ചെങ്കൊടി പാറാത്ത സംസ്ഥാനങ്ങളിലും വിജയ ചരിത്രം രചിച്ച് എസ്.എഫ്.ഐ

എസ്.എഫ്.ഐയെ ഒരിക്കലും ഭരണകൂടങ്ങള്‍ നിസാരക്കാരായി കാണാറില്ല. കേരളത്തിലെ മാത്രം സ്ഥിതിയല്ലയിത് രാജ്യത്തെ ഭൂരിപക്ഷ സംസ്ഥാനങ്ങളിലും ചുവപ്പിന്റെ ശത്രുക്കള്‍ക്ക് വലിയ ആശങ്കയാണ് ഈ വിദ്യാര്‍ത്ഥി ശക്തിയിപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്.

കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ പൊതു ജനാധിപത്യ വേദികളും എസ്.എഫ്.ഐയാണ് നിലവില്‍ ഭരിക്കുന്നത്. അതില്‍ മുഴുവന്‍ യൂണിവേഴ്‌സിറ്റി യൂണിയനുകളും ബഹു ഭൂരിപക്ഷം കാമ്പസുകളും ഉള്‍പ്പെടും. മൃഗീയമായ ഒരാധിപത്യമാണത്. എതിരാളികള്‍ ബഹുദൂരം പിന്നിലാണ് എന്നതും എടുത്ത് പറയേണ്ട കാര്യമാണ്.

എസ്.എഫ്.ഐ യുടെ ഈ വിജയക്കുതിപ്പ് കേരളത്തിലോ ഏതാനും സംസ്ഥാനങ്ങളിലോ മാത്രമായി ഒതുങ്ങുന്നതല്ല. അതിപ്പോള്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ആ സംഘടന.

മോദിയുടെയും അമിത് ഷായുടെയും സ്വന്തം തട്ടകത്തില്‍ വിജയക്കൊടി പാറിക്കുകകൂടി ചെയ്തതോടെ ആര്‍.എസ്.എസ് നേതൃത്വവും ഗൗരവമായാണ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത്.

എ.ബി.വി.പി ഗുജറാത്ത് ഘടകത്തില്‍ ഒരു പൊളിച്ചെഴുത്ത് തന്നെ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിലാണ് എസ്.എഫ്.ഐ സഖ്യം അട്ടിമറി വിജയം നേടിയിരിക്കുന്നത്.

തെരെഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും എസ്.എഫ്.ഐ സഖ്യം വിജയിച്ചപ്പോള്‍ ഒറ്റ സീറ്റു പോലും എ.ബി.വി.പിക്ക് കിട്ടിയിട്ടില്ല. കാവിപ്പടയെ സംബന്ധിച്ച് അപ്രതീക്ഷിത പ്രഹരമാണിത്.

സി.പി.എമ്മിന് സംഘടനാപരമായി സ്വാധീനമില്ലാത്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ മുന്നേറ്റമാണ് എസ്.എഫ്.ഐ നടത്തി കൊണ്ടിരിക്കുന്നത്.

നിലവില്‍ ഡല്‍ഹി ജെ.എന്‍.യു, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്നിവ ഭരിക്കുന്നത് എസ്.എഫ്.ഐ സഖ്യമാണ്.

രാജസ്ഥാനില്‍ 41 കോളജുകളിലാണ് ഇത്തവണ എസ്.എഫ്.ഐ അട്ടിമറി വിജയം നേടിയിരിക്കുന്നത്. ഇതില്‍ 23 കോളജുകളിലും എസ്.എഫ്.ഐ ഒറ്റക്കാണ് യൂണിയന്‍ ഭരിക്കുന്നത്.

ബാക്കിയിടങ്ങളില്‍ പ്രസിഡന്റ് സ്ഥാനം ഉള്‍പ്പെടെയാണ് എസ്.എഫ്.ഐ പിടിച്ചെടുത്തിരിക്കുന്നത്.

