കാലിക്കറ്റ് സർവകലാശാല സെനറ്റ്‌ തെരഞ്ഞെടുപ്പിൽ മിന്നും വിജയം സ്വന്തമാക്കി എസ്എഫ്ഐ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ കൗൺസിലിൽനിന്ന്‌ നടന്ന തെരഞ്ഞെടുപ്പിൽ പത്തിൽ ആറും നേടി എസ്എഫ്ഐക്ക് മികച്ച വിജയം. നാല് സീറ്റുകൾ എംഎസ്എഫ് നേടി. കഴിഞ്ഞ തവണയുണ്ടായിരുന്ന ഒരു സീറ്റ് കെഎസ് യുവിന് നഷ്‌ടപ്പെട്ടു.

കോഴിക്കോട് സാമൂരിൻസ് ഗുരുവായൂരപ്പൻ കോളേജ് സോഷ്യോളജി രണ്ടാം സെമസ്റ്റർ പി ജി വിദ്യാർഥി പി താജുദ്ദീൻ, കോഴിക്കോട് ലോ കോളേജ് മൂന്നാം വർഷ എൽഎൽബി മൂന്നാം സെമസ്‌റ്റർ വിദ്യാർഥി അക്ഷര പി നായർ, തൃശൂർ പൊയ്യ എഎം കോളേജ് ഓഫ് ലോ ബിബിഎ ഇന്റഗ്രേറ്റഡ് നാലാം സെമസ്റ്റർ വിദ്യാർഥിനി ബി എസ് ജ്യോത്സന, പാലക്കാട് ഷൊർണ്ണൂർ അൽ അമീൻ ലോ കോളേജ് ബിബിഎ എൽഎൽബി ഒന്നാം സെമസ്‌റ്റർ വിദ്യാർഥി ടി എം ദുർഗാദാസൻ, സുൽത്താൻ ബത്തേരി അൽഫോൺസ ആർട്സ് ആൻഡ്‌ സയൻസ് കോളേജ് ബിഎ ഫംഗ്ഷണൽ ഇംഗ്ലീഷ് നാലാം സെമസ്റ്റർ വിദ്യാർഥിനി കെ ആദിത്യ, കലിക്കറ്റ് സർവകലാശാല കായിക വിഭാഗം ഗവേഷകൻ സി എച്ച് അമൽ എന്നിവരാണ് വിജയിച്ച എസ്എഫ്ഐ സ്ഥാനാർഥികൾ.

പി താജുദ്ദീൻ എസ്‌എഫ്‌ഐ കോഴിക്കോട് ജില്ല പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവുമാണ്. അക്ഷര പി നായർ സംസ്ഥാന കമ്മിറ്റിയംഗവും മലപ്പുറം ജില്ല ജോയിന്റ്‌ സെക്രട്ടറിയുമാണ്. തൃശൂർ ജില്ലാ വൈസ് പ്രസിഡന്റാണ് ബി എസ് ജ്യോത്സന. പാലക്കാട് ജില്ല സെക്രട്ടറിയേറ്റംഗമാണ് ടി എം ദുർഗാദാസൻ. വയനാട് ജില്ല കമ്മറ്റിയംഗമാണ് കെ ആദിത്യ, എകെആർഎസ്എ സംസ്ഥാന ജോയിന്റ്‌ കൺവീനറാണ് സി എച്ച് അമൽ.

മലപ്പുറം എംസിടി കോളേജ് ഓഫ് ലീഗൽ സ്റ്റഡീസിലെ മൂന്നാം വർഷ എൽഎൽബി വിദ്യാർഥിനി റുമൈസ റഫീഖ്, മുക്കം മണാശ്ശേരി എംഎഎംഒ കോളേജിലെ ജി സഫിൽ, പാലക്കാട് കൊട്ടപ്പുറം സീഡാക്ക് കോളേജ് ഓഫ് ആർട്സ് ആൻഡ്‌ സയൻസ് രണ്ടാം സെമസ്റ്റർ എക്കണോമിക്സ് വിദ്യാർഥി കെ പി അമീൻ റാഷിദ്, കലിക്കറ്റ് സർവകലാശാല റഷ്യൻ ആൻഡ്‌ കമ്പാരറ്റീവ് ലിറ്ററേച്ചർ രണ്ടാം സെമസ്റ്റർ വിദ്യാർഥി എ റഹീസ് എന്നിവരാണ് വിജയിച്ച എംഎസ്എഫുകാർ.

എസ്എഫ്ഐ പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. സംസ്ഥാന സെക്രട്ടറി പി എം ആർഷോ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ അഫ്സൽ, കെ വി അനുരാഗ്, വി വിചിത്ര എന്നിവർ സംസാരിച്ചു.

Top