കൊല്ലം: എസ്.എഫ്.ഐ പ്രവര്‍ത്തകനെ മുഖംമൂടി സംഘം മര്‍ദ്ദിച്ചതായി പരാതി. കൊല്ലം ശ്രീനാരായണാ കോളേജിലെ മൂന്നാം വര്‍ഷ പൊളിറ്റിക്സ് വിദ്യാര്‍ഥി അരുണ്‍ കൃഷ്ണനാണ് മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ അരുണ്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. എസ്.എഫ്.ഐ അഞ്ചാലും മൂട് ഏരിയ കമ്മിറ്റിയംഗമാണ് അരുണ്‍ കൃഷ്ണന്‍.
രാവിലെ പത്ത് മണിക്ക് കേളേജിലേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കുമ്പോഴാണ് പത്തംഗ സംഘം മാരകായുധങ്ങളുമായി അരുണിനെ ആക്രമിച്ചത്. രണ്ടുപേര്‍ ചേര്‍ന്ന് ആളൊഴിഞ്ഞ ഭാഗത്ത് കൊണ്ട് പോയ ശേഷമായിരുന്നു മര്‍ദ്ദിച്ചതെന്ന് അരുണ്‍ കൃഷ്ണന്‍ പറഞ്ഞു. ഇരുമ്പ് പൈപ്പ് കൊണ്ട് മര്‍ദ്ദിക്കുകയും വാളുകൊണ്ട് വെട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തതായി അരുണ്‍ പൊലീസിനോട് പറഞ്ഞു. പൈപ്പ് കൊണ്ടുള്ള മര്‍ദ്ദനത്തില്‍ മുതുകിനും കഴുത്തിനും പരുക്ക് പറ്റിയിട്ടുണ്ട്.
മര്‍ദ്ദിക്കുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. മുഖം മൂടി ധരിക്കാത്ത ഒരാളെ കണ്ടാല്‍ തിരിച്ചറിയുമെന്ന് അരുണ്‍ കൃഷ്ണന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും മര്‍ദിച്ച് അവശനാക്കിയ ശേഷം കൈയ്യില്‍ രാഖി കെട്ടാന്‍ ശ്രമം നടന്നതായും അരുണ്‍ കൃഷ്ണന്‍ പറഞ്ഞു. അഞ്ചാലുംമൂട് പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


