ബിരിയാണിക്കഥയൊന്നും ഇങ്ങോട്ട് ‘വിളബണ്ട’ അതൊന്നും വിലപ്പോവില്ല

കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ പോരാട്ട ചരിത്രം എന്നത് എസ്.എഫ്.ഐയുടെ കൂടി ചരിത്രമാണ്. ആ പോരാട്ടത്തിനിടയില്‍ വീണു പോയതാകട്ടെ  നിരവധി പേരാണ്  രാജ്യത്തെ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയ്ക്കും ഇത്രയും സഹിക്കേണ്ടി വന്നിട്ടില്ല. ആ സംഘടനയെ ആണിപ്പോള്‍  ‘ബിരിയാണി’ ആരോപണത്തില്‍ തളയ്ക്കാന്‍  രാഷ്ട്രിയ എതിരാളികള്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമായ നിലപാടാണിത്. അതെന്തായാലും പറയാതെ വയ്യ .

രാഷ്ട്രീയ പക ചില രക്ഷിതാക്കളുടെ തലയ്ക്കു പിടിച്ചതിന്റെ കൂടി പരിണിതഫലമാണ്  എസ്.എഫ്.ഐക്കെതിരെ  പാലക്കാട്ട് ഉയര്‍ന്നിരിക്കുന്ന , ബിരിയാണി ആരോപണം.
ബിരിയാണി വാങ്ങിത്തരാം എന്നും പറഞ്ഞ്  എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ സമരത്തിന് കൊണ്ടുപോയി എന്നതാണ്  ചില രക്ഷിതാക്കളും,അവരുടെ പ്രേരണയില്‍, ചില കുട്ടികളും ആരോപണം ഉന്നയിച്ചിരിക്കുന്നത്. എസ്.എഫ്.ഐ അവകാശ പത്രികാ സമര്‍പ്പണമാര്‍ച്ച്  പാലക്കാട്ട് മാത്രമല്ല  സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും നടന്ന സംഭവമാണ്. ഈ മാര്‍ച്ചില്‍ പതിനായിരക്കണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്  സംസ്ഥാന വ്യാപകമായി പങ്കെടുത്തിരിക്കുന്നത്.ഇവരാരും തന്നെ  ബിരിയാണി കിട്ടുമെന്ന പ്രതീക്ഷയില്‍ പങ്കെടുത്തവരല്ല. സാധാരണ ഗതിയില്‍ ഇത്തരം മാര്‍ച്ചില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ദാഹജലവും  ഭക്ഷണവുമെല്ലാം പറ്റുന്ന രൂപത്തില്‍ ചുമതലപ്പെട്ട എസ്.എഫ്.ഐ നേതാക്കള്‍ വാങ്ങി കൊടുക്കാറുണ്ട്. ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ  എസ്.എഫ്.ഐ. പരിപാടികളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളും അനവധിയാണ്. ഇതെല്ലാം വ്യക്തമായി അറിയാവുന്നവര്‍ തന്നെയാണ്  പാലക്കാട്ടെ എസ്.എഫ്.ഐ സമരത്തെ ഇപ്പോള്‍ വിവാദമാക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ഇതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ താല്‍പ്പര്യവും അരാഷ്ട്രീയ ബോധവുമാണുള്ളത്. അക്കാര്യത്തില്‍ ഒരു തര്‍ക്കത്തിന്റെയും ആവശ്യമില്ല. ആരോപണം ഉന്നയിച്ച കുട്ടികളുടെ രക്ഷിതാക്കളുടെ പശ്ചാത്തലം പരിശോധിച്ചാല്‍ തന്നെ ഇക്കാര്യവും പകല്‍ പോലെ വ്യക്തമാകുന്നതാണ്. കോഴിക്കോടും പാലക്കാട്ടും രണ്ടിടത്ത് സമരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ  വാഹനത്തില്‍ നിന്നും ഇറക്കുമ്പോള്‍ ക്ഷുഭിതരായ രക്ഷിതാക്കള്‍ക്കും വ്യക്തമായ രാഷ്ട്രീയ പശ്ചാത്തല മുണ്ട്. അതാകട്ടെ ചുവപ്പിനെതിരായ രാഷ്ട്രീയ ബോധവുമാണ്. തങ്ങള്‍ വിശ്വസിക്കുന്ന പ്രത്യായ ശാസ്ത്രത്തില്‍ തങ്ങളുടെ മക്കളും വിശ്വസിക്കണമെന്ന് നിര്‍ബന്ധമുള്ള ഇത്തരക്കാരെ സംബന്ധിച്ച്  എസ്.എഫ്.ഐ പ്രകടനത്തില്‍ മക്കള്‍ പോയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. അതിന്റെ രോക്ഷം കൂടിയാണ് എതാനും ചിലര്‍  മാധ്യമങ്ങള്‍ക്കു മുന്നില്‍ തീര്‍ത്തിരിക്കുന്നത്. കമ്യൂണിസ്റ്റു വിരുദ്ധ തിമിരം ബാധിച്ച മാധ്യമങ്ങളാകട്ടെ  അത് ശരിക്കും ആഘോഷിക്കുകയും ചെയ്തു. ഇതാണ് വസ്തുത.

