കോടിയേരിയുടെ ആ ചർച്ച വലിയ പിഴ. . . എസ്.എഫ്.ഐയെ സമ്മർദ്ദത്തിലാക്കരുത്

കേരളത്തിലെ ഒരു ക്യാമ്പസിലും പച്ച തൊടാത്ത എ.ഐ.എസ്.എഫിന് സ്വാധീനമുണ്ടാക്കി കൊടുക്കുന്നതായിരിക്കരുത് സി.പി.എം സെക്രട്ടറിയുടെ പണി. അക്കാര്യം കോടിയേരി ബാലകൃഷണനും സി.പി.എം നേതാക്കളും ശരിക്കും മനസ്സിലാക്കണം.

യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ രാഷ്ട്രീയ എതിരാളികളേക്കാള്‍ എസ്.എഫ്.ഐയെ വേട്ടയാടിയത് എ.ഐ.എസ്.എഫ് നേതാക്കളാണ്. ചാനല്‍ ചര്‍ച്ചകളില്‍ തുടങ്ങി ഉള്ള സ്വാധീനം ഉപയോഗിച്ച് അവര്‍ പലതും കാട്ടി കൂട്ടി. എ.ഐ.എസ്.എഫ് സമ്മേളനങ്ങളിലും എസ്.എഫ്.ഐ ആയിരുന്നു പ്രധാന പ്രതിയോഗി.

ഇത്രയൊക്കെ ചെയ്തിട്ടും അവരുമായി സംയുക്തചര്‍ച്ച നടത്തുന്നത് സംഘടനാപരമായി ആര്‍ക്കാണ് ഗുണം ചെയ്യുക എന്ന് സി.പി.എം – എസ്.എഫ്.ഐ നേതാക്കള്‍ ചിന്തിക്കണം. എസ്.എഫ്.ഐ – എ.ഐ.എസ്.എഫ് സംഘടന നേതാക്കളെ വിളിച്ചു വരുത്തിയത് സി.പി.എം, സി.പി.ഐ സംസ്ഥാന സെക്രട്ടറിമാരാണ്. ഒരുമിച്ചുള്ള ഇത്തരമൊരു കൂടിക്കാഴ്ച അസാധാരണമാണ്. സാധാരണക്കാരായ സി.പി.എം – എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ദഹിക്കുന്ന ഏര്‍പ്പാടല്ല ഇത്.

ഇത്തരമൊരു ചര്‍ച്ച വഴി എ.ഐ.എസ്.എഫ് ലക്ഷ്യമിടുന്നത് ക്യാമ്പസുകളിലും സര്‍വ്വകലാശാലാ യൂണിയനുകളിലും സീറ്റുകള്‍ നേടുക എന്നതാണ്. അതിന് എസ്.എഫ്.ഐ സഖ്യം അവര്‍ ആഗ്രഹിക്കുന്നു. അതിരു കവിഞ്ഞ അതിമോഹമാണിത്. കാരണം കേരളത്തിലെ ക്യാമ്പസുകളില്‍ എ.ഐ.എസ്.എഫ് എന്നു പറഞ്ഞ ഈ വിദ്യാര്‍ത്ഥി സംഘടന നിലവില്‍ ഒരു വലിയ പരാജയമാണ്.

യൂണിവേഴ്സിറ്റി കോളജിലെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ കുറിച്ച് വാചകമടിക്കുന്ന എ.ഐ.എസ്.എഫ് എന്തു കൊണ്ടാണ് മറ്റിടങ്ങളില്‍ വിജയിക്കാന്‍ കഴിയാത്തത് എന്നാണ് പരിശോധിക്കേണ്ടത്. സ്വാധീനമില്ലെങ്കിലും സംസ്ഥാനത്തെ ചില ക്യാമ്പസുകളില്‍ ആരെയെങ്കിലുമൊക്കെ പിടിച്ച് എ.ഐ.എസ്.എഫ് സ്ഥാനാര്‍ത്ഥികളാക്കാറുണ്ട്. അവരാകട്ടെ എട്ടു നിലയില്‍ പൊട്ടാറുമുണ്ട്. പ്രവര്‍ത്തന സ്വാതന്ത്ര്യമല്ല, പ്രവര്‍ത്തന മികവാണ് ഇവിടെ പ്രശ്നം.

