ജിയോ ബേബിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്എഫ്‌ഐ; ഫറൂഖ് കോളേജില്‍ സാംസ്‌കാരിക കൂട്ടായ്മ ഇന്ന്

കോഴിക്കോട്: സംവിധായകന്‍ ജിയോ ബേബിക്ക് ഐക്യദാര്‍ഢ്യവുമായി എസ്എഫ്‌ഐ. കോഴിക്കോട് ഫറൂഖ് കോളേജിലെ പരിപാടിക്ക് ക്ഷണിച്ച ശേഷം ഒഴിവാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് ആണ് എസ്എഫ്‌ഐ നടപടി. ഇന്റെ ഭാഗമായി എസ്എഫ്‌ഐ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് കോളേജില്‍ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിക്കും.

കോളേജിന് മുന്നില്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി. അഞ്ചാം തീയതി നടക്കേണ്ട ഫിലിം ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിച്ച ശേഷം കോഴിക്കോട് എത്തിയപ്പോഴാണ് തന്നെ ഒഴിവാക്കിയ വിവരം അറിയിച്ചതെന്ന് ജിയോ ബേബി ആരോപിച്ചിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്റെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനമെന്നായിരുന്നു കോളേജ് മാനേജ്‌മെന്റിന്റെ വിശദീകരണം.

സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് ജിയോ ബേബിയുടെ തീരുമാനം. അതേസമയം നാളെ എസ്എഫ്‌ഐ യൂണിയന്‍ മടപ്പള്ളി കോളേജില്‍ സംഘടിപ്പിക്കുന്ന മാച്ചിനാരി ഫെസ്റ്റില്‍ ജിയോ ബേബി പങ്കെടുക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം. ആര്‍ഷോ അറിയിച്ചു.

Top