ഓണ്‍ലൈന്‍ പഠന സമ്പ്രദായം; നീക്കം അംഗീകരിക്കില്ലെന്ന് എസ്എഫ്‌ഐ

online-visa

ന്യൂഡല്‍ഹി: ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നിലവിലുള്ള പഠന സമ്പ്രദായത്തില്‍ നിന്ന് ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് ചുവടു മാറ്റാനുള്ള ഔപചാരികമാക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് എസ്എഫ്‌ഐ. ഇത്തരം അപകടകരമായ അജണ്ട കേന്ദ്ര സര്‍ക്കാരിന് മുമ്പുതന്നെയുണ്ട്. വിദ്യാഭ്യാസത്തെ കമ്പോളവല്‍ക്കരിക്കാനും ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കാനുമുള്ള വലിയ പദ്ധതിയുടെ ഭാഗമായ ഈ നീക്കം അനുവദിക്കില്ലെന്നും എസ്എഫ്‌ഐ പ്രസ്താവനയില്‍ പറയുന്നു.

നിയന്ത്രണങ്ങള്‍ അവസാനിക്കുമ്പോള്‍ ഒരു സെമസ്റ്റര്‍ കാലയളവ് അധികം നല്‍കി ക്ലാസുകള്‍ പുനഃരാരംഭിക്കണമെന്ന് പ്രസിഡന്റ് വി പി സാനുവും ജനറല്‍ സെക്രട്ടറി മയൂഖ് ബിശ്വാസും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അക്കാദമിക് പ്രവര്‍ത്തനം പൂര്‍ണമായി ഓണ്‍ലൈനിലേക്ക് മാറുന്നതിന് ഒരു സംസ്ഥാനവും സാങ്കേതികമായും അടിസ്ഥാന സൗകര്യങ്ങളിലും സജ്ജമല്ല.

രാജ്യത്തെ 11 ശതമാനം വീടുകളിലാണ് കമ്പ്യൂട്ടറുള്ളത്. അതില്‍ 25 ശതമാനത്തിനുമാത്രമാണ് ഇന്റര്‍നെറ്റ് സേവനം ഉള്ളത്. അന്താരാഷ്ട്ര തലത്തിലെ പഠനങ്ങള്‍ ഔപചാരിക സമ്പ്രദായത്തിനു പകരം ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഫലപ്രദമല്ലെന്ന് എസ്എഫ്‌ഐ ചൂണ്ടിക്കാട്ടുന്നു.

സാമൂഹിക സാഹചര്യങ്ങളും വലിയ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വീട്ടില്‍ ഇരുന്ന് ക്ലാസുകളില്‍ പങ്കെടുക്കുന്നതിന് തടസമാകും. കശ്മീരില്‍ ഇപ്പോഴും ഇന്റര്‍നെറ്റ് സേവനം പൂര്‍വ്വസ്ഥിതിയിലായിട്ടില്ല. ജനകീയ പ്രതിഷേധങ്ങളെ തടയാന്‍ പല സംസ്ഥാനങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടയുന്നുണ്ട്. പല നഗരങ്ങളില്‍ പോലും തുടര്‍ച്ചയായി ഇന്റര്‍നെറ്റ് സേവനം ലഭിക്കുന്നില്ലെന്നും പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Top