എ.ഐ.എസ്.എഫ് എന്ന വിദ്യാര്‍ത്ഥി സംഘടന എന്തെന്ന് പോലും അറിയാത്തവരാണ് കേരളത്തിലെ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് വേണം ആ സംഘടനയുടെ നേതൃത്വം പ്രവര്‍ത്തിക്കാന്‍. മാധ്യമ ഷോ കൊണ്ടൊന്നും ഒരു സംഘടനയും വളരില്ല. കൊല്ലം ജില്ലയില്‍ ഉള്‍പ്പെടെ ഏതാനും ക്യാമ്പസുകളില്‍ ഏതെങ്കിലും സീറ്റുകളില്‍ എ.ഐ.എസ്.എഫിന് വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് എസ്.എഫ്.ഐയുടെ ഔദാര്യത്തില്‍ മാത്രമാണ്.

വൈപ്പിന്‍ കോളജ് വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ സി.പി.ഐ എം.എല്‍.എ അടി മേടിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ കാരണമാണ് സി.പി.എം പരിശോധിക്കേണ്ടത്. അതല്ലാതെ എസ്.എഫ്.ഐ നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ശരിയല്ല.

വരുന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ എസ്.എഫ്.ഐയുമായി സഖ്യമായി പരമാവധി നേട്ടമുണ്ടാക്കുകയാണ് എ.ഐ.എസ്.എഫ് ലക്ഷ്യമിടുന്നത്. അതിനു വേണ്ടിയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി തന്നെ ചര്‍ച്ചക്ക് ഇറങ്ങി തിരിച്ചിരിക്കുന്നത്. സി.പി.എമ്മിന് സി.പി.ഐയോട് വിട്ടു വീഴ്ച ചെയ്യേണ്ട ഗതികേടുണ്ടാകാം. പക്ഷേ അത് എസ്.എഫ്.ഐയില്‍ ഒരിക്കലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്.

10 വോട്ട് തികച്ച് കിട്ടാത്ത സ്ഥലത്ത് സ്ഥാനം ആര് ആഗ്രഹിച്ചാലും അത് അതിമോഹമാണ്. സി.പി.എം നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഇനി എസ്.എഫ്.ഐ ഏതെങ്കിലും സീറ്റുകള്‍ എ.ഐ.എസ്.എഫിന് നല്‍കിയാല്‍ പോലും അത് തിരിച്ചടിക്കും. വിദ്യാര്‍ത്ഥി സമൂഹത്തിന് ബോധ്യപ്പെടാത്ത സഖ്യം അവര്‍ തള്ളിക്കളയും. അതുറപ്പാണ്. അനുഭവങ്ങള്‍ പലതും നമുക്ക് മുന്നില്‍ തന്നെ നിലവിലുണ്ട്. എസ്.എഫ്.ഐയെ നേഞ്ചേറ്റിയവര്‍ക്ക് വര്‍ഗ്ഗ വഞ്ചകരുടെ വേഷം കെട്ടിയാടുന്നവരെ സ്വീകരിക്കാനുള്ള മാനസികാവസ്ഥയൊന്നുമുണ്ടാകില്ല. അക്കാര്യം സി.പി.ഐ നേതൃത്വവും തിരിച്ചറിയണം.

