളുടെ ഈ കാമ്പസ് ഇപ്പോഴും , എസ്.എഫ്.ഐയുടെ കോട്ടയായാണ് തുടരുന്നത്.

യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ് ഐക്കാർ , വെല്ലുവിളികളെ അതിജീവിച്ചതു പോലെ… ഇനി നടക്കാനിരിക്കുന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ , മഹാരാജാസിലെ പ്രവർത്തകരും അതിജീവിക്കുമെന്നാണ് , എസ്.എഫ്.ഐ നേതാക്കൾ അവകാശപ്പെടുന്നത്. എസ്.എഫ്.ഐയിൽ, അനവധി കാലങ്ങളായി വിദ്യാർത്ഥി സമൂഹം അർപ്പിച്ച വിശ്വാസമാണ്, കണ്ണൂർ സർവ്വകലാശാലയിൽ ഇപ്പോൾ, ഒരിക്കൽ കൂടി വ്യക്തമാക്കപ്പെട്ടിരിക്കുന്നത് എന്നാണ് , അവർ ചൂണ്ടിക്കാട്ടുന്നത്. എസ്.എഫ്.ഐ നേതാക്കളുടെ ഈ വാദത്തെ തള്ളിക്കളയാൻ , രാഷ്ട്രീയ കേരളത്തിനും കഴിയുകയില്ല. കാരണം , ഒറ്റക്കു നിന്ന് പൊരുതി നേടുന്ന ഈ വിജയങ്ങൾക്കു പിന്നിൽ എല്ലാം , എസ്.എഫ്.ഐ കഴിഞ്ഞ കാലങ്ങളിൽ നടത്തിയ , പോരാട്ടങ്ങുടെ ഒരു നീണ്ട ചരിത്രം കൂടിയുണ്ട്. ചോരയിൽ എഴുതിയ ചരിത്രമാണത്. വിദ്യാർത്ഥി സമൂഹത്തിനു വേണ്ടി എസ്.എഫ്.ഐ സഹിച്ച ത്യാഗമൊന്നും , കേരളത്തിലെ മറ്റൊരു വിദ്യാർത്ഥി സംഘടനയും സഹിച്ചിട്ടില്ല. അത് മറന്നൊരു വോട്ട് നൽകാൻ വിദ്യാർത്ഥി സമൂഹവും തയ്യാറല്ല. ഇപ്പോൾ കണ്ണൂർ അടയാളപ്പെടുത്തിയിരിക്കുന്നതും , അതു തന്നെയാണ് . . .

Express Kerala View

Top