പഞ്ചായത്ത് ജീവനക്കാരൻ സെനറ്റിൽ; എം എസ് എഫിനെതിരെ എസ്എഫ്ഐ രജിസ്ട്രാർക്ക് പരാതി നൽകും

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ പഞ്ചായത്ത്‌ കരാർ ജീവനക്കാരൻ വിദ്യാർത്ഥി പ്രതിനിധിയായി ജയിച്ച സംഭവത്തിൽ എസ്എഫ്ഐ രജിസ്ട്രാർക്ക് പരാതി നൽകും. എം എസ് എഫ് നേതാവായ സെനറ്റ് അംഗം അമീൻ റാഷിദിനെതിരെയാണ് എസ്എഫ്ഐ പരാതി നൽകുക. അമീൻ റാഷിദിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. അമീൻ റാഷിദ് വിദ്യാർഥിയാണെന്ന് സാക്ഷ്യപെടുത്തിയ സീഡാക് കോളേജ് പ്രിൻസിപ്പലിനെതിരെയും പരാതി നൽകുമെന്ന് എസ്എഫ്ഐ നേതാക്കൾ വ്യക്തമാക്കി.

കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗത്വത്തിന് മുഴുവൻ സമയ വിദ്യാർത്ഥിയായിരിക്കണം എന്ന് നിബന്ധനയുണ്ട്. ഇത് ലംഘിച്ച് പഞ്ചായത്ത് കരാർ ജീവനക്കാരനായ റാഷിദ് സെനറ്റിലേക്ക് ജയിച്ചെന്നതാണ് പരാതി. കഴിഞ്ഞയാഴ്ചയാണ് കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ വിദ്യാര്‍ത്ഥി പ്രതിനിധികളായി അമീന്‍ റാഷിദ് അടക്കം നാല് പേരാണ് എംഎസ്എഫ് പാനലിൽ ജയിച്ചത്. കൊട്ടപ്പുറം സീ ഡാക് കോളേജില്‍ ഡിഗ്രി രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ് അമീൻ എന്നായിരുന്നു മത്സരിക്കാനുള്ള യോഗ്യതയായി സമർപ്പിച്ച രേഖ.

അമീന്‍ റാഷിദ് യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തില്‍ രണ്ട് വര്‍ഷമായി പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയില്‍ ജോലി ചെയ്തു വരികയാണ്. 2021ല്‍ പഞ്ചായത്തിലെ പ്രൊജക്റ്റ് അസിസ്ന്‍ന്റ് തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിച്ച അമീൻ റാഷിദിന് പിന്നീട് കരാറടിസ്ഥാനത്തില്‍ നിയമനം നല്‍കി പഞ്ചായത്ത് ഉത്തരവിറക്കി. ഇതു സംബന്ധിച്ച രേഖകളും പുറത്ത് വന്നു. മാസ ശമ്പളം കൈപ്പറ്റി കരാറിടസ്ഥാനത്തില്‍ ജോലി ചെയ്തയാള്‍ എങ്ങനെയാണ് വിദ്യാര്‍ത്ഥി പ്രതിനിധിയായി മത്സരിക്കുക എന്നാണ് എസ് എഫ് ഐയുടെ ചോദ്യം.

താൻ മുഴുവൻ സമയ വിദ്യാർത്ഥിയാണെന്നും ഒഴിവ് സമയത്ത് ജോലി ചെയ്ത് വരികയാണെന്നുമാണ് അമീൻ റാഷിദിന്റെ മറുപടി. സര്‍വകാശാലയില്‍ നല്‍കിയ രേഖകളില്‍ എല്ലാം വ്യക്തമാണെന്നും അമീന്‍ റാഷിദ് പറയുന്നു. പ്രൊജക്റ്റ് അസിസ്റ്റന്റ് എന്ന നിലയില്‍ മുഴുവന്‍ സമയ ജോലിയാണ് അമീന്‍ റാഷിദ് ചെയ്തിരുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ചില്‍ ഇയാളുടെ കാലാവധി നീട്ടി നല്‍കിയിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി അമീൻ റാഷിദ് ജോലിക്കെത്തിയിട്ടില്ലെന്നും തച്ചനാട്ടുകര പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

Top