ആ തെറ്റ് തിരുത്തണം, പക്ഷേ അതിന് ഒരു സംഘടനയെ മാത്രം വേട്ടയാടരുത്

പോരാളികളുടെ ക്യാമ്പസാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, അത് അന്നും ഇന്നും അങ്ങനെ തന്നെയാണ്. എന്നാല്‍ ആ ക്യാമ്പസിനും എസ്.എഫ്.ഐക്കും ഒരു ബാധ്യതയായിരിക്കുകയാണിപ്പോള്‍ കോളജിലെ യൂണിറ്റ് കമ്മറ്റി.

ഒരു വിദ്യാര്‍ത്ഥിയുടെ നെഞ്ചില്‍ കുത്തുന്ന തരത്തിലേക്ക് എസ്.എഫ്.ഐ നേതാക്കള്‍ മാറിയത് എന്തുകൊണ്ടാണ് ? ആരാണ് ഇതിനുള്ള അധികാരം യൂണിറ്റ് കമ്മറ്റിയിലെ സഖാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്? ഇക്കാര്യം പൊലീസ് പരിശോധിക്കുന്നതിന് മുന്‍പ് തന്നെ എസ്.എഫ്.ഐ നേതൃത്വമാണ് പരിശോധിക്കേണ്ടത്. യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടത്കൊണ്ടോ ആരെയെങ്കിലും പുറത്താക്കിയതുകൊണ്ടോ മാത്രം കാര്യമില്ല. തിരുത്തല്‍ നടപടി പോറലേറ്റ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ നിന്നുമാണ് തുടങ്ങേണ്ടത്.

എതിരാളികളുടെ കത്തിമുനയാല്‍ പിടഞ്ഞ് വീണ നിരവധി രക്തസാക്ഷികളുടെ പ്രസ്ഥാനമാണ് എസ്.എഫ്.ഐ. എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യു ഉള്‍പ്പെടെ നിരവധി ഉദാഹരണം നമുക്ക് മുന്നിലുണ്ട്. ഇപ്പോള്‍ യൂണിവേഴ്സിറ്റി കോളജില്‍ നെഞ്ചില്‍ കുത്തേറ്റ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലും എസ്.എഫ്.ഐക്കാരനാണ്. കുത്തിയവരും പ്രതിഷേധിച്ച് തെരുവിലിറങ്ങിയവരും എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്. തെറ്റ് യൂണിറ്റ് കമ്മറ്റിയിലെ നേതാക്കള്‍ക്ക് പറ്റി എന്നത് ഇതില്‍നിന്ന് തന്നെ വ്യക്തമാണ്.

രണ്ട് ഡിപ്പാര്‍ട്ട് മെന്റുകളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് സംഘടന ഉത്തരവാദിയായത് അത് യൂണിവേഴ്സിറ്റി കോളജ് ആയത് കൊണ്ട് മാത്രമാണ്. എസ്.എഫ്.ഐക്ക് മാത്രം സമ്പൂര്‍ണ്ണ ആധിപത്യമുള്ള കാമ്പസാണിത്. കുത്തേറ്റ വിദ്യാര്‍ത്ഥിക്ക് വേണ്ടി തെരുവിലിറങ്ങിയ പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ പറഞ്ഞതും തങ്ങള്‍ എസ്.എഫ്.ഐക്ക് എതിരല്ലെന്നാണ്. എസ്.എഫ്.ഐയെ വിട്ട് ഒരു കളിയുമില്ലന്ന് യൂണിയന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളും പറയുന്നു. പക്ഷേ കോളജിലെ യൂണിറ്റ് കമ്മറ്റിയിലെ നേതാക്കള്‍ ശരിയല്ലെന്നതാണ് ഒറ്റക്കെട്ടായ അവരുടെ നിലപാട്. ഈ വാക്കുകള്‍ എസ്.എഫ്.ഐ നേതൃത്വം മുഖവിലക്കെടുക്കുക തന്നെ വേണം.

യൂണിവേഴ്സിറ്റി കോളജില്‍ അടിക്കടി ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതിന് ശാശ്വതമായ ഒരു പരിഹാരമാണ് വേണ്ടത്. സംഘടനാപരമായ സംവിധാനം ഇതിനായി ഉപയോഗിക്കണം. സഖാക്കള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ സാധിക്കണം. വിദ്യാര്‍ത്ഥികളുടെ മനസ്സ് അറിയുന്നവന് മാത്രമേ അവരെ നയിക്കാനുള്ള അര്‍ഹതയുള്ളു. അവരുടെ പ്രശ്നങ്ങളും വിഷമങ്ങളും പരിഹരിക്കാനാണ് നേതൃത്വം ശ്രമിക്കേണ്ടത് അല്ലാതെ ആക്രമിക്കാനല്ല.

