ഗവര്‍ണര്‍ക്കെതിരെയുള്ള sfi പ്രതിഷേധം, പൊലീസിന് വീഴ്ചയുണ്ടായെന്ന് രാജ്ഭവന്‍

വര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്‌ഐ പ്രതിഷേധത്തില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് രാജ്ഭവന്‍. നടന്നത് ഗുരുതര പ്രോട്ടോക്കോള്‍ ലംഘനം, പ്രോട്ടോക്കോള്‍ ലംഘനത്തില്‍ പൊലീസ് നടപടി പരിശോധിച്ച ശേഷം രാജ്ഭവന്‍ ഇടപെടുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ രാജ്ഭവന്‍ ഇടപെടല്‍ ഉണ്ടാകില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടാന്‍ സാധ്യതയുണ്ട്.

നിലവില്‍ പൊലീസിന് സുരക്ഷ വീഴ്ചയുണ്ടായെന്ന് വിലയിരുത്തല്‍ കൂടി രാജ്ഭവന് ഉണ്ട്. ഗവര്‍ണറെ തടഞ്ഞുനിര്‍ത്തുന്നതിനപ്പുറം ആക്രമിക്കാന്‍ കൂടി ശ്രമിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു. അവസാന നിമിഷം റൂട്ട് മാറ്റിയിട്ടും പ്രതിഷേധങ്ങള്‍ എങ്ങനെയുണ്ടായെന്ന് രാജ്ഭവന്‍ ആശങ്കയോടുകൂടിയാണ് കാണുന്നത്. സംസ്ഥാനത്ത് ഗവര്‍ണര്‍ക്ക് സഞ്ചരിക്കാനും സുരക്ഷയും അടക്കമുള്ള ആശങ്ക സര്‍ക്കാരിനെ രാജ്ഭവന്‍ അറിയിക്കും. 11 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

അതേസമയം, ഗവര്‍ണറുടെ വാഹനം എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമത്തിച്ചതില്‍ വിശദ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി. വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. ബേക്കറി ജങ്ഷന് സമീപത്തുവച്ച് ഗവര്‍ണറുടെ വാഹനത്തിന് മുന്നിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എടുത്തുചാടുകയും വാഹനം നിര്‍ത്തിയപ്പോള്‍ വാഹനത്തില്‍ പ്രവര്‍ത്തകര്‍ അടിയ്ക്കുകയും ഗവര്‍ണറെ കരിങ്കൊടി കാണിക്കുകയുമായിരുന്നു.

Top