ബജറ്റിലെ വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ വലിയ ആശങ്കയുണ്ടെന്ന് എസ്എഫ്‌ഐ

കോഴിക്കോട്: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലെ വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ വലിയ ആശങ്കയുണ്ടെന്ന് എസ്എഫ്‌ഐ. വിദേശ സര്‍വ്വകലാശാല വേണ്ടെന്ന് തന്നെയാണ് എസ്എഫ്‌ഐ നിലപാടെന്ന് സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു. വിഷയത്തിലുള്ള ആശങ്ക സര്‍ക്കാരിനെ അറിയിക്കുമെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു. എന്‍ഐടി പ്രൊഫസറുടെ ഗോഡ്‌സെ അനുകൂല പരാമര്‍ശത്തില്‍ കോഴിക്കോട് എന്‍ഐടിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ. അനുശ്രീ.

സ്വകാര്യ സര്‍വകലാശാലകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു തരത്തിലുള്ള വിവേചനവും ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്നും അനുശ്രീ പറഞ്ഞു. അതേസമയം, കേരളത്തില്‍ വിദേശ സര്‍വകലാശാല ക്യാംപസുകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദേശ സര്‍വകലാശാല ക്യാംപസുകള്‍ സ്ഥാപിക്കുന്നതിനുള്ള അവസരങ്ങള്‍ യു ജി സി മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പരിശോധിക്കുമെന്നും സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ജനകീയ പങ്കാളിത്തത്തോടെ ഫണ്ട് ശേഖരിക്കാന്‍ ഉന്നത വിദ്യാഭ്യാസ നിക്ഷേപ നയം രൂപീകരിക്കും. ഇതിനായി ഓഗസ്റ്റില്‍ ഹയര്‍ എഡ്യൂക്കേഷന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഇനിഷ്യേറ്റീവ് ഗ്ലോബല്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Top