മഹാരാജാസ് കോളജിലെ സംഘര്‍ഷം: നാലുപേര്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ ഇന്നലെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്യു യൂണിറ്റ് പ്രസിഡന്റ് അതുൽ, എസ്എഫ്‌ഐ പ്രവർത്തകൻ അനന്ദു, വിദ്യാർത്ഥി മാലിക്ക്, പുറത്ത് നിന്നെത്തിയ ഹഫീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ജാമ്യമില്ലാ വകുപ്പ് അടക്കം ചേർത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ഡിസിപി എസ് ശശിധരൻ പറഞ്ഞു. കോളേജിന് സമീപത്തെ എറണാകുളം ജനറൽ ആശുപത്രിക്ക് മുന്നിൽ വെച്ചും ഇന്നലെ സംഘർഷം ഉണ്ടായിരുന്നു.

സംഘർഷത്തിൽ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് അമൽ ജിത്ത്, വനിതാ പ്രവർത്തക റൂബി അടക്കം 10 എസ്എഫ്‌ഐക്കാർക്ക് പരിക്കേറ്റിരുന്നു. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെഎസ്‌യു നേതാക്കളായ നിയാസ് റോബിൻസൻ അടക്കം പരിക്കേറ്റ ആറ് പേരെ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിരിക്കുകയാണ്.

Top