കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ അഴിച്ചുമാറ്റിച്ച ബാനർ വീണ്ടും കെട്ടി എസ്എഫ്ഐ

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ അഴിച്ചുമാറ്റിച്ച ബാനർ വീണ്ടും കെട്ടി എസ്എഫ്ഐ പ്രവർത്തകർ. ഗവർണർക്കെതിരെ ഉയർത്തിയ ബാനർ ഗവർണർ നേരിട്ടിറങ്ങിയാണ് പൊലീസിനെക്കൊണ്ട് അഴിപ്പിച്ചത്. ഈ ബാനറുകളാണ് എസ്എഫ്ഐ സെക്രട്ടറി പി.എം.ആർഷോയുടെ നേതൃത്വത്തിൽ തിരിച്ചുകെട്ടിയത്. പൊലീസ് ബാരിക്കേഡിന് മുകളിൽ കയറിനിന്നാണ് ബാനർ കെട്ടിയത്. ഇതിനിടെ എസ്എഫ്ഐ പ്രവർത്തകർ പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗവർണർക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ബാനർ കെട്ടിയത്.

‘‘ആരിഫ് മുഹമ്മദ്ഖാൻ കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധനാണ്. ക്ഷമയുടെ നെല്ലിപ്പലക കണ്ടുകൊണ്ടാണ് എസ്എഫ്ഐ നിൽക്കുന്നത്. സമരം അക്രമത്തിലേക്ക് കടക്കാനാണ് ഗവർണർ ആഗ്രഹിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാനെ അനുകൂലിച്ച് ആർഎസ്എസ് സ്ഥാപിച്ച ബാനർ കത്തിക്കും. പൊലീസ് സുരക്ഷയുമായി ബദ്ധപ്പെട്ട കാര്യങ്ങൾ നോക്കിയാൽ മതി. കുനിയാൻ പറഞ്ഞാൽ കിടക്കുന്ന പൊലീസുകാർ ഈ കൂട്ടത്തിൽ ഉണ്ട്. ആരിഫ് മുഹമ്മദ് ഖാൻ വന്നിട്ട് ബാത്റൂം കഴുകിത്തരാൻ പറഞ്ഞാൽ പോയി കഴുകിയിട്ട് പൊലീസിന്റെ അന്തസ്സ് കളയുന്ന പണി എടുക്കാൻ നിൽക്കരുത് എന്നാണ് പറയാനുള്ളത്.’’– ആർഷോ പറഞ്ഞു.

Top