ഇത് ‘കിളിനക്കോടല്ല’ മറുപടി അതുക്കും മേലെ , തട്ടമിട്ട എസ്.എഫ്.ഐ സഖാവ് !

കൊച്ചി : എതിര്‍ ലിംഗത്തില്‍പ്പെട്ട ഒരാളുടെ കൂടെ ഒരു ഫോട്ടോ എടുത്തിട്ടാല്‍ കുരു പൊട്ടുന്ന ആങ്ങളമാരുടെ നാടാണ് സോഷ്യല്‍ മീഡിയയെന്ന് ‘തട്ടമിട്ട’സഖാവ് ലതിത റയ്യ.

കിളിനക്കോട് ഉള്ളതും അതുപോലത്തെ ഒരു സാമൂഹിക സാഹചര്യത്തിന്റെ പരിച്ഛേദം തന്നെയാണെന്നും വേങ്ങര സ്വദേശിയായ അവര്‍ പറയുന്നു. ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഈ പ്രതികരണം.

പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐക്ക് അഭിമാനമായ മുസ്ലീം സഖാവാണ് തട്ടമിട്ട സഖാവ് എന്ന് എതിരാളികള്‍ വിളിക്കുന്ന ലതിത റയ്യ. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയാണ്.

ഇപ്പോള്‍ വിവാദ കേന്ദ്രമായ കിളിനക്കോടിന് അധികം അകലെയല്ല ലതിതയുടെ വീട്. കേവലം 34 വോട്ടുകള്‍ക്കാണ് മെഡിക്കല്‍ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടത്.

തോല്‍വി പോലും നിലപാടുകളുടെ വിജയമായി കരുതുന്ന ഈ പെണ്‍കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ചില കേന്ദ്രങ്ങള്‍ സംഘടിത ആക്രമണം നടത്തിയെങ്കിലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇപ്പോള്‍ ഹീറോ ആയിരിക്കുകയാണിവര്‍.

sfi

എല്ലാവര്‍ക്കും തുല്യനീതി ഉറപ്പു വരുത്തുന്ന പുരോഗമന വിദ്യാര്‍ത്ഥി സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം കൊള്ളുകയാണ് ഈ വിദ്യാര്‍ത്ഥിനി.

മത ചിഹ്നങ്ങള്‍ മറ്റൊരാളിലേക്ക് ഫോഴ്‌സ് ചെയ്യുന്നത് തടയണം. എന്നാല്‍ തന്റെ ചോയ്‌സായി എടുക്കുമ്പോള്‍ അത് രാഷ്ട്രീയം പോലെ തന്നെ വ്യക്തിപരമായ ചോയ്‌സ് മാത്രമാണെന്നാണ് തട്ടമിട്ട ഈ സഖാവിന്റെ പക്ഷം. തന്റെ മതപരമായ വിശ്വാസങ്ങള്‍ക്ക് ഒരിക്കലും സംഘടനാ ചട്ടക്കുട് തടസ്സമായിട്ടില്ലന്നും ലതിത റയ്യ പറയുന്നു.

എസ്.എഫ്.ഐയില്‍ ചേര്‍ന്നാല്‍ മതത്തില്‍ നിന്നും പുറത്തായി, നിരീശ്വരവാദിയായി എന്ന് കരുതുന്ന ഒരു വിഭാഗം നമ്മുടെ സമൂഹത്തിലുണ്ട്. അത്തരക്കാര്‍ ഇസ്ലാം വിരുദ്ധരായി എസ്.എഫ്.ഐയെ ചിത്രീകരിക്കുകയാണ് ചെയ്യുന്നത്.

ഇത്തരം സാമൂഹിക ചുറ്റുപാടില്‍ നിന്നും വരുന്നവര്‍ക്കും ഈ രാഷ്ട്രീയത്തോട് ചേര്‍ന്ന് പോകാന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസം.

മെഡിക്കല്‍ കോളജുകളിലും രാഷ്ട്രീയം വേണമെന്നും ഒരു കിസാന്‍ മാര്‍ച്ച് പുറത്ത് നടക്കുമ്പോള്‍ അത് കാമ്പസുകളില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നും ലതിത പറഞ്ഞു. ഒരു ഡോക്ടര്‍ക്ക് മാത്രമായി ഈ സാമൂഹിക പ്രശ്‌നത്തില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിയില്ലന്നും അവര്‍ വ്യക്തമാക്കി.

Top