സി.പി.എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും പിന്തുണയ്ക്കും അപ്പുറം കേരളത്തിലെ പൊതു സമൂഹത്തിന്റെ എന്തിനേറെ സി.പി.എം എതിരാളികളുടെ വീടുകളില്‍ നിന്നു പോലും, എസ്.എഫ്.ഐക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. അങ്ങനെ സംഭവിക്കുന്നതു കൊണ്ടു മാത്രമാണ്  കാമ്പസുകള്‍ കീഴടക്കാന്‍ എസ്.എഫ്.ഐക്ക് സാധിച്ചിരിക്കുന്നത്. ഇതിന് അറുതി വരുത്താനും  നഷ്ടപ്പെട്ട സ്വാധീനം തിരികെ പിടിക്കാനും കെ.സുധാകരന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഉപദേശവും എസ്.എഫ്.ഐക്ക് എതിരായ ഒറ്റപ്പെട്ട ഈ നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്.അതുകൊണ്ടാണ്, സമരത്തില്‍ പങ്കെടുക്കാന്‍ പോയ വിദ്യാര്‍ത്ഥികളെ  ‘തട്ടിക്കൊണ്ടു പോയതായ’ പരാതി യൂത്ത് കോണ്‍ഗ്രസ്സ് തന്നെ പൊലീസില്‍ നല്‍കിയിരിക്കുന്നത്. ഇങ്ങനെ തരംതാണ പരാതി നല്‍കുന്ന കോണ്‍ഗ്രസ്സുകാര്‍ ആദ്യം ഉപദേശിക്കേണ്ടത്  സ്വന്തം നേതാക്കളുടെ കുടുംബത്തെയാണ്. നിരവധി പ്രതിപക്ഷ നേതാക്കളുടെ  പ്രത്യേകിച്ച് കോണ്‍ഗ്രസ്സ് നേതാക്കളുടെ കുടുംബങ്ങളില്‍ നിന്നും നിരവധി പേരാണ് ഇന്നും എസ്.എഫ്.ഐ കൊടി പിടിച്ചു കൊണ്ടിരിക്കുന്നത്. കാലങ്ങളായി നടക്കുന്ന ഒരു പ്രക്രിയ തന്നെയാണിത്. അതു തന്നെയാണ്
പാലക്കാട് പത്തിരിപ്പാല ജി.വി.എച്ച്.എസ്.എസിലും സംഭവിച്ചിരിക്കുന്നത്. ഇവിടെ നിന്നും എസ്.എഫ്.ഐ സമരത്തിന് പോയവരില്‍  കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള വലതുപക്ഷ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരുടെ മക്കളുണ്ട് .അതുപോലെ തന്നെ, പരമ്പരാഗതമായി ചുവപ്പെന്നു കേട്ടാല്‍  മുഖം ചുവക്കുന്നവരുടെ മക്കളുമുണ്ട്. അപ്പോള്‍ പിന്നെ ‘കുരുപ്പൊട്ടുകയും’ സ്വാഭാവികമാണ്. അതാണ് പ്രതിപക്ഷവും മുതലെടുത്തിരിക്കുന്നത്.

