മന്ത്രി റിയാസിനെ ‘തിരുത്തി’ എസ്.എഫ്.ഐ, ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെട്ടത് ശരി

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിന് നേരെ എസ്എഫ്‌ഐ നടത്തിയ അക്രമത്തെ അപലപിച്ച് ദേശീയ അധ്യക്ഷന്‍ വി.പി സാനു. ബഫര്‍ സോണ്‍ വിഷയത്തില്‍ മലയോര മേഖലയില്‍ പ്രതിഷേധ സമരങ്ങൾ നടക്കുന്നുണ്ട്. അത്തരമൊരു വിഷയത്തില്‍ ഇടപെടുന്നതും പ്രതിഷേധിക്കുന്നതും സ്വാഭാവികമായ നടപടിയാണ്. എന്നാല്‍ അത്തരമൊരു സമരം അക്രമത്തിലേക്ക് പോകുകയെന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് നടന്നതെന്നും സാനു മാധ്യമങ്ങളോട് പറഞ്ഞു.

എസ്എഫ്‌ഐ ഏറ്റെടുക്കേണ്ട സമരമോ മുദ്രാവാക്യമോ അല്ല ഇതെന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം സാനു തിരുത്തി. ബഫര്‍ സോണ്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഒരു സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനയെന്ന നിലയില്‍ എസ്എഫ്‌ഐ പ്രതികരണം നടത്തുകയും ഏറ്റെടുക്കുകയും ചെയ്യും. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയമാണിത്. എന്നാല്‍ ഒരു എംപിയുടെ ഓഫീസിലേക്ക് മാര്‍ച്ച് എന്ന നിലയില്‍ അത് നടത്തുന്നതിനോട് യോജിപ്പില്ലെന്നും സാനു വ്യക്തമാക്കി.

കൃത്യമായ നിര്‍ദേശമോ ഉപരികമ്മിറ്റികളുടെ അനുവാദമോ ഇല്ലാതെയാണ് രാഹുല്‍ ഗന്ധിയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയതും തുടര്‍ന്നുണ്ടായ സംഭവഭങ്ങളും. അനിഷ്ട സംഭവങ്ങളുണ്ടായി. സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് ഇന്നലെ ഉണ്ടായത്. അതില്‍ കൃത്യമായ അന്വേഷണം നടത്തിയ ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. അതില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും സാനു പറഞ്ഞു.

എസ്എഫ്‌ഐ ഏറ്റെടുക്കേണ്ട സമരമല്ല ഇതെന്ന് പ്രതികരിച്ചുകൊണ്ട് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. സമരം എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കരുതുന്നില്ല. ഒരു പഴയ എസ്എഫ്‌ഐക്കാരൻ എന്ന നിലക്ക് ഒരിക്കലും ഈ സമര രീതിയോട് യോജിക്കാൻ പറ്റില്ല. എസ്എഫ്‌ഐ ഏറ്റെടുക്കേണ്ട മുദ്രാവാക്യമല്ല ഇതെന്നും, ബാക്കി കാര്യങ്ങൾ പിന്നീട് പ്രതികരിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Top