കെ.എസ്.യു ‘നോമിനേഷൻ’ കളിയാക്കി എസ്.എഫ്.ഐ നേതാവിന്റെ പോസ്റ്റ് !

തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പ് പോലും നടത്താതെ, നോമിനേഷന്‍ പ്രക്രിയ വഴി കെ.എസ്.യു നേതാക്കളെ തിരഞ്ഞെടുക്കാനുള്ള കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ നീക്കത്തെ കളിയാക്കി, എസ്.എഫ്.ഐ സംസ്ഥാന അദ്ധ്യക്ഷയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.

പൂര്‍ണ്ണമായും വിദ്യാര്‍ത്ഥികളില്‍ നിന്നും ഒറ്റപ്പെട്ട കെ.എസ്.യുവില്‍ അടിമുടി മാറ്റമുണ്ടാക്കുമെന്ന് അവകാശപ്പെടുന്നവര്‍, ജനാധിപത്യപരമായി സംഘടനാ സമ്മേളനങ്ങള്‍ ചേരാനോ തെരെഞ്ഞെടുപ്പ് നടത്തി, പുതിയ ജില്ലാ – സംസ്ഥാന നേതാക്കളെ തെരെഞ്ഞെടുക്കാനോ പോലും തയ്യാറാകുന്നില്ലന്നും, ആ പ്രസ്ഥാനം ഇന്ന് അപമാനകരമായ അന്ത്യത്തോട് അടുക്കുകയാണെന്നുമാണ് എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷ അനുശ്രീ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ:-

മരുന്നിന് പോലും മരുന്നില്ലാതെ മുറിവും പേറി നടക്കുന്നോര്‍ ??

കോഴിക്കോട് കൊട്ടിഘോഷിച്ച് ചേര്‍ന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലെടുത്ത പ്രധാന തീരുമാനങ്ങളിലൊന്ന്, വിദ്യാര്‍ത്ഥികളില്‍ നിന്ന് പൂര്‍ണ്ണമായും ഒറ്റപ്പെട്ട KSUവിനെ പുനഃസംഘടിപ്പിക്കാനുള്ള തീരുമാനമാണത്രേ. പ്രവര്‍ത്തനഘട്ടങ്ങളില്‍ ഒരിടത്ത് പോലും അവകാശപ്പെടാനാവാത്ത ജനാധിപത്യമൂല്യത്തെ അഞ്ചാണ്ടുകള്‍ക്കപ്പുറം ഓര്‍ത്തെടുക്കുകയാണ് KSU. അടിമുടിമാറ്റം അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് എത്തിനില്‍ക്കുന്ന സമാധാനകാംഷികള്‍ തങ്ങളുടെ പ്രവര്‍ത്തകരുടെ അതൃപ്തികള്‍ക്ക്, ആശങ്കകള്‍ക്ക്, ആവശ്യങ്ങള്‍ക്ക് വലിയൊരു ഇടവേളയ്ക്ക് ശേഷം കാതുകൊടുക്കാന്‍ തയ്യാറാവുന്നു എന്നതാണ് കരുതുന്നതെങ്കില്‍ തെറ്റ്, ജനാധിപത്യപരമായി സംഘടനാ സമ്മേളനങ്ങള്‍ ചേരാനോ, തെരഞ്ഞെടുപ്പ് നടത്തി പുതിയ ജില്ലാ സംസ്ഥാന നേതൃത്വങ്ങളെ തെരഞ്ഞെടുക്കാനോ തങ്ങള്‍ ഒരുക്കമല്ലെന്നും ജാള്യതയില്ലാതെ തുറന്നടിക്കുകയാണിവര്‍.  തങ്ങളെ നയിക്കേണ്ട നേതൃത്വത്തെ തിരഞ്ഞെടുക്കാനുള്ള പ്രവര്‍ത്തകരുടെ അവകാശത്തെ പോലും ഹനിക്കുന്ന ഇത്തരം നിലപാട് ജനാധിപത്യ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാര്‍ത്ഥി സംഘടനയ്ക്ക് യോജിച്ചതല്ല.
സ്വന്തം രാഷ്ട്രീയ പൈതൃകത്തെ, ഇന്നലെകളെ വിസ്മരിച്ച ഈകൂട്ടരുടെ പേക്കൂത്തുകള്‍ക്ക് പരവതാനി വിരിക്കുന്ന മാധ്യമ കൂട്ടങ്ങളൊന്നും ജനാധിപത്യ പ്രക്രിയ അടിയറവുവെച്ച ഈ രാഷ്ട്രീയ ബോധത്തെ അവലോകനം ചെയ്യുന്നില്ല എന്നതും ഖേദകരം. എന്നിട്ടും ചര്‍ച്ചയും ആശങ്കയും sfi പരിപാടികളിലെ വിദ്യാര്‍ത്ഥി പങ്കാളിത്തത്തെ പറ്റിയാണ്.  കൊന്നിട്ടും കൊതിതീരാത്ത കൂട്ടരൊക്കെയും തെരുവില്‍ കൊലവിളി മുദ്രാവാക്യമുയര്‍ത്തുമ്പോഴും, രക്തസാക്ഷിയുടെ മാറിടത്തിലെ മുറിവിന്റെ ആഴം അളക്കുമ്പോഴും ചോദ്യം കുത്തിയതല്ലല്ലോ മരിച്ചുപോയതല്ലേ തെറ്റ് എന്നതാണ്. സംഘടനയ്ക്കുള്ളിലെ  ജനാധിപത്യവേദികളെ, രാഷ്ട്രീയത്തെ, മാനവികതയെ, സംവാദാത്മകതയെ, പണയംവെച്ചിരിക്കുകയാണ് KSU. വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാനോ, വിദ്യാര്‍ത്ഥികളെയും നാടിനെയും ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടാനോ, ജനാധിപത്യപരമായി സംഘടനാ സമ്മേളനങ്ങള്‍ വിളിച്ച് ചേര്‍ക്കാനോ, നേതൃത്വത്തെ തെരഞ്ഞെടുക്കാനോ പോലും ശേഷിയില്ലാത്ത കെ എസ് യു അപമാനകരമായ അന്ത്യത്തോടടുക്കുകയാണ്. വര്‍ത്തമാന കാലത്തിലെ ഇന്ത്യാ രാജ്യം നേരിടുന്ന വര്‍ഗീയത, കേന്ദ്രീകരണം, കച്ചവടവല്‍ക്കരണം തുടങ്ങിയ വെല്ലുവിളികളെ ഇക്കൂട്ടര്‍ എങ്ങനെ അഭിസംബോധന ചെയ്യുമെന്നാണ് കരുതുന്നത്?  ഏറ്റവും കുറഞ്ഞത് സ്വന്തം സംഘടനയ്ക്ക് ഉള്ളിലെ മുറിവിന് മരുന്ന് പകരാനെങ്കിലും തയ്യാറായിക്കൂടെ?  നിങ്ങളുടെ അവശേഷിക്കുന്ന പ്രവര്‍ത്തകരെ കൂടി ജനാധിപത്യ വിരുദ്ധതയാല്‍ ശ്വാസം മുട്ടിച്ച് സ്വയം മരിക്കാതിരുന്നുകൂടെ ?

 

Top