യൂണിവേഴ്‌സിറ്റി കോളജില്‍ ‘ചുവപ്പാകാശം’ പഴയ ‘അനുഭവം’ കാക്കിപ്പട മറക്കരുത് . . .

ര്‍ക്കാര്‍ അവസാന വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഉദ്യോഗസ്ഥരില്‍ നിറം മാറ്റം സ്വാഭാവികമാണ്. അത്തരമൊരു പന്നത്തരമാണ് ചില പൊലീസ് ഉദ്യോഗസ്ഥരും ഉന്നത വിദ്യാഭ്യാസ ഡയറക്ടറും ഇപ്പോള്‍ കാണിച്ചിരിക്കുന്നത്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തില്‍ പ്രകടമായിരിക്കുന്നതും അതു തന്നെയാണ്.

പൊലീസിന്റെ കൈ അടിച്ച് ഒടിച്ചു എന്നാരോപിച്ചാണ് യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തിയിരിക്കുന്നത്. പിടിച്ച് കൊണ്ടു പോയി ജയിലിലടച്ചിരിക്കുന്നത് എസ്.എഫ്.ഐ ജില്ലാ ജോ. സെക്രട്ടറി അജ്മല്‍, കോളജ് യൂണിയന്‍ മുന്‍ ചെയര്‍മാന്‍ അമല്‍ മുഹമ്മദ്, ശംഭു, വിഘ്‌നേശ് , സുനില്‍ എന്നിവരെയാണ്. പ്രകോപനപരമായ നീക്കമാണിത്.

യൂണിവേഴ്‌സിറ്റി കോളജിനകത്തേക്ക് പൊലീസ് കയറിയിട്ടില്ലന്നിരിക്കെ ആരാണ് പൊലീസിന്റെ കൈ അടിച്ചൊടിച്ചത് എന്നതിന് ഉന്നത ഉദ്യോഗസ്ഥര്‍ മറുപടി പറഞ്ഞേ പറ്റൂ.

രമേശ് ചെന്നിത്തല കേരള മുഖ്യമന്ത്രിയാകുമെന്ന് കണ്ട് അദ്ദേഹത്തെ പ്രീണിപ്പെടുത്താനാണ് അഡ്വാന്‍സായ ഈ നീക്കമെങ്കില്‍ ആ സ്വപ്‌നമെന്തായാലും നടക്കാന്‍ പോവുന്നില്ല.

ഡി.സി.പി ആദിത്യയേക്കാള്‍ വലിയ ഉദ്യാഗസ്ഥര്‍ യു.ഡി.എഫ് ഭരണത്തില്‍ ശ്രമിച്ചിട്ട് പോലും യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐയെ തൊടാന്‍ പോലും കഴിഞ്ഞിട്ടില്ല. ഇക്കാര്യം ഓര്‍ത്തിട്ടു വേണം ഖദറിന് പാദസേവ ചെയ്യുവാന്‍.

പൊലീസിന് പിണറായി സര്‍ക്കാര്‍ നല്‍കിയ സ്വാതന്ത്ര്യം ചെന്നിത്തലക്ക് വേണ്ടി ദുരുപയോഗം ചെയ്താല്‍ അത് വലിയ പ്രത്യാഘാതമാണ് നാട്ടിലുണ്ടാക്കുക.

ഇടതുപക്ഷ സര്‍ക്കാരല്ല ഇപ്പോള്‍ കേരളം ഭരിക്കുന്നതെങ്കില്‍ ഇത്തരമൊരു സാഹസം കാട്ടാന്‍ പൊലീസിന് ശരിക്കും മുട്ട് വിറയ്ക്കുമായിരുന്നു. ഇക്കാര്യം യൂണിവേഴ്‌സിറ്റി കോളജില്‍ പഠിച്ച സിറ്റി പൊലീസ് കമ്മീഷണര്‍ തന്നെ സ്വന്തം ഡി.സി.പിക്ക് പറഞ്ഞ് കൊടുക്കുന്നത് നല്ലതായിരിക്കും.

