ചുമതലയേൽക്കാനെത്തിയ വിസിയെ എസ്എഫ്‌ഐ തടഞ്ഞു; പ്രതിഷേധം

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ചുമതലയേറ്റെടുക്കാനെത്തിയ ഡോ. സിസ തോമസിനെതിരെ പ്രതിഷേധം. എസ്എഫ്‌ഐ പ്രവർത്തകർ സിസയെ തടഞ്ഞു. തുടർന്ന് പൊലീസിന്റെ സഹായത്തോടെയാണ് സിസ തോമസ് സാങ്കേതിക സർവകലാശാല വിസിയുടെ ഓഫീസിലെത്തിയത്.

സിസ തോമസ് ക്യാമ്പസിലേക്ക് എത്തിയ സമയം മുതൽ വൻ പ്രതിഷേധം ഉണ്ടായിരുന്നു. പൊലീസ് സംരക്ഷണത്തിലാണ് സിസ കെടിയു ക്യാമ്പസിലേക്ക് എത്തിയത്. കാറിലെത്തിയ സിസ തോമസിനെ ഗേറ്റിൽ വെച്ച് എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞു.

തുടർന്ന് പൊലീസ് വലയം തീർത്ത് കാറിൽ നിന്നും കാൽനടയായിട്ടാണ് ക്യാമ്പസിലേക്ക് കയറിയത്. പ്രതിഷേധം പ്രതീക്ഷിച്ചതാണെന്ന് സിസി തോമസ് പറഞ്ഞു. സർവകലാശാല ജീവനക്കാരും തടഞ്ഞവരിൽ ഉൾപ്പെടുന്നു. കുട്ടികൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്നത് ചെയ്യുമെന്നും സിസ തോമസ് പറഞ്ഞു.

ഗവർണറുടെ ഉത്തരവ് പാലിക്കേണ്ടത് തന്റെ കടമയാണെന്ന് സിസ തോമസ് പറഞ്ഞു. ഇത്രയും പ്രധാനപ്പെട്ട ഒരു സർവകലാശാലയിൽ വിസി ഇല്ലാതിരിക്കുന്നത് നല്ലതല്ല. തന്റേത് താൽക്കാലിക ചുമതലയാണ്. പുതിയ വിസി വരുന്നതുവരെയുള്ള അധികചുമതല മാത്രമാണുള്ളത്. പുതിയ വിസി വരുന്നതുവരെ പദവിയിൽ തുടരാൻ തന്നെയാണ് തീരുമാനമെന്ന് സിസ തോമസ് പറഞ്ഞു.

സർക്കാർ നൽകിയ പേര് തള്ളിയാണ് ഡോ. സിസ തോമസിന് ഗവർണർ കെടിയു വിസിയുടെ താൽക്കാലിക ചുമതല നൽകിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ ആണ് ഡോ. സിസ തോമസ്.ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകാനായിരുന്നു സർക്കാർ ശുപാർശ നൽകിയിരുന്നത്.

Top