എസ്.എഫ്.ഐ മുന്നേറ്റം തടയുന്നതിന് മറ്റെല്ലാ സംഘടനകളും ഒരു കുടക്കീഴിൽ !

എസ്.എഫ്.ഐക്കെതിരെ സംസ്ഥാനത്തെ ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി മുന്നണി രൂപികരിക്കാന്‍ നീക്കം. എസ്.എഫ്.ഐ മേധാവിത്വമുള്ള മുഴുവന്‍ ക്യാമ്പസുകളിലും ഇത്തരം യോജിപ്പ് ഉണ്ടാക്കാനാണ് അണിയറയില്‍ നീക്കം നടക്കുന്നത്. സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫും ഈ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകും. യൂണിവേഴ്സിറ്റി കോളജില്‍ ഇത്തവണ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ഭാഗമായി മത്സരിക്കുമെന്ന് എ.ഐ.എസ്.എഫ് ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ആര്‍.എസ്.എസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പിയും എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വിദ്യാര്‍ത്ഥി വിഭാഗങ്ങളും ഇതേ പാതയിലാണ്.

പൊതു ശത്രുവിനെ തുരത്താന്‍ സകല ജാതി- മത- തീവ്രവാദ സംഘടനകളും ഇപ്പോള്‍ ഒന്നിച്ചിരിക്കുകയാണ്. ആഗസ്റ്റ് മാസം അവസാനവാരമാണ് സംസ്ഥാനത്ത് കോളെജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. നിലവില്‍ കേരളത്തിലെ ബഹുഭൂരിപക്ഷം കോളജുകളിലും യൂണിയന്‍ ഭരണം കയ്യാളുന്നത് എസ്.എഫ്.ഐ ഒറ്റക്കാണ്. കാലിക്കറ്റും കേരളയും എംജിയും കണ്ണൂരും ഉള്‍പ്പെടെ മുഴുവന്‍ സര്‍വ്വകലാശാലാ യൂണിയന്‍ ഭരണവും എസ്.എഫ്.ഐക്കാണ്. ഐ.ടി.ഐ, പോളിടെക്നിക്ക് മേഖലകളിലും എസ്.എഫ്.ഐയുടെ സര്‍വ്വാധിപത്യമാണുള്ളത്.

ഇങ്ങനെ സമസ്ത മേഖലയിലും ആധിപത്യം പുലര്‍ത്തുന്ന എസ്.എഫ്.ഐയെ തുരത്താനാണ് മഹാസഖ്യം വരുന്നത്. എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ നേതാക്കള്‍ ഇതു സംബന്ധമായ ആശയ വിനിമയം നടത്തി കഴിഞ്ഞതായാണ് സൂചന. യൂണിവേഴ്സിറ്റി കോളെജിലെ സംഘര്‍ഷം മുന്‍നിര്‍ത്തിയാണ് ഈ തട്ടിക്കൂട്ട് സഖ്യം രൂപീകരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ വികാരം എസ്.എഫ്.ഐക്ക് എതിരാണെന്നും ഒന്നിച്ച് നിന്നാല്‍ അട്ടിമറി വിജയം നേടാന്‍ കഴിയുമെന്നുമാണ് ഇവരുടെ പ്രതീക്ഷ.

എന്നാല്‍ എതിരാളികളുടെ ഈ നീക്കങ്ങളെയെല്ലാം പോസിറ്റീവായാണ് എസ്.എഫ്.ഐ കാണുന്നത്. ശത്രുക്കള്‍ വര്‍ഗ്ഗവഞ്ചകരെ ഒപ്പം കൂട്ടി സംഘടിക്കുന്നത് ഗുണമാണ് ചെയ്യുകയെന്നാണ് എസ്.എഫ്.ഐ നേതാക്കളുടെ വിലയിരുത്തല്‍. നിരവധി പോരാട്ടങ്ങളിലൂടെ എസ്.എഫ്.ഐ ആര്‍ജിച്ച കരുത്ത് ഒരു സുനാമിയിലും ഉലിച്ച് പോകില്ലെന്നതാണ് ചുവപ്പിന്റെ ആത്മവിശ്വാസം. സംഘടനാപരമായി നിരന്തരം ഇടപെട്ട് യൂണിറ്റ് കമ്മറ്റികള്‍ക്ക് പുതിയ ഊര്‍ജമാണ് എസ്.എഫ്.ഐ നേതൃത്വം നിലവില്‍ നല്‍കി വരുന്നത്.