അനുമതിയില്ലാതെ കുട്ടികളെ പ്രകടനത്തിന് കൊണ്ടു പോയെന്ന് ചില രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതല്ല നല്‍കിച്ചതാണെന്നതാണ്  യാഥാര്‍ത്ഥ്യം. അതിന് അനുസരിച്ച്
മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെയാണ് ചില വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നും പ്രതികരണവും ഉണ്ടായിരിക്കുന്നത്. ‘ഭക്ഷണം തരാം എന്നു പറഞ്ഞാല്‍  അപ്പോള്‍ തന്നെ ചാടികൂടെ പോകാന്‍ ഭക്ഷണമില്ലാത്ത വീട്ടില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളല്ല  പാലക്കാട് പത്തിരിപ്പാല ജി.വി.എച്ച്.എസ്.എസില്‍ പഠിക്കുന്നത്. എസ്.എഫ്.ഐ നേതാക്കള്‍ വിളിച്ചപ്പോള്‍ കുട്ടികള്‍ കൂടെപോയി എന്നതാണ് സത്യം. ഇതൊരു ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളാണ് അതല്ലാതെ എല്‍.പി സ്‌ക്കൂളല്ല. തിരിച്ചറിവുള്ള പ്രായം തന്നെയാണിത്. ഭക്ഷണം ആര്‍ക്കൊക്കെ കിട്ടി കിട്ടിയില്ല എന്നതൊക്കെ ചര്‍ച്ചയാക്കുന്നതും  തരംതാണ പരിപാടിയാണ്. ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച്  ‘എസ്.എഫ്.ഐ ഇങ്ങനെയാണ് കുട്ടികളെ സംഘടിപ്പിക്കുന്നത് എന്ന് ” വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. പ്രതിപക്ഷ സംഘടനകളും അരാഷ്ട്രീയ കൂട്ടവും ആരോപിക്കുന്നതു പോലെ വിദ്യാര്‍ത്ഥികളെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ല. അത്തരത്തില്‍ പരാതി നല്‍കിയതിനു പിന്നിലും  നേരത്തെ സൂചിപ്പിച്ചതു പോലെ രാഷ്ട്രീയ താല്‍പ്പര്യം മാത്രമാണുള്ളത്.

പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ആഹ്വാനം ചെയ്താല്‍  വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങാത്തതിന്റെ ദേഷ്യം  ഇങ്ങനെയൊക്കെ പരാതി നല്‍കി തീര്‍ക്കുന്ന യൂത്ത് കോണ്‍ഗ്രസ്സിനോട് സഹതപിക്കുകയേ നിവൃത്തിയൊള്ളൂ. പ്രതിപക്ഷവും ഇടതുപക്ഷ വിരുദ്ധ ‘തിമിരം’ ബാധിച്ച രക്ഷിതാക്കളും രംഗത്തിറങ്ങിയാല്‍ ഒലിച്ചു പോകുന്ന സംഘടനയൊന്നും അല്ല എസ്.എഫ്.ഐ. അതൊരു സംഘടിത വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ്. കര്‍ഷകതൊഴിലാളികളുടെയും ദരിദ്രരുടെയും കുട്ടികള്‍ ക്ലാസിലിരുന്ന് പഠിക്കാന്‍ തുടങ്ങിയതിന്റെ പ്രൊഡക്റ്റാണ്  യഥാര്‍ത്ഥത്തില്‍ എസ്.എഫ്.ഐ. എഴുപതുകളില്‍ സ്‌കൂളില്‍ നിന്നും തുടങ്ങിയ ആ തേരോട്ടം 1973- 74 കാലഘട്ടത്തോടെ കോളജുകളിലേക്കും വ്യാപിക്കുകയാണ് ഉണ്ടായത്. എഴുപതുകളുടെ മധ്യമായപ്പോഴേക്കും കോളേജുകളിലേക്ക് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിന്നിരുന്ന വിഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെയും  ശക്തമായ ഒഴുക്കുമുണ്ടായി. ഇതിനു പ്രധാനകാരണം  പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ നടപടിയായിരുന്നു. വിപ്ലവകരമായ ഈ നടപടി വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെയാണ് ശക്തിപ്പെടുത്തിയിരുന്നത്.