സി.പി.ഐ എന്ന പാര്‍ട്ടി കേരളത്തില്‍ നിലനില്‍ക്കുന്നത് തന്നെ സി.പി.എമ്മിന്റെ കരുത്തിനാലാണ്. ഒറ്റക്ക് മത്സരിച്ചാല്‍ ഒരു പഞ്ചായത്ത് ഭരണം പോലും പിടിക്കാന്‍ ആ പാര്‍ട്ടിക്ക് കഴിയുകയില്ല. വിശാല ഇടതുപക്ഷ ഐക്യം എന്ന് പറഞ്ഞാണ് സി.പി.ഐയോട് സി.പി.എം വിട്ടു വീഴ്ച ചെയ്തുകൊണ്ടിരിക്കുന്നത്. സി.പി.ഐയുടെ സ്വാധീനത്തിനുമപ്പുറമുള്ള സീറ്റുകളും പദവികളുമാണ് അവര്‍ക്ക് സി.പി.എം നല്‍കിയിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളില്‍ തുടങ്ങി മന്ത്രി പദവിയില്‍ വരെ ഇതു വ്യക്തമാണ്.

ഇടതുപക്ഷത്തെ രണ്ടാമത്തെ പാര്‍ട്ടിയാണ് സി.പി.ഐ. എന്നാല്‍ യു.ഡി.എഫ് ഘടക കക്ഷികളെ പോലെ വലിയ ജനസ്വാധീനം ഈ പാര്‍ട്ടിക്ക് നിലവിലില്ല. യു.ഡി.എഫില്‍ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ്സും കരുത്തരാണ്. ഈ പാര്‍ട്ടികള്‍ ഇല്ലെങ്കില്‍ സംസ്ഥാനത്ത് ഒരിക്കല്‍ പോലും ഭരണത്തില്‍ വരാന്‍ കോണ്‍ഗ്രസ്സിന് കഴിയുകയില്ല. എന്നാല്‍ ഇടതുപക്ഷത്ത് സ്ഥിതി മറിച്ചാണ്. സി.പി.എമ്മിന്റെ സംഘടനാ ശക്തി കൊണ്ടു മാത്രം നിലനില്‍ക്കുന്ന മുന്നണിയാണത്.

സി.പി.ഐക്ക് ഏതാനും ജില്ലകളില്‍ മാത്രമാണ് സ്വാധീനങ്ങള്‍ ഉള്ളത്. മറ്റു ഘടക കക്ഷികളാകട്ടെ എല്ലാം ഒരു പടമാണ്. ഒരു ബസില്‍ കയറ്റി കൊണ്ടു പോകാനുള്ള അണികള്‍ പോലും മിക്കതിനും സംസ്ഥാനത്തില്ല. ഈ തട്ടിക്കൂട്ട് ഘടകകക്ഷികളാണ് ഇടതുപക്ഷത്തിന്റെ ശാപം. ഇതുമൂലം സി.പി.എം പ്രവര്‍ത്തകര്‍ക്ക് അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ട് ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥയാണ് പലയിടത്തുമുള്ളത്.

cpm

സ്വന്തം ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ സി.പി.എം അനുഭാവികള്‍ക്ക് അവസരം ലഭിച്ചാല്‍ തന്നെ വലിയ മാറ്റമാണ് ഉണ്ടാകുക. വിട്ടുവീഴ്ചകള്‍ സി.പി.എം മാത്രം ചെയ്യുന്നതാണ് ഇവിടെ ഘടകകക്ഷികളുടെ അവകാശവാദം വര്‍ദ്ധിക്കാന്‍ കാരണം. സി.പി.എം അച്ചടക്ക നടപടി സ്വീകരിച്ച് ഒഴിവാക്കുന്നവരെ സ്വീകരിക്കാനുള്ള റിക്ക്രൂട്ട്‌മെന്റ് കേന്ദ്രമായി മാറിയിരിക്കുകയാണിപ്പോള്‍ സി.പി.ഐ. എറണാകുളം ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സി.പി.ഐ ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നത് തന്നെ ഈ ശൈലി പിന്‍തുടര്‍ന്നാണ്.

