ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള നിലപാട് തിരുത്തിയില്ലെങ്കില്‍ ഗവര്‍ണറെ തടയും: എസ്.എഫ്.ഐ

തിരുവനന്തപുരം: കേരള, കലിക്കറ്റ് സര്‍വകലാശാല സെനറ്റില്‍ അനധികൃതമായി കൈകടത്തല്‍ നടത്തുന്നാനുള്ള ശ്രമം അവനാനിപ്പിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള നിലപാട് തിരുത്തിയില്ലെങ്കില്‍ സര്‍വകലാശാലകളുടെ ചാന്‍സിലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കാത്ത നിലയില്‍ തടയുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ മാധ്യമങ്ങളോട് പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ മേഖലയെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള നീക്കത്തിനെതിരെ എസ്.എഫ്.ഐ ഏറ്റെടുത്ത പഠിപ്പ് മുടക്ക് സമരം വിദ്യാര്‍ഥികളാകെ ഏറ്റെടുത്തു. രാജ്ഭവനു മുന്നിലും മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും വന്‍വിദ്യാര്‍ഥി പ്രതിഷേധം നടന്നു. സമരത്തിന്റെ തുടര്‍ച്ചയായി വ്യാഴാഴ്ച്ച ഉന്നത വിദ്യാഭ്യാസ സംരക്ഷണ ദിനം ആചരിക്കും. കേരള, കലിക്കറ്റ് സര്‍വകലാശാല കേന്ദ്രങ്ങളില്‍ രാപ്പകല്‍ സമരവും സംസ്ഥാനത്തെ മുഴുവന്‍ ക്യാമ്പസുകളിലും പ്രതിഷേധ പരിപാടികളും നടക്കും. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള തീവ്രപരിശ്രമം നടക്കുമ്പോള്‍ കെ.എസ്.യു -എം.എസ്.എഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ബോധപൂര്‍വം കണ്ടില്ലെന്ന് നടിക്കുകയാണ്.

സംഘപരിവാറിനെതിരെ സമരം നയിക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നല്‍കിയതിന്റെ ഭാഗമായാണ് കെഎസ്യു സമര രംഗത്തില്ലാത്തതെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസും ആര്‍എസ്എസും തയ്യാക്കിയ ധാരണയുടെ ഭാഗായാണിതെന്നും ആര്‍ഷോ പറഞ്ഞു.

Top