സംസ്ഥാന സര്‍ക്കാരിന് അവകാശ പത്രിക സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി വന്‍പ്രകടനമാണ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റിലേക്ക് നടക്കുന്ന വിദ്യാര്‍ത്ഥി മാര്‍ച്ചില്‍ യൂണിവേഴ്സിറ്റി കോളെജിലെയടക്കം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഈ പ്രകടനത്തിലൂടെ എതിരാളികള്‍ക്ക് ചുട്ട മറുപടിയാണ് എസ്.എഫ്.ഐ ലക്ഷ്യമിടുന്നത്. അതേസമയം, ക്യാമ്പസുകളില്‍ എസ്.എഫ്.ഐക്ക് മീതെ ഒരാധിപത്യം മറ്റു സംഘടനകള്‍ക്ക് ഇനിയും ഒരു സ്വപ്നമായി തന്നെ മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

സംഘര്‍ഷമുണ്ടായ യൂണിവേഴ്സിറ്റി കോളെജിലെ വിദ്യാര്‍ത്ഥികള്‍ പോലും എസ്.എഫ്.ഐയെ കൈവിടാന്‍ തയ്യാറാകാത്ത സ്ഥിതിക്ക് മറ്റിടങ്ങളില്‍ നടക്കില്ലെന്നതാണ് വിലയിരുത്തല്‍. ഏറ്റവും അധികം ആളുകളെ കൊല ചെയ്തത് എസ്.എഫ്.ഐയാണെന്ന മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണിയുടെ ആരോപണവും ഇപ്പോള്‍ തിരിച്ചടിച്ചിട്ടുണ്ട്. യഥാര്‍ത്ഥ കണക്ക് പുറത്ത് വിട്ടപ്പോള്‍ അതില്‍ ഒരു കൊലക്കേസില്‍ പോലും എസ്.എഫ്.ഐക്കാര്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നില്ല. എന്നാല്‍ എസ്.എഫ്.ഐക്ക് 33 പേരെയാണ് നഷ്ടമായിരുന്നത്. ഈ രക്തസാക്ഷികളുടെ കണക്ക് ക്യാമ്പസുകളില്‍ സജീവ ചര്‍ച്ചയാക്കാന്‍ ആന്റണിയുടെ നാക്ക് പിഴവ് കാരണമായിട്ടുണ്ട്.

യുവജനോത്സവ ഫോമിനെ ഉത്തരക്കടലാസാക്കി മാറ്റിയ സംഭവവും ക്യാമ്പസുകളില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയാണ്. ഹിഡന്‍ അജണ്ട മുന്‍നിര്‍ത്തി സംഘടിത ആക്രണമാണ് നടക്കുന്നതെന്ന എസ്.എഫ്.ഐയുടെ വാദത്തിന് ശക്തി പകരുന്നതാണ് ഈ സംഭവം. സംഘടിത വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പ്രചരണങ്ങളേയും ഇടപെടലുകളേയുമെല്ലാം നോക്കിനില്‍ക്കാന്‍ മാത്രമെ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും പറ്റുന്നുള്ളു. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വിജയകരമായി നടത്തിയ ഒരു പ്രക്ഷോഭവും അവര്‍ക്കാര്‍ക്കും തന്നെ ചൂണ്ടികാണിക്കാനില്ല. എസ്.എഫ്.ഐയാകട്ടെ അശാന്തിയുടെ പിടിയില്‍ നിന്നും ക്യാമ്പസുകളെ മോചിപ്പിച്ചത് മുതല്‍ നേടിയെടുത്ത നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞാണ് ക്യാമ്പസുകളില്‍ പ്രചരണം നടത്തുന്നത്.

കഴിഞ്ഞകാല ഭരണകൂടങ്ങള്‍ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച സമരങ്ങളുടെ ചിത്രങ്ങളും വിവിധ ക്യാമ്പസുകളില്‍ എസ്.എഫ്.ഐ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ വൈകാരികമായ വികാരങ്ങളെ ഉണര്‍ത്തുന്ന ദൃശ്യങ്ങളാണിത്. എസ്.എഫ്.ഐയുടെ തന്ത്രപരമായ ഈ പ്രതിരോധത്തിന് മുന്നില്‍ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ അന്തം വിട്ടിരിക്കുകയാണിപ്പോള്‍. ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ നടത്തി ഉള്ള അണികളെ പിടിച്ച് നിര്‍ത്താനാണ് അവരിപ്പോള്‍ ശ്രമിക്കുന്നത്.

