അഭിമന്യു വധക്കേസ്; വിചാരണ ഫെബ്രുവരി നാലിന് തുടങ്ങും

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിന്റെ വിചാരണ ഫെബ്രുവരി നാലിന് തുടങ്ങും. പതിനാറ് പേരുടെ വിചാരണയാണ് ആദ്യം തുടങ്ങുക. കേസില്‍ ഒന്നാംപ്രതിയുള്‍പ്പെടെ ഏഴ് പേരാണ് ഇനിയും പിടിയിലാകാനുള്ളത്.

ഇവരുടെ വിചാരണ നടക്കുന്നത് പിന്നീടായിരിക്കും. ജാമ്യം ലഭിച്ച പ്രതികളടക്കമുള്ളവരോട് അടുത്ത മാസം നാലിന് ഹാജരാകാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആവശ്യപ്പെട്ടു.

മഹാരാജാസിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യു ക്യാംപസിലെ രാഷ്ട്രീയപ്പോരിന് ഇരയാവുകയായിരുന്നു. ക്യാംപസില്‍ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ ഒട്ടിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു ആക്രമണത്തിന് പിന്നില്‍. കുത്തേറ്റ അഭിമന്യുവിനെ ഉടന്‍ അടുത്തുള്ള ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Top