യൂണിവേഴ്‌സിറ്റി കോളജില്‍ ഇപ്പോള്‍ ഉണ്ടായ സംഘര്‍ഷം ദൗര്‍ഭാഗ്യകരമാണ്. മുന്‍ കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് കെ.എസ്.യുവിനെ മുന്‍ നിര്‍ത്തി കോണ്‍ഗ്രസ്സിപ്പോള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. അടുത്തയിടെ ഉണ്ടായ സംഘര്‍ഷങ്ങളുടെ തുടക്കം മുതല്‍ തന്നെ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുന്നതാണ്.

നവംബര്‍ 28ന് വെളുപ്പിനാണ് സംഭവങ്ങളുടെ തുടക്കം. മഹേഷ് എന്ന യൂണിവേഴ്‌സിറ്റി കോളജിലെ ഒരു ഗവേഷക വിദ്യാര്‍ത്ഥി നിതിന്‍ എന്ന കെ.എസ്.യുക്കാരനെ ഹോസ്റ്റലില്‍ മര്‍ദ്ദിച്ചതാണ് ‘കൈവിട്ട’ കളിക്ക് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഈ മഹേഷിനെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന് എസ്.എഫ്.ഐ മുന്‍പ് പുറത്താക്കിയതാണ്. ഇക്കാര്യം പുറത്ത് വന്ന വീഡിയോയില്‍ ഇയാള്‍ തന്നെ തുറന്ന് സമ്മതിക്കുന്നുമുണ്ട്. ‘എസ്.എഫ്.ഐക്കാര്‍ക്ക് ശാപമാണെന്ന്’ പറഞ്ഞാണ് തന്നെ പുറത്താക്കിയതെന്നാണ് മഹേഷ് തന്നെ നിലവില്‍ ആരോപിച്ചിരിക്കുന്നത്.

എസ്.എഫ്.ഐ പുറത്താക്കിയ വ്യക്തി ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ക്ക് എങ്ങനെയാണ് ആ സംഘടന ഉത്തരവാദിയാകുന്നത്. ഇക്കാര്യം അറിയാമായിരുന്നിട്ടും അത് മറച്ച് വെച്ചാണ് മന:പൂര്‍വ്വം കെ.എസ്.യുക്കാര്‍ ക്യാമ്പസില്‍ കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. അന്നേ ദിവസം കോളജില്‍ പഠിപ്പ് മുടക്കാന്‍ ശ്രമിച്ചിട്ട് അത് നടപ്പാകാത്തതിലുള്ള അരിശം അവര്‍ തീര്‍ത്തത് അജിത്ത് എന്ന വിദ്യാര്‍ത്ഥിയോടാണ്. എസ്.എഫ്.ഐക്കാരനല്ലാത്ത ഈ വിദ്യാര്‍ത്ഥി പോലും സഹകരിക്കാത്തതിനാലാണ് കെ.എസ്.യുക്കാര്‍ ഈ വിദ്യാര്‍ത്ഥിയെ ആക്രമിച്ചിരുന്നത്.

ഈ ആക്രമണത്തെ കുറിച്ച് അജിത്തിട്ട ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നത് തന്നെ ഇങ്ങനെയാണ് ‘ഇത്രയും കാലം എസ്.എഫ്.ഐ ആക്രമണമാണ് കേട്ടതെങ്കില്‍ ഇപ്പോള്‍ കെ.എസ്.യു ആക്രമണമാണ് നേരിടേണ്ടി വന്നിരിക്കുന്നതെന്നാണ്’. അജിത്ത് എസ്.എഫ്.ഐക്കാരന്‍ അല്ലാതിരുന്നിട്ടുപോലും ഈ വിദ്യാര്‍ത്ഥിയെ ആക്രമിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് എസ്.എഫ്.ഐ നേതൃത്വം രംഗത്തിറങ്ങിയിരുന്നത്.

