കസ്റ്റംസിൽ മാത്രമല്ല, ഐ.എ.എസിലും ഐ.പി.എസിലും കാണും പഴയ ചുവപ്പ് !

ന്ത്യന്‍ ഭരണചക്രം തിരിക്കുന്നത് ഐ.എ.എസും ഐ.പി.എസും ഐ.എഫ്.എസും ഐ.ആര്‍.എസും അടങ്ങുന്ന രാജ്യത്തെ ഇരുപത്തിയാറോളം സര്‍വ്വീസുകാരാണ്. ഏറ്റവും മിടുക്കരായവര്‍ മാത്രം എത്തിപ്പെടുന്ന മേഖലയാണിത്. ഒരു ജനാധിപത്യ സര്‍ക്കാറിന്റെ കാലാവധി 5 വര്‍ഷമാണെങ്കില്‍ ഒരു സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്റെ കാലാവധി 35 വര്‍ഷത്തോളമാണ്. മന്ത്രിമാരെ സല്യൂട്ടടിച്ച കൈകള്‍ തന്നെ പിന്നീട് അവരെ വിലങ്ങു വയ്ച്ച കാഴ്ചകളും നമുക്ക് മുന്നില്‍ തന്നെയുണ്ട്. അതാണ് ‘ഈ’ ഉദ്യോഗസ്ഥ പവര്‍.

ഭരണകൂട ദാര്‍ഷ്ട്യങ്ങള്‍ക്ക് മുന്നില്‍ വഴങ്ങാതെ ശിരസ് ഉയര്‍ത്തി നില്‍ക്കുന്നവരും, മുട്ടിലിഴയുന്നവരും വരെ ഇക്കൂട്ടത്തിലുണ്ട്. ഇവരില്‍ ഏറ്റവും മികച്ച ട്രാക്കിന് ഉടമയാണ് കേന്ദ സര്‍ക്കാറിപ്പോള്‍ സ്ഥലം മാറ്റിയ കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനിഷ് പി.രാജന്‍. 2008 ബാച്ചിലെ ഐആര്‍എസ് ഓഫീസര്‍ ആയ അനീഷ് പി രാജനെ തേടി എത്തിയതെല്ലാം സ്വപ്ന തുല്യമായ നേട്ടമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച പത്ത് കസ്റ്റംസ് ഓഫീസര്‍മാരില്‍ ഒരാളായി അനീഷ് പി രാജനെ തിരഞ്ഞെടുത്തത് ബ്രസല്‍സ് ആസ്ഥാനമായ വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷനാണ്.

ജനുവരി 27ന്, ദില്ലിയില്‍ വെച്ച് അനീഷ് രാജന് ഈ ബഹുമതി നല്‍കിയതാകട്ടെ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാജ് ഠാക്കൂര്‍ നേരിട്ടാണ്. കഴിവും ജോലിയോടുള്ള ആത്മാര്‍ത്ഥതയുമാണ് ഈ ഉദ്യോഗസ്ഥന്റെ മുഖമുദ്ര. നികുതി വെട്ടിപ്പ് പിടികൂടാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച നിരവധി അന്വേഷണ സംഘത്തിലും അനീഷ് പങ്കാളിയായിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ 1400 കള്ളക്കടത്തുകളാണ്, ഈ കസ്റ്റംസ് ഓഫീസര്‍ പിടികൂടിയിരിക്കുന്നത്. 800 ഓളം പേരെയാണ് വ്യത്യസ്ത സംഭവങ്ങളിലായി അറസ്റ്റ് ചെയ്തിട്ടുള്ളത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ കുപ്രസിദ്ധമായ വിദേശമദ്യ കള്ളക്കടത്തിലെ പ്രതികളെ ഗോവയില്‍ പോയി സാഹസികമായി പിടികൂടിയതും അനീഷ് പി രാജന്റെ സംഘമാണ്. തേവര എസ് എച്ച് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ റാങ്ക് വാങ്ങിയ അനീഷ് രാജന്‍ ജെഎന്‍യുവില്‍ പിഎച്ച്ഡി ചെയ്യുന്നതിനിടെയാണ് ഇന്ത്യന്‍ റവന്യു സര്‍വീസില്‍ എത്തപ്പെട്ടത്. കള്ളക്കടത്ത് സംഘത്തിന്റെ പേടി സ്വപ്നമായ ഈ ഉദ്യോഗസ്ഥനില്‍ ബി.ജെ.പി കണ്ട അയോഗ്യത ചുവപ്പ് പശ്ചാത്തലം മാത്രമാണ്.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും തന്നെയാരും വിളിച്ചിട്ടില്ലെന്ന് അനീഷ് തുറന്ന് പറഞ്ഞതാണ് കാവിപ്പടയെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്ന ബി.ജെ.പി ആരോപണത്തിന്റെ മുനയൊടിഞ്ഞത് നേതൃത്വത്തിന് വലിയ പ്രഹരം തന്നെ ആയിരുന്നു. ഇതേ തുടര്‍ന്നാണ് ബി.ജെ.പി നേതൃത്വം അനീഷ് പി രാജിന്റെ പശ്ചാത്തലം വിവാദമാക്കി രംഗത്തുവന്നിരുന്നത്.

ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ പിറന്നു എന്നത് ഐ.ആര്‍.എസ് നേടാന്‍ അയോഗ്യതയല്ലെന്നത് ബി.ജെ.പി നേതൃത്വം ഇനിയെങ്കിലും മനസ്സിലാക്കണം. സഹോദരന്‍ സി.പി.എം ഏരിയാ കമ്മറ്റി അംഗമായതും അനീഷിന്റെ പിഴവല്ല. പഠിക്കുന്ന സമയത്ത് എസ്.എഫ്.ഐ ആയിരുന്നു എന്നാണ് ആരോപണമെങ്കില്‍ അതും വിലപോകില്ല. നിലവില്‍ സര്‍വ്വീസിലുള്ള ഐ.എ.എസ് – ഐ.പി.എസ്, ഐ.ആര്‍.എസ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് എടുത്താല്‍ അതിലും കാണും നിരവധിപേരുടെ ‘പഴയ’ എസ്.എഫ്.ഐ പശ്ചാത്തലം. ആ ലിസ്റ്റ് കേരളത്തില്‍ മാത്രമായി ഒതുങ്ങുകയുമില്ല മറ്റു സംസ്ഥാനങ്ങളിലേക്കു പോലും നീളാനാണ് സാധ്യത.

സി.പി.എമ്മിന് വളക്കൂറില്ലാത്ത സംസ്ഥാനങ്ങളില്‍ പോലും എസ്.എഫ്.ഐ കോളജുകളും യൂണിവേഴ്‌സിറ്റികളും ഭരിക്കുന്നുണ്ടെന്നതും നാം ഓര്‍ക്കണം. ഡല്‍ഹി ജെ.എന്‍.യു, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, രാജസ്ഥാനിലെ 41 കോളേജ് യൂണിയനുകള്‍, തുടങ്ങി നിരവധിയിടങ്ങളില്‍ ഇപ്പോഴും ഭരിക്കുന്നത് എസ്.എഫ്.ഐയാണ്. എന്തിനേറെ എത്രയോ ബി.ജെ.പി – കോണ്‍ഗ്രസ്സ് നേതാക്കളുടെ മക്കള്‍ പോലും കാമ്പസുകളില്‍ എസ്.എഫ്.ഐയായി മാറിയിട്ടുണ്ട്. അതിന് ആ സംഘടനയെ പഴി പറഞ്ഞിട്ട് ഒരു കാര്യവുമില്ല രാഷ്ട്രീയ പാര്‍ട്ടികളുടെ ‘ബി’ ടീമായി വിദ്യാര്‍ത്ഥി സംഘടനകളെ മാറ്റിയവരാണ്, സ്വയം വിമര്‍ശനങ്ങള്‍ നടത്തേണ്ടത്.

കേരളത്തിലെ കോളേജുകളില്‍ പോലും, പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ എസ്.എഫ്.ഐയേക്കാള്‍ ബഹുദൂരം പിന്നിലായിട്ട് വര്‍ഷങ്ങള്‍ അനവധിയായി. കാമ്പസില്‍ പഠിച്ചിറങ്ങുന്നവരുടെ ബി.ജെ.പി പശ്ചാത്തലം തേടി തുടങ്ങിയാല്‍, അതിനേ നേരമുണ്ടാവുകയൊള്ളൂ. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരില്‍ മാത്രമല്ല ഡോക്ടര്‍മാരിലും നീതിന്യായ രംഗത്തും തുടങ്ങി സര്‍വ്വ മേഖലകളിലും ചുവപ്പ് ‘വഴിത്താരകള്‍’ കാണുക സ്വാഭാവികമാണ്. പഠിക്കുന്ന കാലത്തെ പശ്ചാത്തലം നോക്കി ഇവരാരും തന്നെ നിലപാടുകള്‍ സ്വീകരിക്കാറില്ലന്നതും വിമര്‍ശകര്‍ തിരിച്ചറിയണം. എന്നാല്‍ ഇവിടെ ബി.ജെ.പി സ്വീകരിച്ചിരിക്കുന്നത് പകപോക്കല്‍ രാഷ്ട്രീയമാണ്.

