മനോരമ പത്രാധിപരെ കളിയാക്കി എസ്.എഫ്.ഐ നേതാവിന്റെ പോസ്റ്റ്

സ്വാതന്ത്ര്യദിനത്തില്‍ ഡി. വൈ. എഫ്. ഐ പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നത് വിജയിപ്പിക്കാന്‍ ഡി. വൈ. എഫ്. ഐ തന്നെ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന മനോരമ ദിനപത്രത്തിലെ വാര്‍ത്തയ്‌ക്കെതിരെ പരിഹാസവുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ ദേവ്. വാര്‍ത്തയുമായി ബന്ധപ്പെട്ട് സച്ചിന്‍ ദേവ് മനോരമ പത്രാധിപര്‍ക്ക് കത്ത് രൂപത്തിലാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്

സച്ചിന്‍ ദേവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം…

പ്രിയപ്പെട്ട മനോരമ പത്രാധിപര്‍ക്ക് ,

വളരെ കൗതുകമുണര്‍ത്തുന്ന ഒരു വാര്‍ത്ത ഇന്ന് പ്രസിദ്ധീകരിച്ച അങ്ങയുടെ പത്രത്തില്‍ ‘ദര്‍ശിച്ചതിന്റെ’ ആവേശത്തോടെയാണ് ഈ കത്തെഴുതുന്നത്. സ്വാതന്ത്ര്യദിനത്തില്‍ ഡി. വൈ. എഫ്. ഐ പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നത് വിജയിപ്പിക്കാന്‍ ഡി. വൈ. എഫ്. ഐ തന്നെ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന അത്യന്തം ഞെട്ടിപ്പിക്കുന്നതും സ്‌ഫോടനാത്മകവുമായ വാര്‍ത്ത പുറംലോകത്തെത്തിച്ച നിങ്ങളുടെ ലേഖകനെ മുറുക്കിപിടിച്ച് ആശ്ലേഷിക്കുന്നു.

അങ്ങയുടെ പത്രത്തിന്റെ വിശ്വപ്രസിദ്ധമായ അന്വേഷണാത്മക പത്രപ്രവര്‍ത്തന ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ ഈ വാര്‍ത്ത കൂടി ഇടം പിടിക്കും, തീര്‍ച്ച !

മറ്റൊരു വിഷയത്തിലേക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കുക എന്നതാണ് ഈ കത്തിന്റെ ഉദ്ദേശം.നാളെ സ്വതന്ത്രദിനത്തില്‍ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയും ഓണ്‍ലൈനായി വിദ്യാര്‍ത്ഥികളെ അണിനിരത്തികൊണ്ട് ‘രാജ്യരക്ഷാപ്രതിജ്ഞ’ സംഘടിപ്പിക്കുന്നുണ്ട്.
പരിപാടി വിജയിപ്പിക്കാന്‍ വേണ്ടി ജില്ലാ-ഏരിയ തലത്തില്‍ ക്വോട്ട നിശ്ചയിച്ച് നല്‍കിയതായി ഒരു രഹസ്യവിവരമുണ്ട്.അങ്ങ് ഒന്ന് ആളെവിട്ട് അന്വേഷിക്കണം. പറ്റുമെങ്കില്‍ വര്‍ത്തയാക്കണം, വെളിച്ചം കാണിക്കണം.(ഇന്നത്തെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ലേഖകനെ തന്നെ അയക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ ).

എസ്.എഫ്.ഐ പരിപാടി വിജയിപ്പിക്കാന്‍ ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് മറ്റ് വഴികളില്ലാതായതോടെയാണ് ജില്ലാ കമ്മിറ്റികളെ ചുമതലയേല്‍പ്പിച്ചതെന്നാണ് സൂചന.അല്ലെങ്കിലും ‘സൂചന’കളെ പറ്റി നിങ്ങള്‍ അറിയാതിരിക്കില്ലെന്നറിയാം.സൂചിപിച്ചുവെന്ന് മാത്രം !

ഫേസ്ബുക്കില്‍ ഡിസ്ലൈക്ക് ഓപ്ഷന്‍ ഉണ്ടെന്ന് കണ്ടുപിടിച്ച അങ്ങയുടെ ലേഖകനോടുള്ള കടപ്പാട് പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്.മറ്റൊരു ഉപകാരം കൂടി അങ്ങ് ഞങ്ങള്‍ക്കായി ചെയ്തുതരണം.നാളത്തെ ഡി.വൈ.എഫ്.ഐ പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിക്കാന്‍ പോകുന്നതേതല്ലാം വിഷയങ്ങളിലാണെന്ന് കൃത്യമായി പത്രത്തില്‍ എഴുതികണ്ടു. നാളത്തെ ഞങ്ങളുടെ പരിപാടിയുടെ ഉദ്ഘാടനപ്രസംഗവും ഒന്ന് ചോര്‍ത്തി തരണം.

മറക്കരുത്, നാളെ വൈകുന്നേരം നാല് മണിക്കാണ് പരിപാടി.രണ്ട് ലക്ഷം വിദ്യാര്‍ത്ഥികളെ അണിനിരത്തിക്കൊണ്ടാണ് രാജ്യരക്ഷാ പ്രതിജ്ഞയെടുക്കുന്നത്.എണ്ണത്തില്‍ വരുന്ന കുറവുള്‍പ്പെടെ എണ്ണിതിട്ടപ്പെടുത്താന്‍ നിങ്ങളുടെ സഹായസഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് നിര്‍ത്തുന്നു

സ്‌നേഹപൂര്‍വ്വം
കെ.എം സച്ചിന്‍ദേവ്

Top