കോളജ് കൗണ്‍സില്‍ യോഗത്തിലേക്കും എസ്.എഫ്.ഐ മാര്‍ച്ച് നടത്തുകയുണ്ടായി. പ്രതിഷേധം ശക്തമായതോടെയാണ് അച്ചുത്, അമല്‍, ഗോപന്‍ എന്നീ മൂന്ന് കെ.എസ്.യുക്കാരെ പ്രിന്‍സിപ്പാള്‍ സസ്‌പെന്റ് ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് പ്രതിപക്ഷ നേതാവിന്റെ ഇടപെടലിനെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ഈ സംഭവം കൈരളി ഒഴികെ ഒരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എസ്.എഫ്.ഐയുടെ തകര്‍ച്ച മാത്രം സ്വപ്നം കാണുന്ന കുത്തക മാധ്യമങ്ങള്‍ കണ്ണടയ്ക്കുന്നത് സ്വാഭാവികമാണ്, യൂണിവേഴ്‌സിറ്റി കോളജില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരിക്കുന്നതിന് അകമ്പടി പോയവരാണ് ഈ മാധ്യമങ്ങളെല്ലാം എന്നതുകൂടി ഈ ഘട്ടത്തില്‍ നാം ഓര്‍ക്കണം.

സംഘര്‍ഷത്തിന് ശേഷം പരീക്ഷ എഴുതാന്‍ ക്യാമ്പസില്‍ എത്തിയ കെ.എസ്.യുക്കാരനായ അമല്‍ തന്നെയാണ് വീണ്ടും പ്രശ്‌നങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നത്.

മര്‍ദ്ദനമേറ്റ അജിത്തിന് വേണ്ടി സാക്ഷി പറഞ്ഞവരെ ഭീഷണിപ്പെടുത്തിയാല്‍ അടി കിട്ടുക സ്വാഭാവികമാണ്. ഗാന്ധിസത്തിന്റെ വക്താക്കള്‍ക്ക് ഇത്ര ക്ഷൗര്യമെങ്കില്‍ ചെഗുവേര ദര്‍ശനങ്ങള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയവര്‍ക്ക് അത് എത്ര മടങ്ങു കാണുമെന്ന് അമല്‍ ചിന്തിക്കണമായിരുന്നു. അതുകൊണ്ടു തന്നെയാണ് ചോദിച്ച് വാങ്ങിയ അടിയെന്ന് ഞങ്ങളിതിനെ വിലയിരുത്തുന്നത്.

ഇത്തരമൊരു മര്‍ദ്ദനം അമല്‍ ഏറ്റുവാങ്ങിയതും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം തന്നെയാണ്. തുടര്‍ന്നുള്ള സംഭവങ്ങള്‍ ചൂണ്ടികാണിക്കുന്നതും അതാണ്.

അടി മേടിച്ച് എം.എല്‍.എ ഹോസ്റ്റലില്‍ പോയ അമല്‍ അവിടെ നിന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുമായാണ് പിന്നീട് തിരിച്ചെത്തിയത്. പുറത്ത് നിന്നുള്ള ആ ഇരുപത് പേര്‍ ക്യാമ്പസില്‍ കയറി എസ്.എഫ്.ഐ കൊടിമരം തകര്‍ത്തതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. കൊടിമരം തകര്‍ക്കാന്‍ അഭിജിത്ത് അല്ല രമേശ് ചെന്നിത്തല വന്നാലും അടി മേടിക്കും, അത് നല്‍കിയില്ലങ്കില്‍ പിന്നെ എസ്.എഫ്.ഐക്കാരന്റെ ചങ്കുറപ്പാണ് ചോദ്യം ചെയ്യപ്പെടുക.

