ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു; എഐഎസ്എഫിനെതിരെ മറുപരാതിയുമായി എസ്എഫ്‌ഐ

കോട്ടയം: എംജി സര്‍വകലാശാലയില്‍ എഐഎസ്എഫ് വനിതാ നേതാവിനെതിരെ എസ്എഫ്‌ഐ നേതാവ് വംശീയാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ മറുപരാതിയുമായി എസ്എഫ്‌ഐ. സംഘര്‍ഷത്തിനിടെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥി നേതാവിനെ എഐഎസ്എഫ് അപമാനിച്ചു എന്നും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്നുമാണ് പരാതി.

ഇന്നലെയാണ് എംജി യൂണിവേഴ്സിറ്റി ക്യാമ്പസില്‍ സംഭവം നടന്നത്. സെനറ്റ് തെരഞ്ഞെടുപ്പിനിടെ സര്‍വകലാശാലയിലുണ്ടായ സംഘര്‍ഷത്തിനിടെ ലൈംഗിക അതിക്രമം നടന്നു എന്ന ഗുരുതരമായ ആരോപണമാണ് എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിലുള്ളത്. എസ്എഫ്ഐ നേതാക്കള്‍ അപമാനിച്ചു എന്നും ആരോപണമുണ്ട്.

കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ഗാന്ധിനഗര്‍ പൊലീസ് യുവതിയുടെ മൊഴി എടുത്തു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും, ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും വനിതാ നേതാവ് മൊഴി നല്‍കി.

വിദ്യാഭ്യാസമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗം കെ അരുണിന് പുറമേ പ്രജിത്, അമല്‍, ആര്‍ഷോ എന്നിവരും അക്രമത്തിന് നേതൃത്വം നല്‍കിയെന്നും എഐഎസ്എഫ് നേതാവ് മൊഴി നല്‍കിയിരുന്നു.

Top