ജിയോ ബേബിക്കായി മടപ്പള്ളി കോളേജില്‍ വേദിയൊരുക്കി എസ്എഫ്‌ഐ; ഇന്ന് വിദ്യാര്‍ത്ഥികളുമായി സംവദിക്കും

കോഴിക്കോട്: ഫാറൂഖ് കോളേജില്‍ നിന്നും ദുരനുഭവം നേരിട്ട സംവിധായകന്‍ ജിയോ ബേബിക്ക് വേദിയൊരുക്കി എസ്എഫ്‌ഐ. കോഴിക്കോട് മടപ്പള്ളി കോളേജില്‍ ജിയോ ബേബി ഇന്ന് വിദ്യാര്‍ത്ഥികളുമായി സംവദിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് പരിപാടി. ഫാറൂഖ് കോളേജില്‍ നിന്നും അപമാനിക്കപ്പെട്ടതിന് പിന്നാലെ ജിയോ ബേബിക്ക് എസ്എഫ്‌ഐ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചിരുന്നു. സാധ്യമാകുന്ന ഇടങ്ങളിലെല്ലാം വേദിയൊരുക്കുമെന്നും എസ്എഫ്‌ഐ പ്രഖ്യാപിച്ചിരുന്നു.

ജിയോ ബേബിയുടെ ധാര്‍മിക മൂല്യങ്ങളുമായി ഫാറൂഖ് കോളേജ് പൊരുത്തപ്പെടുന്നില്ലെന്നും പരിപാടിയുമായി സഹകരിക്കുകയില്ലെന്നുമായിരുന്നു യൂണിയന്റെ വിചിത്ര വാദം. ഇതിന് പിന്നാലെയാണ് ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് പരിപാടി റദ്ദാക്കിയത്. പരിപാടി റദ്ദാക്കയിതും യൂണിയന്റെ മറുപടിയും തന്നെ അപമാനിതനാക്കുന്നുവെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജിയോ ബേബി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ജിയോ ബേബിക്കെതിരെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് കേള്‍ക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ടെന്നും. കോളേജ് യൂണിയന്‍ അല്ല ജിയോ ബേബിയെ അതിഥിയായി ക്ഷണിച്ചതെന്നും നവാസ് പ്രതികരിച്ചു

Top