തോമസ് ചാണ്ടിയുടെ ‘വിക്കറ്റ്’ തെറിപ്പിച്ചത് എസ്.എഫ്.ഐ മുൻ സംസ്ഥാന നേതാവ് ! !

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ വിക്കറ്റ് തെറിപ്പിച്ചത് മുന്‍ എസ്.എഫ്.ഐ നേതാവ്.

കണ്ണൂരില്‍ നിന്നുള്ള എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗമായിരുന്ന ഏഷ്യാനെറ്റ് ആലപ്പുഴ ബ്യൂറോ ചീഫ് ടി.വി പ്രസാദാണ് തോമസ് ചാണ്ടിയുടെ കയ്യേറ്റം പുറം ലോകത്തെ അറിയിച്ചത്.

ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് അനധികൃതമായി റോഡ് നിര്‍മ്മിച്ചതായിരുന്നു ആദ്യ വാര്‍ത്ത.

മന്ത്രിയായ ശേഷവും കൃഷിഭൂമി കയ്യേറിയതിന്റെയും സര്‍ക്കാര്‍ ഭൂമി അടക്കം നികത്തിയതിന്റെയും എല്ലാം തെളിവുകള്‍ തൊട്ടുപിന്നാലെ പുറത്തുവിട്ടു.

മണ്ണ് ഇറക്കാനുള്ള അനുമതിക്ക് കടുത്ത നിയന്ത്രണമുള്ള സംസ്ഥാനത്ത് വന്‍തോതില്‍ മണ്ണിട്ട് നികത്തല്‍ ചാണ്ടിയുടെ സ്ഥലത്ത് നടക്കുന്നതും പ്രസാദ് അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി പുറത്തു കൊണ്ടുവന്നു.

പ്രസാദ് ഓഫീസിലുണ്ടായിരിക്കെ ഏഷ്യാനെറ്റ് ഓഫീസിനു നേരെയും ഇതിനിടെ ആക്രമണമുണ്ടായി.

23584788_2031283920436787_491194070_n

പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ആക്രമികള്‍ തകര്‍ത്തു. ഇതോടെ മറ്റു മാധ്യമങ്ങളും സംഭവം ഏറ്റെടുത്തു.

തോമസ് ചാണ്ടിയുടെ കയ്യേറ്റം തുറന്നു കാട്ടി കളക്ടര്‍ അനുപമ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക കൂടി ചെയ്തതോടെ മന്ത്രി വെട്ടിലായി.

പ്രതിപക്ഷത്ത് മാത്രമല്ല, ഭരണപക്ഷത്തും ചാണ്ടിക്കെതിരെ പ്രതിഷേധമുയരാന്‍ ഈ റിപ്പോര്‍ട്ട് കാരണമായി.

തുടര്‍ന്ന് കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ മന്ത്രി തോമസ് ചാണ്ടിയുടെ സ്ഥാപനം ഹൈക്കോടതിയെ സമീപിക്കുന്ന അസാധാരണ സാഹചര്യത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്.

ഈ നടപടി ഇടതു നേതാക്കളെ പ്രകോപിപ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ ഭാഗമായ കളക്ടര്‍ക്കെതിരെ കോടതിയെ തോമസ് ചാണ്ടി സമീപിച്ചത് ശരിയായില്ലന്ന നിലപാടിലായിരുന്നു സിപിഎം-സിപിഐ നേതാക്കള്‍.

തൃശൂര്‍ സ്വദേശി മുകുന്ദന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി സര്‍ക്കാറിനെ വിമര്‍ശിച്ചതിന് പുറമെ കളക്ടറുടെ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട തോമസ് ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയതും ചാണ്ടിക്കേറ്റ വന്‍ പ്രഹരമായി.

ദന്തഗോപുരത്തില്‍ നിന്ന് ഇറങ്ങിവന്ന് സാധാരണക്കാരനായി കളക്ടര്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ ബോധിപ്പിക്കാനായിരുന്നു കോടതി ചാണ്ടിയോട് ഉപദേശിച്ചത്.

ഇതോടെയാണ് പിടിച്ചു നില്‍ക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടത്.

എന്‍.സി.പിക്ക് മന്ത്രിസഭയില്‍ ഇടമില്ലാത്ത സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാറിന് പഴി കേള്‍ക്കാന്‍ കഴിയില്ലന്ന് വ്യക്തമാക്കി മുഖ്യമന്ത്രി തന്നെ ചാണ്ടിയോട് രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് മന്ത്രി സഭായോഗത്തിന് മുന്‍പ് നേരിട്ട് പറയുകയുണ്ടായി.