പിന്നാക്കവിഭാഗങ്ങളുടെയും ദരിദ്ര കര്‍ഷകരുടെയും  കര്‍ഷക തൊഴിലാളികളുടെയും എല്ലാം കേരളത്തിലെ മുന്നേറ്റം  കാമ്പസുകളിലുണ്ടാക്കിയ പ്രതിഫലനത്തിന്റെ പേരാണ് എസ്.എഫ്.ഐ.എഴുപതുകള്‍ മുതല്‍ നീണ്ട പത്തുവര്‍ഷം സി.പി.എം അധികാരത്തിനുപുറത്തായിരുന്നു. ആ കാലത്താണ് എസ്.എഫ്.ഐയും തഴച്ചു വളര്‍ന്നിരുന്നത്. കാമ്പസുകളില്‍  റാഗിങ് അടിച്ചമര്‍ത്തിയതും എസ്.എഫ്.ഐയാണ് ശരിക്കും അതൊരു കൗണ്ടര്‍ അറ്റാക്കായിരുന്നു. റാഗ് ചെയ്യുന്നവരെ അടിക്കുക എന്നതാണ് പച്ചമലയാളം. റാഗിങ്ങുകാരെ കോടതിയില്‍ കൊണ്ടുവന്നപ്പോള്‍  കോടതി വളപ്പിലിട്ടൊക്കെ അടി കൊടുത്ത ചരിത്രവും എസ്.എഫ്.ഐക്കുണ്ട്. ‘കാമ്പസില്‍ റാഗ് ചെയ്താല്‍ ഞങ്ങള്‍ നിങ്ങളെ തെരുവില്‍ റാഗ് ചെയ്യുമെന്ന് പരസ്യമായി പറഞ്ഞതും  എസ്.എഫ്.ഐയാണ്. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സമരങ്ങളുടെ ഒരു പരമ്പര തന്നെയാണ് തുടര്‍ന്നങ്ങോട്ട് എസ്.എഫ്.ഐ നടത്തിയിരുന്നത്. ആ പോരാട്ടങ്ങള്‍ നല്‍കിയ നേട്ടങ്ങള്‍ തന്നെയാണ്  ഇപ്പോള്‍ പുതിയ തലമുറയും അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ആ ബോധവും എസ്.എഫ്.ഐക്കെതിരെ കലിതുള്ളുന്ന രക്ഷിതാക്കള്‍ക്കു വേണം. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തെരുവില്‍ അടിമേടിച്ചും ചോരചീന്തിയും നേടിയ പോരാട്ടത്തിന്റെ ഫലമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ വരെ  നേടിയിരിക്കുന്ന നേട്ടങ്ങള്‍ അനവധിയാണ്. എണ്ണിപ്പറയുകയാണെങ്കില്‍ അത്രപ്പെട്ടെന്ന് തീരുകയുമില്ല. അത്രത്തോളമുണ്ട് ആ പട്ടിക. ഫീസ് വര്‍ദ്ധനവിനെതിരെയടക്കം തെരുവില്‍ സമരം ചെയ്ത് പൊലീസിന്റെ അടിയും മേടിച്ച്  അധികൃതരെ കൊണ്ട് എസ്.എഫ്.ഐ ക്കാര്‍ തീരുമാനം പിന്‍വലിപ്പിക്കുമ്പോള്‍ അതിന്റെ നേട്ടം അനുഭവിക്കുന്നത് അടികൊണ്ട എസ്.എഫ്.ഐക്കാര്‍ മാത്രമല്ലന്നതും വിമര്‍ശകര്‍ ഓര്‍ത്തു കൊള്ളണം. നിങ്ങളുടെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും എല്ലാമായാണ് ആ അടികളെല്ലാം എസ്.എഫ്.ഐ മേടിച്ചു കൂട്ടിയിരിക്കുന്നത്. ഇതെല്ലാം തന്നെ ചോരയില്‍ എഴുതിയ ചരിത്രമാണ്. ആ ചരിത്രം ഓര്‍മ്മയുള്ളതു കൊണ്ടാണ്  ഇന്നും കേരളീയ സമൂഹത്തിനു മുന്നില്‍ ഏറ്റവും പ്രിയപ്പെട്ട സംഘടനയായി എസ്.എഫ്.ഐ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നത്.