പ്രധാന പ്രതിപക്ഷ സംഘടനയായ കെ.എസ്.യുവിന്റെ സ്ഥിതി ക്യാമ്പസുകളില്‍ അതിദയനീയമാണ്. മിക്കയിടത്തും പ്രവര്‍ത്തിക്കാന്‍ യൂണിറ്റ് കമ്മറ്റികള്‍ പോലും ഇല്ലാത്ത അവസ്ഥയാണുള്ളത്. ഉള്ള സ്ഥലത്താകട്ടെ സ്വാധീനവും വളരെ കുറവാണ്. ഒരു കെ.എസ്.യു പ്രകടനം കണ്ടാല്‍ സാക്ഷാല്‍ എ.കെ ആന്റണി പോലും ഇപ്പോള്‍ നാണം കെട്ട് പോകും. മാധ്യമങ്ങളുടെ സഹായത്തോടെയാണ് ആ സംഘടന ഇപ്പോള്‍ ജീവിച്ച് പോകുന്നത് തന്നെ.

എം.എസ്.എഫിന് മലപ്പുറം ജില്ലയിലെ ചില കാമ്പസുകളില്‍ മാത്രമാണ് പ്രധാന സ്വാധീനം. എന്നാല്‍ ഇവിടങ്ങളില്‍ പോലും എസ്.എഫ്.ഐ സാന്നിധ്യം ശക്തമാണ്. എ.ബി.വി.പിക്ക് തിരുവനന്തപുരം എം.ജി.കോളജ് ഉള്‍പ്പെടെ വിരലിലെണ്ണാവുന്ന ക്യാമ്പസുകളില്‍ മാത്രമാണ് യൂണിയന്‍ ഭരണം ഉള്ളത്.

എ.ഐ.എസ്.എഫ് ഉള്‍പ്പെടെ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്കൊന്നും ഒരു സ്വാധീനവും കേരളത്തിലെ ക്യാമ്പസുകളില്‍ ഇല്ല. ഈ സാഹചര്യത്തില്‍ എസ്.എഫ്.ഐ വിരുദ്ധ മുന്നണിയില്‍ തീവ്ര സംഘടനകളും വരുന്നത് സംഘടനാപരമായി എസ്.എഫ്.ഐക്ക് തന്നെയാണ് ഗുണം ചെയ്യുക. സീറ്റുകള്‍ വിട്ടു നല്‍കിയാല്‍ ഒപ്പം കൂടാന്‍ എ.ഐ.എസ്.എഫ് തയ്യാറാണെങ്കിലും അതിനുള്ള സാധ്യതയും വളരെ കുറവാണ്.

യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ എസ്.എഫ്.ഐയെ ഏറ്റവും അധികം ആക്രമിച്ചത് സി.പി.ഐയുടെ ഈ വിദ്യാര്‍ത്ഥി സംഘടനയാണ്. തോളിലിരുന്ന് ചെവി തിന്നുന്ന ഏര്‍പ്പാടാണ് എ.ഐ.എസ്.എഫ് നടത്തിയിരുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ എസ്.എഫ്.ഐയെ ഒരു ഭീകര സംഘടനയാക്കി ചിത്രീകരിക്കാന്‍ ആ സംഘടനയുടെ നേതാക്കള്‍ തന്നെയാണ് ശ്രമിച്ചത്. എല്ലാം കഴിഞ്ഞപ്പോള്‍ സീറ്റുകള്‍ വിട്ടു നല്‍കിയാല്‍ സഖ്യമാകാമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ അഭിമാനബോധമുള്ള ഒരു സംഘടനക്കും കഴിയുന്നതല്ല. ഒരു ക്യാമ്പസില്‍ തലയെണ്ണി പത്തുപേരെ കാണിക്കാന്‍ ഇല്ലാത്ത സംഘടനയോട് വിട്ടുവീഴ്ച ചെയ്താല്‍ അതായിരിക്കും എസ്.എഫ്.ഐയെ സംബന്ധിച്ച് വലിയ ദുരന്തമാവുക.

Express View

Top