മഹാരാഷ്ട്ര ഔറംഗബാദ് അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ മേജര്‍ സീറ്റുകളില്‍ വിജയിച്ചത് എസ്.എഫ്.ഐയാണ്. ഇവിടെ ബീഡ്, നന്ദേദ് ജില്ലകളില്‍ ഭൂരിപക്ഷം കോളജുകളിലും വിജയിച്ചത് എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളാണ്. ഡല്‍ഹിയില്‍ തന്നെ ജെ.എന്‍.യുവിന് പുറമെ അംബേദ്കര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലും മേജര്‍ സീറ്റുകളില്‍ എസ്.എഫ്.ഐയാണ് വിജയിച്ചിരിക്കുന്നത്.

എസ്.എഫ്.ഐ സ്ഥിരമായി വിജയിച്ചിരുന്ന ഹിമാചല്‍ പ്രദേശ് സര്‍വ്വകലാശാലയില്‍ കഴിഞ്ഞ 5 വര്‍ഷമായി തിരഞ്ഞെടുപ്പ് നടത്താറില്ല.എസ്.എഫ്.ഐ വിജയിക്കുമെന്ന് കണ്ട് തിരഞ്ഞെടുപ്പ് നടത്താത്ത സംസ്ഥാനങ്ങള്‍ വേറെയുമുണ്ട്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ ഡൂണ്‍ യൂണിവേഴ്‌സിറ്റിയില്‍ 2016 ലും 2017 ലും എസ്.എഫ്.ഐ ജയിച്ചതോടെ തിരഞ്ഞെടുപ്പ് തന്നെ നിലവില്‍ നടത്തുന്നില്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ മുഴുവന്‍ സീറ്റും തൂത്ത് വരുന്ന കരുത്താണ് ഇവിടെയും എസ്.എഫ്.ഐക്കുള്ളത്.

കര്‍ണ്ണാടക സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ മേജര്‍ സീറ്റുകള്‍ എസ്.എഫ്.ഐ പിടിച്ചെടുത്തതോടെയാണ് തിരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചിരിക്കുന്നത്.

സംഘടനാപരമായി എസ്.എഫ്.ഐക്ക് ശക്തമായ വേരോട്ടമുള്ള ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളിലും നിലവില്‍ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്ല. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക്, തോല്‍ക്കുമെന്ന് പേടിയുള്ളത് കൊണ്ടു മാത്രമാണ് ഈ സംസ്ഥാനങ്ങളില്‍ ഭരണകൂടം തിരഞ്ഞെടുപ്പ് നടത്താതിരിക്കുന്നത്.

അസമിലും നിലവില്‍ തിരഞ്ഞെടുപ്പില്ല. തിരഞ്ഞെടുപ്പ് നടന്നിരുന്ന സമയത്ത് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലും നിരവധി കോളജുകളിലും പ്രധാന സീറ്റുകളില്‍ വിജയിക്കാന്‍ എസ്.എഫ്.ഐക്കാണ് കഴിഞ്ഞിരുന്നത്.

ഹരിയാന, ബീഹാര്‍ സംസ്ഥാനങ്ങളിലും കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിപ്പോള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.

മമത ഭരണകൂടം അടിച്ചമര്‍ത്തല്‍ തുടര്‍ന്നിട്ടും കൊല്‍ക്കത്ത പ്രസിഡന്‍സി യൂണിവേഴ്‌സിറ്റി യൂണിയന്‍ തൂത്ത് വാരിയിരിക്കുന്നതും നിലവില്‍ എസ്.എഫ്.ഐ തന്നെയാണ്.

രണ്ട് വര്‍ഷമായി തിരഞ്ഞെടുപ്പ് നിര്‍ത്തിവച്ചിരുന്ന ജാദവ് പൂര്‍ യൂണിവേറ്റഴ്‌സിറ്റിയില്‍ ഫെബ്രുവരി 17 ന് ആണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.എസ്.എഫ്.ഐ യുടെ വലിയ ശക്തികേന്ദ്രമാണ് ഇപ്പോഴും ഈ ചുവന്ന കാമ്പസ്.

