എസ്.എഫ്.ഐക്ക് കേരളത്തിൽ മാത്രം ഇതുവരെ നഷ്ടമായത് 35 പേരെ !

സംഘടിത വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് എസ്.എഫ്.ഐ. ഈ കേരളത്തില്‍ മാത്രം ആ സംഘടനക്ക് നഷ്ടപ്പെട്ടിരിക്കുന്നത് 35 വിദ്യാര്‍ത്ഥി പ്രവര്‍ത്തകരെയാണ്. ദേശീയ തലത്തില്‍ അത് 140നും മീതെയാണ് എന്നതും നാം ഓര്‍ക്കണം. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കൊടിയ പീഢനങ്ങള്‍ അനുഭവിക്കേണ്ടി വന്ന അനവധിപേര്‍ ഇപ്പോഴും ഈ സമൂഹത്തില്‍ ജീവിക്കുന്നുണ്ട് .എസ്.എഫ്.ഐയെ പോലെ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനക്കും ഇത്രയും വലിയ ത്യാഗം സഹിക്കേണ്ടി വന്നിട്ടില്ലന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. എസ്.എഫ്.ഐക്ക് ഇപ്പോള്‍ വീണ്ടും ഒരു പ്രവര്‍ത്തകനെ നഷ്ടപ്പെട്ടിരിക്കുകയാണ്.

ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ ധീരജിനെയാണ് കെഎസ്‌യുയൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തി കൊലപ്പെടുത്തിയിരിക്കുന്നത്. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജീനിയറിങ് ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ ധീരജ് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ്. ധീരജിനൊപ്പം കുത്തേറ്റ മറ്റൊരു വിദ്യാര്‍ഥിയെ ഇടുക്കി മെഡിക്കല്‍ കോളേജ് തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു വിദ്യാര്‍ഥിയുടെ തോളെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കോണ്‍ഗ്രസ് ഉന്നതനേതാക്കളുമായി അടുത്ത ബന്ധമുള്ള നിഖില്‍ പൈലി എന്ന യൂത്ത് കോണ്‍ഗ്രസുകാരനാണ്. ധീരജിനെ കുത്തിയതെന്നാണ് എസ്.എഫ്.ഐ ആരോപിച്ചിരിക്കുന്നത്. കോളേജില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയും കെഎസ്‌യുവിന്റെ മറ്റൊരു ഭാരവാഹിയും അക്രമിസംഘത്തിനൊപ്പം ഉണ്ടായിരുന്നുവെന്നും എസ്എഫ്‌ഐ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ കൃത്യമായ ഗൂഡാലോചനയുണ്ടെന്നാണ് സി.പി.എമ്മും തുറന്നടിച്ചിരിക്കുന്നത്.

കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെ നേരിടാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പുറത്തു നിന്നും എത്തിക്കുകയായിരുന്നു എന്നാണ്, പൊലീസും പറയുന്നത്. ഇവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന കാര്യം എന്തായാലും വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. ധീരജിന്റെ നെഞ്ചിലാണ് കുത്തേറ്റത്. കുത്തീവീഴ്ത്തിയ ഉടന്‍ നിഖില്‍ പൈലിയും കൂടെയുണ്ടായിരുന്നവരും ഓടി രക്ഷപെടുകയാണ് ഉണ്ടായത്.

സമീപത്തെ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് പോവുകയായിരുന്ന ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്റെ വാഹനത്തിലാണ് ധീരജിനെയും പരിക്കേറ്റ് മറ്റു വിദ്യാര്‍ഥികളെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നത്. നിഖില്‍ പൈലി ഓടിപ്പോകുന്നത് കണ്ടതായി ഇടുക്കി ജില്ലാ പഞ്ചായത്തംഗം കെ ജി സത്യനും വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മൊഴിയും ഈ കേസില്‍ ഇനി നിര്‍ണ്ണായകമാണ്.

കെ.പി.സി.സി അദ്ധ്യക്ഷനായി കെ.സുധാകരന്‍ ചുമതല ഏറ്റെടുത്ത ശേഷം കെ.എസ്.യു നടത്തുന്ന ആദ്യ കൊലപാതകമാണിത്. സുധാകര ശൈലി കെ.എസ്.യുവിലേക്കും പടര്‍ത്തിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് എസ്.എഫ്.ഐ നേതാക്കള്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. അക്രമ രാഷ്ട്രീയം കൊണ്ട് ഒരു കാമ്പസില്‍ പോലും കെ.എസ്.യുവിന് വിജയിക്കാന്‍ കഴിയില്ലന്നാണ് എസ്.എഫ്.ഐ നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളിലെയും വിദ്യാര്‍ത്ഥി യൂണിയന്‍ ഭരിക്കുന്നത് എസ്.എഫ്.ഐ ആണ്.

ബഹു ഭൂരിപക്ഷം കോളജുകളില്‍ മാത്രമല്ല പോളിടെകനിക്ക്, ഐ.ടി.ഐ കാമ്പസുകളിലും എസ്.എഫ്.ഐയുടെ മേധാവിത്വം പ്രകടമാണ്. ചുവപ്പിന്റെ ഈ കോട്ടകള്‍ പൊളിക്കാനാണ് കെ.സുധാകരന്‍ കെ.എസ്.യു നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ‘പര്‍വ്വതങ്ങള്‍ക്കു” നേരെ കല്ലെറിയുന്നതു പോലെയാണിത്. സംഘടനാ കരുത്തിലും വിദ്യാര്‍ത്ഥികളുടെ പിന്തുണയിലും എസ്.എഫ്.ഐ യുടെ അടുത്തു പോലും എത്താനുള്ള ശേഷി ഇന്ന് കെ.എസ്.യുവിന് ഇല്ല. നാളെ അതുണ്ടാകുമെന്ന് കരുതാനും കഴിയുകയില്ല.

കാരണം, അത്രയ്ക്കും വലിയ അന്തരം ഇരു സംഘടനകളും തമ്മിലുണ്ട്. എസ്.എഫ്.ഐയെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും സി.പി.ഐ വിദ്യാര്‍ത്ഥി സംഘടനയും ശ്രമിച്ചിട്ടു പോലും അതിനു അവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതാണ് എസ്.എഫ്.ഐയുടെ കരുത്ത് …. ഈ കരുത്തിനെ ആക്രമണം കൊണ്ട് നേരിടാമെന്ന് കരുതുന്നവര്‍ എസ്.എഫ്.ഐ തിരിച്ചടിച്ചാലുള്ള അവസ്ഥയും ഒന്നു ചിന്തിക്കുന്നത് നല്ലതായിരിക്കും.

EXPRESS KERALA VIEW

Top