സ്‌കൂളില്‍ വരാത്ത കുട്ടികളുടെ  ദൈനംദിന വിവരങ്ങള്‍ പതിവു പോലെ രക്ഷിതാക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അറിയിക്കുകയാണ് ചെയ്തതെന്ന് പറയുന്ന  പാലക്കാട്ടെ സ്‌കൂള്‍ അധികൃതര്‍  ഈ വാട്‌സ് ആപ്പും ഫെയ്‌സ് ബുക്കും ഒന്നും ഇല്ലാത്ത കാലത്തും ഇവിടെ  ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു എന്ന കാര്യവും മറന്നു പോകരുത്. രക്ഷിതാക്കളുടെയും  വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെയും  സമ്മത പത്രം വാങ്ങിയാണ് സമരത്തിനിറങ്ങുന്നതെങ്കില്‍  ‘സ്വാതന്ത്ര്യം’ എന്ന വാക്കു പറയാന്‍ പോലും സ്‌കൂള്‍ അധികൃതര്‍ക്കും കഴിയുമായിരുന്നില്ല. സ്വാതന്ത്ര്യ സമരം മുതല്‍ രാജ്യത്ത് നടന്ന മിക്ക ജനകീയ പോരാട്ടങ്ങളുടെയും ചരിത്രം വിദ്യാര്‍ത്ഥി സമൂഹത്തിന്റെ കൂടി പോരാട്ട ചരിത്രമാണ്. ഇതെല്ലാം നിങ്ങള്‍ മറന്നാലും പ്രബുദ്ധരായ കേരളത്തിലെ പുതു തലമുറ മറക്കുകയില്ല.

‘ആരോടും ചോദിക്കാതെ കുട്ടികളെ പ്രകടനത്തിന് കൊണ്ടു പോയവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുന്ന രക്ഷിതാക്കള എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ തട്ടിക്കൊണ്ടു പോകലിന് കേസെടുക്കണമെന്ന് പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളും കാമ്പസുകളുടെ മുന്‍കാല പോരാട്ട ചരിത്രമാണ് ആദ്യം പഠിക്കേണ്ടത്.

പ്രതികരണ ശേഷിയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ അനിവാര്യമാണ്. കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ച മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണിക്ക് പിന്നീട് അതോര്‍ത്ത് വിലപിക്കേണ്ടി വന്നതും ഈ കേരളം കണ്ട വര്‍ത്തമാനകാല കാഴ്ചയാണ്.വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കപ്പെട്ട കാമ്പസുകളില്‍ വര്‍ഗ്ഗീയ ശക്തികളും ലഹരി മാഫിയകളുമാണ് പിടിമുറുക്കിയിരുന്നത്. റാഗിങ്ങും മാനേജ് മെന്റുകളുടെ പീഢനവും കാരണം വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകളും ദൈവത്തിന്റെ ഈ സ്വന്തം നാട്ടിലെ കാമ്പസുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാലക്കാട്ടെ ബിരിയാണി ചെമ്പില്‍ ഇപ്പോള്‍ വിവാദം ‘ വിളമ്പുന്നവര്‍’ ഈ യാഥാര്‍ത്ഥ്യവും അറിയണം.