POLICE

POLICE

പെണ്‍കുട്ടികളെ അടക്കം തെറി വിളിച്ച് കെ.എസ്.യു നേതാക്കള്‍ പ്രകോപനം ഉണ്ടാക്കിയതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ ഇവിടെ ചെറുത്തു തോല്‍പിച്ചത്. ക്യാമ്പസിന് പുറത്തിറങ്ങി കെ.എസ്.യുക്കാര്‍ കല്ലെറിഞ്ഞപ്പോള്‍ തിരിച്ചും കല്ലേറുണ്ടായി. ഈ സന്ദര്‍ഭങ്ങളിലെല്ലാം കുറ്റകരമായ അനാസ്ഥയാണ് പൊലീസും കാണിച്ചിരുന്നത്.

റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച കെ.എസ്.യു ക്കാരെ അറസ്റ്റ് ചെയ്ത് നീക്കാതെ ‘പൊട്ടന്‍’ കളിക്കുകയാണ് യഥാര്‍ത്ഥത്തില്‍ പൊലീസ് ചെയ്തത്. ചെന്നിത്തല വന്നിട്ട് അറസ്റ്റ് ചെയ്യാം എന്ന വിചിത്ര നിലപാടാണ് പൊലീസ് സ്വീകരിച്ചിരുന്നത്. ചെന്നിത്തലക്ക് ‘ഷോ’ കളിക്കാന്‍ അവസരം നല്‍കേണ്ട ഉത്തരവാദിത്വമാണ് പൊലീസ് ഉന്നതര്‍ ഇവിടെ സ്വയം ഏറ്റെടുത്തത്. പന്നത്തരം എന്നല്ലാതെ വേറെയൊന്നും തന്നെ ഈ നിലപാടിനെ വിളിക്കാന്‍ പറ്റുകയില്ല. കോണ്‍ഗ്രസ്സിന്റെ ആസ്ഥാനത്ത് നിന്നല്ല പൊലീസിന് ശമ്പളം നല്‍കുന്നതെന്ന കാര്യം ഉദ്യോഗസ്ഥര്‍ ഓര്‍ക്കുന്നത് നല്ലതാണ്.

ഇവിടെയും തീര്‍ന്നില്ല പൊലീസിന്റെ പ്രീണനം. അത് മെഡിക്കല്‍ കോളജിലേക്കും നീണ്ടു. കല്ലേറില്‍ പരിക്കേറ്റ ഒരു എസ്.എഫ്.ഐ പ്രവര്‍ത്തകനെ ഇവിടെ നിന്നും ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചതും പൊലീസ് ഇടപെട്ടാണ്. കെ.എസ്.യു നേതാക്കള്‍ക്ക് ചികിത്സ ഒരുക്കുന്നതിനു വേണ്ടിയായിരുന്നു ഈ നടപടി.

കണ്ണിന് സൈഡില്‍ നാല് സ്റ്റിച്ച് ഇടേണ്ടി വന്ന ഫഹദ് എന്ന വിദ്യാര്‍ത്ഥിക്കാണ് മെഡിക്കല്‍ കോളജില്‍ നിന്നും ഈ ദാരുണ അനുഭവം നേരിടേണ്ടി വന്നിരുന്നത്.

ഇതിനു ശേഷം കല്ലേറില്‍ പരിക്കേറ്റ മറ്റ് എസ്.എഫ്.ഐക്കാരെയും പ്രതിയാക്കി കേസെടുക്കുകകൂടി ചെയ്തതോടെ ഇവര്‍ക്കാര്‍ക്കും മൊഴി കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനു ശേഷമാണ് ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ള എസ്.എഫ്.ഐ നേതാക്കളെ ഹോസ്റ്റലില്‍ കയറി പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതിഷേധം ശക്തമായതോടെ കെ.എസ്.യുക്കാര്‍ക്കെതിരെയും കേസെടുക്കാന്‍ വൈകിയെങ്കിലും പൊലീസ് നിര്‍ബന്ധിതമായിട്ടുണ്ട്. ഇവരുടെ അറസ്റ്റിന്റെ കാര്യത്തിലും മുഖം നോക്കാതെയാണ് പൊലീസ് ഇനി നടപടി സ്വീകരിക്കേണ്ടത്.