എസ്.എഫ്.ഐക്കാര്‍ മാത്രമുള്ള ക്യാമ്പസില്‍ എന്ത് തര്‍ക്കം ഉണ്ടായാലും അത് എസ്.എഫ്.ഐക്കാര്‍ തമ്മിലായിരിക്കും. അതിനാല്‍ തന്നെ തിരുത്തല്‍ നടപടിക്ക് ഉത്തരവാദിത്വവും വലുതാണ്. ഇവിടെ ആ ഉത്തരവാദിത്വം പാലിക്കുന്നതില്‍ യൂണിറ്റ് കമ്മറ്റി ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. ഇത്രയും കലിപ്പ് ഉണ്ടായിട്ടും സംഘടനയെ തള്ളിപ്പറയാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാവാത്തത് ശുഭ്ര പതാകയില്‍ അവര്‍ക്ക് ഇപ്പോഴും വിശ്വാസമുള്ളത് കൊണ്ട് മാത്രമാണ്. ആ വിശ്വാസം കാത്ത് സൂക്ഷിക്കാനുള്ള തിരുത്തല്‍ നടപടിയാണ് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം സ്വീകരിക്കേണ്ടത്. അതല്ലെങ്കില്‍ വലിയ വില എസ്.എഫ്.ഐക്ക് ഇനി നല്‍കേണ്ടി വരും.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യുടെ പോരാട്ട വീര്യത്തെ ഭയക്കുന്ന പ്രതിപക്ഷം ഇപ്പോള്‍ തന്നെ ഉണര്‍ന്നു കഴിഞ്ഞു. മാധ്യമ വിചാരണയും തുടങ്ങി കഴിഞ്ഞു. ഏതാനും ചില നേതാക്കള്‍ ചെയ്ത തെറ്റിന് കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനയാണ് വേട്ടയാടപ്പെടുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐക്കാര്‍ തമ്മിലടിച്ചാല്‍ മാത്രമേ അവിടെ കടന്ന് കയറാന്‍ കഴിയൂ എന്ന് നല്ലപോലെ പ്രതിപക്ഷത്തിനറിയാം. അതിന് അനുകൂലമായ സാഹചര്യം നിങ്ങളായിട്ട് ഒരുക്കി കൊടുക്കരുത്.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൊലീസിനോട് മുഖാമുഖം ഏറ്റുമുട്ടിയ പോരാട്ടവീര്യം ഇന്ന് സ്വന്തം നേതാക്കള്‍ക്കെതിരെ തിരിഞ്ഞത് ഞെട്ടിക്കുന്ന കാഴ്ച്ച തന്നെയാണ്. കേരളത്തിലെ സകല എസ്.എഫ്.ഐ പ്രവര്‍ത്തകരും ആ വീഡിയോ ദൃശ്യം കണ്ട് അമ്പരന്നുകാണും.

അണികള്‍ ഇഷ്ടപ്പെടാത്ത നേതാക്കളെ ഇനിയും ചുമക്കാന്‍ എസ്.എഫ്.ഐ തയ്യാറാകരുത്. വ്യക്തിയല്ല സംഘടന എന്ന പാഠം പഠിപ്പിച്ച സംഘടനയ്ക്ക് ചേരുന്ന ഏര്‍പ്പാടല്ല അത്. യൂണിവേഴ്സിറ്റി കോളജില്‍ മാത്രമല്ല, ഇത്തരം നേതാക്കള്‍ ഏതൊക്കെ ക്യാമ്പസുകളിലുണ്ടോ അവിടെയൊക്കെ തിരുത്തല്‍ നടപടികളും അനിവാര്യമാണ്. കാരണം കേരളത്തിലെ ബഹു ഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥികളുടേയും വികാരമാണ് എസ്.എഫ്.ഐ. മുഴുവന്‍ സര്‍വ്വകലാശാലാ യൂണിയനുകളും ബഹുഭൂരിപക്ഷം ക്യാമ്പസുകളും ഭരിക്കാന്‍ ഈ സംഘടനക്ക് കഴിയുന്നത് വിദ്യാര്‍ത്ഥികള്‍ നല്‍കിയ അകമഴിഞ്ഞ പിന്തുണയിലാണ്.

മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് സ്വപ്നം പോലും കാണാന്‍ പറ്റാത്ത നേട്ടമാണിത്. ഒരുപാട് പേരുടെ ത്യാഗങ്ങള്‍ ഈ വിജയങ്ങളുടെയെല്ലാം പിന്നിലുണ്ട്. ഈ യാഥാര്‍ത്ഥ്യം മറന്ന് എസ്.എഫ്.ഐ നേതാക്കളും പ്രവര്‍ത്തകരും പ്രവര്‍ത്തിക്കരുത്.അതാണ് രാഷ്ട്രീയ കേരളവും ആഗ്രഹിക്കുന്നത്.

Express View

Top