അവതരിപ്പിക്കാന്‍ സന്നദ്ധമെങ്കില്‍ കിത്താബിനായി വേദിയൊരുക്കും ; എസ്.എഫ്.ഐ

തിരുവനന്തപുരം: ഇസ്ലാം മതസംഘടനകളുടെ പ്രതിഷേധത്തെതുടര്‍ന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിന്ന് പിന്‍വലിച്ച കിത്താബ് നാടകത്തിന് പിന്തുണ അറിയിച്ച് എസ്.എഫ്.ഐ രംഗത്ത്. അവതരിപ്പിക്കാന്‍ സന്നദ്ധമെങ്കില്‍ കിത്താബിനായി എസ്.എഫ്.ഐ വേദിയൊരുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിന്‍ ദേവ് അറിയിച്ചു.

‘അടച്ചു വെക്കേണ്ടതല്ല , തുറന്ന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പകരേണ്ടത് തന്നെയാണ് കിത്താബ്. കിത്താബിന്റെ ചര്‍ച്ചകള്‍ കോഴിക്കോട് ജില്ല കലോത്സവവേദിയില്‍നിന്നും തുടങ്ങിയപ്പോള്‍ തന്നെ അര്‍ത്ഥശങ്കയില്ലാതെ കിത്താബിനോട് ഐക്യപ്പെട്ടവരാണ് ഞങ്ങള്‍ അവതരിപ്പിക്കാന്‍ സന്നദ്ധമെങ്കില്‍ കിത്താബിനായി എസ്.എഫ്.ഐ വേദിയൊരുക്കും’- സച്ചിന്‍ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഒന്നാം സ്ഥാനം നേടിയ നാടകമാണ് ‘കിത്താബ്’. പ്രശസ്ത കഥാകൃത്ത് ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥയുടെ നാടകാവിഷ്‌കാരമാണിത്. ഒരു മുക്രിയുടെ മകള്‍ ‘വാങ്ക്’ വിളിക്കാന്‍ ആഗ്രഹിക്കുന്നതാണ് നാടകത്തിന്റ ഇതിവൃത്തം.

കിത്താബിനെ പിന്തുണച്ച് കൊണ്ട് നേരത്തെ ഡി.വൈ.എഫ്.ഐയും രംഗത്ത് വന്നിരുന്നു

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ മാത്രമേ, കിതാബിനെതിരായ ചില മതസംഘടനകളുടെ നിലപാട് സഹായിക്കൂവെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

Top