ധൃതി പിടിച്ച് അനീഷ് പി.രാജനെ ആര്‍.എസ്.എസ് ആസ്ഥാനം നിലനില്‍ക്കുന്ന നാഗ്പൂരിലേക്ക് മാറ്റിയത് ശരിക്കും ഒരു പ്രതികാര നടപടിയാണ്. കസ്റ്റംസ് ഉദ്യോഗസ്ഥരെ പോലും ബോധ്യപ്പെടുത്താന്‍ കഴിയാത്ത സ്ഥലമാറ്റമാണിത്. നിഷ്പക്ഷമായ അന്വേഷണം മോദി സര്‍ക്കാറിന് കീഴില്‍ നടക്കില്ലെന്നതിന്റെ സൂചനയായും ഈ നടപടിയെ വിലയിരുത്താവുന്നതാണ്. വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസില്‍ സംഘപരിവാര്‍ അനുകൂലിയായ കാര്‍ഗ്ഗോ ഏജന്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സ്ഥലമാറ്റവും ഉണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ അനിഷ്ടമുള്ള ഉദ്യോഗസ്ഥരോട് പക പോക്കുന്നത്, ബി.ജെ.പിയെ സംബന്ധിച്ച് ഒരു വിനോദമാണ്.

ഗുജറാത്ത് കലാപകേസില്‍, ശക്തമായ നിലപാട് സ്വീകരിച്ച ഐ.പി.എസ് ഓഫീസര്‍ സഞ്ജയ് ഭട്ട്, ഇപ്പോഴും അഴിക്കുള്ളിലാണ്. ലോക്ക് ഡൗണ്‍ ലംഘിച്ച മന്ത്രി പുത്രനെ തടഞ്ഞതിന്, ഒരു വനിതാ പൊലീസുകാരിയെ സ്ഥലം മാറ്റിയതും ഇതേ ഗുജറാത്തിലാണ്. ഒടുവിലിപ്പോള്‍ കോണ്‍സ്റ്റബിള്‍ സുനിത യാദവ്, സര്‍വ്വീസില്‍ നിന്നു തന്നെ രാജിവച്ചിരിക്കുകയാണ്.

കാവി രാഷ്ട്രീയത്തിന്റെ അടുത്ത ഇര, തൗനാവോജാം ബൃന്ദ എന്ന, മണിപ്പൂര്‍ പോലീസിലെ അഡീഷണല്‍ സൂപ്രണ്ടാണ്. മയക്കുമരുന്ന് മാഫിയക്കെതിരെ നടപടി എടുത്തതിനാണ് ഇവര്‍ക്കെതിരെ പകപോക്കല്‍ നടത്തിയിരിക്കുന്നത്. കര്‍ഫ്യൂ ലംഘിച്ചു എന്ന കുറ്റം ചുമത്തിയാണ് ഈ പോലീസ് ഉദ്യോഗസ്ഥയെ കസ്റ്റഡിയില്‍ എടുപ്പിച്ചിരിക്കുന്നത്. നമുക്കാര്‍ക്കും സങ്കല്‍പിക്കാന്‍ കഴിയാത്ത സംഭവമാണ് മണിപ്പൂരില്‍ അരങ്ങേറിയിരിക്കുന്നത്. ഇത്തരം ന്യായമായ വിഷയങ്ങളില്‍, പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നില്‍ക്കേണ്ട പോലീസ് സംവിധാനത്തെ ഉപയോഗിച്ച് തന്നെയാണ്, തൗനാവോജാം ബൃന്ദയെ കസ്റ്റഡിയില്‍ എടുപ്പിച്ചത് എന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്.

യുപിയില്‍ ട്രാഫിക് നിയമം തെറ്റിച്ച ബിജെപി നേതാവിനെ അറസ്റ്റ് ചെയ്ത വനിതാ പോലീസ് ഓഫീസറെയും മുന്‍പ് യോഗി സര്‍ക്കാര്‍ സ്ഥലം മാറ്റിയിട്ടുണ്ട്. ബലന്ദ്ശര്‍ ജില്ലയിലെ വനിതാ പോലീസ് ഓഫീസര്‍, ശ്രേഷ്ട ഠാക്കൂറിനെതിരെയാണ് പ്രതികാര നടപടി സ്വീകരിച്ചിരുന്നത്. ഇത്തരത്തില്‍, അനവധി ശിക്ഷാ നടപടികള്‍ ബി.ജെ.പി ഭരണകൂടങ്ങള്‍, ഉദ്യോഗസ്ഥര്‍ക്കെതിരെ എടുത്തിട്ടുണ്ട്. അതിലെ ഏറ്റവും ഒടുവിലത്തെ ഇരയാണ്, അനീഷ് പി രാജന്‍ എന്ന മലയാളി കസ്റ്റംസ് ഓഫീസര്‍.

Expressview

Top