അവധിയെടുത്ത് മാറി നില്‍ക്കാനായി പിന്നത്തെ ശ്രമം, ഇതിനായി നീക്കിയ കരുക്കള്‍ സിപിഐ മന്ത്രിമാര്‍ മന്ത്രി സഭാ യോഗം ബഹിഷ്‌ക്കരിച്ചതോടെ പൊളിഞ്ഞു. രാജി വെക്കുന്നതിന് ഉപാധി കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണെന്ന് സിപിഐക്കാരനായ മന്ത്രി ഇ. ചന്ദ്രശേഖരനും തുറന്നടിച്ചു. ചാണ്ടിയുള്ള മന്ത്രി സഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന നിലപാടിലായിരുന്നു സിപിഐ. തുടര്‍ന്ന് മുഖ്യമന്ത്രി അന്ത്യ ശാസനം കൂടി നല്‍കിയതോടെയാണ് രാജിക്കാര്യത്തില്‍ തീരുമാനമായത്.

തുടര്‍ന്ന്, മന്ത്രിയുടെ വീട്ടില്‍ ചേര്‍ന്ന എന്‍സിപി നേതാക്കളുടെ യോഗത്തിലാണ് രാജി ഉണ്ടായത്. രാജിക്കത്ത് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാഷാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.

തോമസ് ചാണ്ടിയുടെ രാജിയുടെ ക്രെഡിറ്റ് ഏഷ്യാനെറ്റിനും അതിലെ ചീഫ് റിപ്പോര്‍ട്ടര്‍ ടി.വി പ്രസാദിനും കൂടി അവകാശപ്പെട്ടതാണ്.

23584859_2031284013770111_273800562_n

മന്ത്രിയുടെ കയ്യേറ്റ വാര്‍ത്ത തുടര്‍ച്ചയായി നല്‍കി പൊതു സമൂഹത്തിന്റേയും രാഷ്ട്രീയ നേതൃത്വങ്ങളുടേയും നീതിപീഠത്തിന്റേയും മുന്‍പിലെത്തിക്കാന്‍ പ്രസാദിനു കഴിഞ്ഞു.

മുഖ്യമന്ത്രി പിണറായിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും നാടായ കണ്ണൂരില്‍ നിന്നും 2007 കാലഘട്ടത്തില്‍ എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റിയില്‍ എത്തിയ വിദ്യാര്‍ത്ഥി നേതാവായ ടി.വി പ്രസാദ് നിരവധി കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആദ്യമായി ഇലക്ട്രിക് ലാത്തി പ്രയോഗിച്ചത് ഈ യുവ നേതാവിന്റെ ശരീരത്തിലാണ്.

ഏത് വെല്ലുവിളികളെയും നേരിട്ട് മുന്നാട്ട് പോകാന്‍ പൊരുതുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം മുന്‍പ് നല്‍കിയ കരുത്ത് തന്നെയാണ് ഇപ്പാഴും പ്രസാദിനെ നയിക്കുന്നത്.

അതു കൊണ്ട് തന്നെയാണ് തോമസ് ചാണ്ടിയുടെയും ഗുണ്ടകളുടെയും ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും മുന്നില്‍ ഈ മാധ്യമ പ്രവര്‍ത്തകന്‍ മുട്ടുമടക്കാതിരുന്നത്.

യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സന്‍ ചിന്ത ജെറോം, കൈരളി ചാനല്‍ തിരുവനന്തപുരം ചീഫ് റിപ്പോര്‍ട്ടര്‍ എസ്. ജീവന്‍കുമാര്‍ എന്നിവര്‍ പ്രസാദിനൊപ്പം 2007ല്‍ എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റിയില്‍ എത്തിയവരാണ്.

വിദ്യാര്‍ത്ഥി രാഷ്ട്രീയം വിട്ട് മാധ്യമ പ്രവര്‍ത്തനത്തില്‍ പ്രവേശിച്ചപ്പോഴും അനീതിക്കെതിരെ പ്രതികരിക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പ്രസാദ് ചെയ്തിരുന്നില്ല.

അതിന്റെ പരിണിത ഫലമാണ് ഇടതുപക്ഷ ഭരണത്തിലെ ‘കറ പുരണ്ട ഖദര്‍’ പടിയടച്ച് പുറത്താക്കപ്പെട്ടത്.

Top