ഭരണം മാറും, ചെന്നിത്തല പൊലീസ് മന്ത്രിയാവും എന്നൊക്കെ പ്രതീക്ഷിച്ചാണ് പൊലീസിന്റെ പാദസേവയെങ്കില്‍ ആ വെള്ളം വാങ്ങി വെക്കുന്നതാണ് നല്ലത്. ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചനകളും അതാണ്. ഇനി അത്ഭുതം വല്ലതും സംഭവിച്ച് യു .ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പോലും ചെന്നിത്തലയ്ക്കു മുന്നില്‍ സാധ്യത വിരളമാണ്. സരിതയെ മുന്‍ നിര്‍ത്തി പകപോക്കിയതിന് ഉമ്മന്‍ ചാണ്ടി തന്നെ കണക്കുകള്‍ തീര്‍ക്കാന്‍ റെഡിയായി അണിയറയിലുണ്ട്.

ഉപതിരഞ്ഞെടുപ്പില്‍ തോറ്റമ്പിയതോടെ നഷ്ടമായ ഇമേജ് തിരിച്ച് പിടിക്കാനാണ് യൂണിവേഴ്‌സിറ്റി കോളജിനെയിപ്പോള്‍ ചെന്നിത്തല ‘അയുധ’മാക്കാന്‍ ശ്രമിക്കുന്നത്. ആ പരിപ്പ് എന്തായാലും ഈ ക്യാമ്പസില്‍ വേവുകയില്ല.

പോരാളികളുടെ ക്യാമ്പസാണ് യൂണിവേഴ്‌സിറ്റി കോളജ്. ഇവിടെ പഠിക്കുന്ന 3500 ഓളം വിദ്യാര്‍ത്ഥികളില്‍ 90 ശതമാനത്തിലധികവും ഇപ്പോഴും എസ്.എഫ്.ഐക്കാരാണ്. കഴിഞ്ഞ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിലും അത് പ്രകടമായിട്ടുള്ളതാണ്.

എസ്.എഫ്.ഐ വിരുദ്ധരെല്ലാം ചേര്‍ന്ന് ഒറ്റകൊടിക്കീഴില്‍ മത്സരിച്ചിട്ടും ഒറ്റ സീറ്റില്‍ പോലും വിജയിക്കാന്‍ ആ കൂട്ടത്തിന് കഴിഞ്ഞിട്ടില്ല. അതാണ് ഈ ചെങ്കോട്ടയുടെ പ്രത്യേകത. പതിറ്റാണ്ടുകളായി ഭരണകൂടങ്ങളുമായും പൊലീസുമായും ഏറ്റുമുട്ടി ആര്‍ജിച്ച കരുത്താണിത്.

16 കെ.എസ്.യുക്കാര്‍ ഇപ്പോള്‍ അവിടെ നീലക്കൊടിയുമായി പ്രകടനം നടത്തുന്നുണ്ടെങ്കില്‍ അത് പോലും എസ്.എഫ്.ഐയുടെ ഔദാര്യത്തിലാണ്. ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ കെഎസ്‌യുവിന് ലഭിക്കാത്ത ‘സ്വാതന്ത്ര്യമാണിത്’.

അടി എന്ന് ബോര്‍ഡില്‍ എഴുതി കാണിച്ചാല്‍ തന്നെ പൊടി പോലും കാണാത്ത സംഘടന, ഒരിക്കലും നില മറന്ന് തുള്ളരുത്. അങ്ങനെ ചെയ്താല്‍ വിനാശകാലേ വിപരീത ബുദ്ധീ എന്നുമാത്രമേ പറയാനൊള്ളു.

Express View

Top