കെ.എസ്.യുവിന്റെ തകര്‍ച്ചയും എസ്.എഫ്.ഐയുടെ ആധിപത്യവുമാണ് കലാലയ രാഷ്ട്രീയം നിരോധിക്കുന്നതിന് മുന്‍ കെ.എസ്.യു നേതാവ് കൂടിയായ എ.കെ ആന്റണിയെ പ്രേരിപ്പിച്ചിരുന്നത്. കെ.എസ്.യുവിന് കേരളത്തില്‍ അഡ്രസ്സില്ലാതെ പോയത് അവരുടെ കയ്യിലിരിപ്പു കൊണ്ടു മാത്രമാണ്. ആ കയ്യിലിരിപ്പ് എസ്.എഫ്.ഐക്ക് ‘ചാര്‍ത്തി’ നല്‍കി മുതലെടുപ്പിനാണ് ശ്രമമെങ്കില്‍ അതെന്തായാലും ഇവിടെ നടക്കാന്‍ പോകുന്നില്ല. എസ്.എഫ്.ഐയും മറ്റെല്ലാ വിദ്യാര്‍ത്ഥി സംഘടനകളും തമ്മിലുള്ള ദൂരം വളരെ കൂടുതലാണ്. കേരളത്തിലെ ബഹു ഭൂരിപക്ഷം കാമ്പസുകളിലും എസ്.എഫ്.ഐക്കാണ് നിലവില്‍ മേധാവിത്വം. മറ്റെല്ലാ സംഘടനകളും ഒരുമിച്ച് നേരിട്ടാല്‍ പോലും എസ്.എഫ്.ഐയെ വീഴ്ത്താന്‍ കഴിയുകയുമില്ല. അനവധി വര്‍ഷങ്ങളായി തുടരുന്ന മേധാവിത്വമാണിത്. കാമ്പസ് യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചനയും അതു തന്നെയാണ്. വര്‍ഗ്ഗീയ സംഘടനകള്‍ക്ക് കാമ്പസുകളില്‍ വേരുറപ്പിക്കാന്‍ കഴിയാത്തതും എസ്.എഫ്.ഐ ഉള്ളതു കൊണ്ടാണ്. ബി.ജെ.പിക്ക് കേരളത്തിലുണ്ടായ വളര്‍ച്ച കാമ്പസുകളില്‍ എ.ബി.വി.പിക്ക് ഉണ്ടായിട്ടില്ലന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. എസ്.ഡി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനക്കും കാമ്പസുകളില്‍ സ്വാധീനമുണ്ടാക്കാന്‍ പറ്റിയിട്ടില്ല. മുസ്ലിം ലീഗിന്റെ കോട്ടയായി അവകാശപ്പെടുന്ന മലപ്പുറത്തു പോലും വലിയ ശക്തിയാണ് ഇന്ന് എസ്.എഫ്.ഐ.

എസ്.എഫ്.ഐയെ തകര്‍ത്ത് ഡി.വൈ.എഫ്.ഐ യിലേക്കും സി.പി.എമ്മിലേക്കുമുള്ള ‘കേഡര്‍ സപ്ലേ’ നിര്‍ത്തലാക്കുക എന്നതാണ് കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പിയുടെയും ആത്യന്തികമായ ലക്ഷ്യം.അതിനായി കിട്ടിയ അവസരമെല്ലാം അവര്‍ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇതിനാകട്ടെ മുഖ്യധാരാ മാധ്യമങ്ങള്‍ മുതല്‍ മഞ്ഞപ്പത്രങ്ങളുടെ വരെ പിന്തുണയും ഉണ്ട്. ഇന്ന് അത് പാലക്കാട്ടാണെങ്കില്‍ നാളെ മറ്റെവിടെയെങ്കിലും മറ്റെന്തെങ്കിലും വിഷയം ഉയര്‍ത്തി ആയിരിക്കും ഈ കമ്യൂണിസ്റ്റ് വിരുദ്ധര്‍ രംഗത്തു വരിക. ഇതു കൊണ്ടൊന്നും ഒരു രാഷ്ട്രീയ നേട്ടവും പ്രതിപക്ഷത്തിന് ഉണ്ടാകാന്‍ പോകുന്നില്ല. ഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥി സമൂഹത്തിന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ പേരാണ് എസ്.എഫ്.ഐ. അതാകട്ടെ  ബിരിയാണിക്കഥകള്‍ വിളമ്പിയാല്‍ ‘മറഞ്ഞു’ പോകുന്നതുമല്ല. സ്വപ്ന ലോകത്തെ സുധാകരന്‍മാര്‍  അതും  ഓര്‍ക്കുന്നത് നല്ലതായിരിക്കും.


EXPRESS KERALA VIEW

 

 

Top