ഭരിക്കുന്ന സര്‍ക്കാര്‍ ഏതെന്ന് നോക്കാത്തെ ഡി.ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ അവരെ പ്രേരിപ്പിച്ചതും ഇത്തരക്കാരുടെ സമ്മര്‍ദ്ദം മൂലമാണ്. കാനം രാജേന്ദ്രന്‍ എറണാകുളം കമ്മറ്റിയോട് മുഖം കറുപ്പിച്ചത് ആ കമ്മറ്റിക്ക് ഇസ്മയില്‍ പക്ഷത്തിനോടാണ് കുറ് എന്നതിനാല്‍ മാത്രമാണ് . അല്ലാതെ സി.പി.എമ്മിനോടുള്ള സ്നേഹം കൊണ്ടല്ല.

സി.പി.എമ്മില്‍ നിന്നും പുറത്താക്കിയവര്‍ക്ക് ഈ എറണാകുളത്തു പോലും ചുവപ്പ് പരവതാനി വിരിച്ചത് കാനം രാജേന്ദ്രന്‍ നേരിട്ടെത്തിയാണ്. ഇക്കാര്യം ആര് മറന്നാലും എറണാകുളത്തെ സി.പി.എം പ്രവര്‍ത്തകര്‍ മറക്കാനിടയില്ല. സി.പി.എമ്മില്‍ നിന്നും നടപടിയെടുത്ത് ഒഴിവാക്കുന്നവരുടെ ഒരു പാര്‍ട്ടിയെ ഇടതുപക്ഷത്ത് നിലനിര്‍ത്തുന്നത് തന്നെ ശരിയായ നിലപാടല്ല. ഏകപക്ഷീയമായ വിട്ടുവീഴ്ച മാത്രമാണ് മുന്നണി നിലനില്‍പ്പിന് അടിസ്ഥാനമെങ്കില്‍ എന്തിനാണ് ഇങ്ങനെ ഒരു മുന്നണി എന്ന ചോദ്യവും പ്രസക്തം തന്നെയാണ്.

സി.പി.എം ശരിയായ രാഷ്ട്രീയം ഉയര്‍ത്തി പിടിച്ചത് കൊണ്ടാണ് പിളര്‍ന്ന് വന്നിട്ടും സി.പി.ഐക്ക് മീതെ വലിയ പാര്‍ട്ടിയായി മാറാന്‍ കഴിഞ്ഞത്. മുന്‍ഗാമികള്‍ എടുത്ത ധീര നിലപാടുകള്‍ പുതിയ കാലഘട്ടത്തിലും സ്വീകരിക്കാന്‍ സി.പി.എം നേതൃത്വം തയ്യാറാകണം. തോളിലിരുന്ന് ചെവി തിന്നാന്‍ ശ്രമിക്കുന്നത് ആരായാലും അതിനെ എടുത്ത് കളയണം. അവരോട് സന്ധി സംഭാഷണമല്ല നടത്തേണ്ടത്. അങ്ങനെ ചെയ്താല്‍ അവരുടെ വില പേശലും ധാര്‍ഷ്ട്യവും കൂട്ടുകയേ ഒള്ളൂ.

ജനസ്വാധീനമില്ലാത്ത പാര്‍ട്ടികള്‍ ഇടത് മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുമെങ്കില്‍ ഘടക കക്ഷികള്‍ ആവുന്നതില്‍ തെറ്റില്ല. പക്ഷേ അവരുടെ ശക്തിക്ക് അനുസരിച്ച് മാത്രമാണ് പരിഗണന നല്‍കേണ്ടത്. അതല്ലെങ്കില്‍ പിന്നീട് മുള്‍കിരീടമായി മാറും.

സി.പി.ഐയെ പോലെ സി.പി.എം വലിയ വിട്ടു വീഴ്ച ചെയ്ത ഒരു പാര്‍ട്ടിയായിരുന്നു ആര്‍.എസ്.പി. ആ പാര്‍ട്ടി ഇപ്പോള്‍ യു.ഡി.എഫ് പാളയത്തിലാണ്. സി.പി.എമ്മിന്റെ ശക്തികേന്ദ്രത്തില്‍ ഇപ്പോള്‍ യു.ഡി.എഫിന്റെ ഭാഗമായാണ് ആര്‍.എസ്.പി വിജയിച്ചിരിക്കുന്നത്.