യു പിയിലും മധ്യപ്രദേശിലുമൊന്നും മുന്‍പത്തെ പോലെയുള്ള തിരഞ്ഞെടുപ്പല്ല ഇപ്പോള്‍ നടക്കുന്നത്. എന്നിട്ടും ചില കോളേജുകളില്‍ ജയിച്ചു കയറാന്‍ പ്രതികൂല സാഹചര്യത്തിലും എസ്.എഫ്.ഐക്ക് കഴിഞ്ഞിട്ടുണ്ട്.

രാജ്യത്ത് അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളില്‍ മാത്രമാണ് എസ്.എഫ്.ഐ ക്ക് സംഘടനാ സ്വാധീനം ഇല്ലാത്തത്. മറ്റിടങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍പോലും സ്വാധീനം ശക്തമാണ്.

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വളക്കൂറില്ലാത്ത മണ്ണിലാണ് സി.പി.എമ്മിന്റെ ഈ വര്‍ഗ്ഗ ബഹുജന സംഘടനയിപ്പോള്‍ മാസായി മാറിയിരിക്കുന്നത്. ഇതു തന്നെയാണ് ബി.ജെ.പിയെയും കോണ്‍ഗ്രസ്സിനെയുമെല്ലാം അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

ബൂര്‍ഷ്വ വിദ്യാര്‍ത്ഥി സംഘടനകളുടെ കഴിവുകേട് എന്നതിലുപരി എസ്.എഫ്.ഐ മുന്നോട്ട് വയ്ക്കുന്ന ആശയത്തിന്റെ വിജയമാണിത്. കാമ്പസുകളില്‍ എസ്.എഫ്.ഐ നടത്തുന്ന ഇടപെടലും പ്രക്ഷോഭങ്ങളുമെല്ലാം അതിശക്തമാണ്. ക്രൂരമായ മര്‍ദ്ദനങ്ങളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ഏല്‍ക്കേണ്ടി വരുന്നുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജെ.എന്‍.യു പ്രസിഡന്റിനു നേരെ നടന്ന ആക്രമണം.എസ്.എഫ്.ഐ ഡല്‍ഹി സംസ്ഥാന കമ്മറ്റി അംഗമായ ഐഷെ ഘോഷ് ഉള്‍പ്പെടെ ക്രൂരമായാണ് ഇവിടെ ആക്രമിക്കപ്പെട്ടിരുന്നത്.

ഈ ആക്രമണങ്ങളെയെല്ലാം കരുത്താക്കി മാറ്റിയാണ് എസ്.എഫ്.ഐ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.

വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കു വേണ്ടി എസ്.എഫ്.ഐയെ പോലെ പോരാടിയ മറ്റൊരു സംഘടനയും ഇന്ന് രാജ്യത്തില്ല. കാമ്പസിലും തെരുവിലും ചോര ചിന്തിയാണ് എസ്.എഫ്.ഐ അവകാശങ്ങള്‍ പിടിച്ചു വാങ്ങിയത്. ഈ പോരാട്ടത്തിനിടയില്‍ ആ സംഘടനക്ക് നഷ്ടപ്പെട്ടത് 120തിലധികം പ്രവര്‍ത്തകരെയാണ്. ഇതില്‍ 33 പേരും കേരളത്തില്‍ നിന്നുള്ളവരാണ്. ഭരണകൂടങ്ങളെ പോലും അമ്പരപ്പിക്കുന്ന കണക്കുകളാണിത്.

രാജ്യത്ത് 43 ലക്ഷമാണ് എസ്.എഫ്.ഐയുടെ നിലവിലെ അംഗസംഖ്യ. ഇത് ഇനിയും വര്‍ദ്ധിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണിപ്പോള്‍ ദേശീയ നേതൃത്വം.

Political Reporter

Top