ഇടതുപക്ഷത്തിരുന്നപ്പോള്‍ ആര്‍ജിച്ച ജനസമ്മതിയാണ് പ്രേമചന്ദ്രന്റെ വിജയത്തിന് പ്രധാന ഘടകമായി മാറിയിരുന്നത്. ഇപ്പോള്‍ സമ്മര്‍ദ്ദം തുടരുന്ന സി.പി.ഐ തന്നെ ഒരു വലതുപക്ഷ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. കോണ്‍ഗ്രസ്സിന്റെ ഒപ്പം കൂടിയ ചരിത്രമുള്ളതിനാല്‍ വലതുപക്ഷത്തേക്ക് അവര്‍ക്കും ദൂരം വളരെ കുറവുമാണ്. അതുകൊണ്ടാണ് എസ്.എഫ്.ഐക്കെതിരെ കെ.എസ്.യു ഉള്‍പ്പെടെയുള്ളവരുമായി സഹകരിക്കാന്‍ എ.ഐ.എസ്.എഫിനും കഴിയുന്നത്.

രമേശ് ചെന്നിത്തലക്കും മുല്ലപ്പള്ളി രാമചന്ദ്രനും യു.ഡി.എഫിലേക്ക് സി.പി.ഐയെ ക്ഷണിക്കാന്‍ പ്രേരണ നല്‍കുന്നതും ഈ വലതുപക്ഷ സ്നേഹമുള്ളതുകൊണ്ടാണ്. അറിഞ്ഞ് കൊണ്ട് വീണ്ടും കുലം കുത്തികളെ സി.പി.എം ഇനിയും ശക്തരാക്കരുത്.

ക്യാമ്പസുകളില്‍ എസ്.എഫ്.ഐ ഒറ്റക്ക് മത്സരിക്കട്ടെ, അത് ആ സംഘടനയുടെ അഭിമാന പ്രശ്നം കൂടിയാണ്. എതിരാളികള്‍ ഒരുമിച്ച് വേട്ടയാടുമ്പോഴാണ് ആ സംഘടന കൂടുതല്‍ കരുത്താര്‍ജിക്കുന്നത്. അവിടെ ശുഭ്രപതാകക്കൊപ്പം മറ്റേതെങ്കിലും കൊടി കൂടി കെട്ടാന്‍ ശ്രമിച്ചാല്‍ അത് ചരിത്രപരമായ മണ്ടത്തരമായിരിക്കും. ക്യാമ്പസുകള്‍ ആഗ്രഹിക്കാത്തത് നടപ്പാക്കാന്‍ സി.പി.എം ഒരിക്കലും വിദ്യാര്‍ത്ഥി നേതാക്കളെ നിര്‍ബന്ധിക്കരുത്.

സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടന എന്നാണ് എസ്.എഫ്.ഐ ഭരണഘടനയില്‍ തന്നെ പറയുന്നത്. അവര്‍ സ്വതന്ത്രമായി തന്നെ പ്രവര്‍ത്തിക്കട്ടെ. മറ്റുള്ളവര്‍ സ്വന്തം നിലക്ക് കരുത്ത് തെളിയിച്ചാണ് വിദ്യാര്‍ത്ഥി പിന്തുണ ആര്‍ജിക്കേണ്ടത്. അതിന് ചാനല്‍ സ്റ്റുഡിയോകളിലിരുന്ന് പ്രസംഗിച്ചിട്ട് കാര്യമില്ല. വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ഇറങ്ങണം. അവരുടെ മനസ്സറിയണം, അവര്‍ക്ക് വേണ്ടി പോരാടണം. അപ്പോഴേ വിദ്യാര്‍ത്ഥികള്‍ അംഗീകരിക്കൂ.

Express View

Top