എസ്എഫ്ഐ ആക്രമണം ആസൂത്രിതം; വി.ഡി സതീശൻ

വയനാട്: രാഹുൽ ഗാന്ധിയുടെ എംപിയുടെ ഓഫീസിന് നേരെയുള്ള ആക്രമണം ആസൂത്രിതമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊലീസിന് മാർച്ചിനെക്കുറിച്ച് കൃത്യമായി അറിയാമായിരുന്നു. നരേന്ദ്രമോദി സർക്കാരിന്റെ ക്വട്ടേഷൻ എസ്എഫ്ഐ ഏറ്റെടുത്തു. ബഫർ സോണും എസ്എഫ്ഐയും തമ്മിൽ എന്താണ് ബന്ധമെന്ന് അദ്ദേഹം ചോദിച്ചു. ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധി കത്തയച്ചിട്ടുണ്ട്. കേരളത്തിൽ സംഘപരിവാർ പോലും ചെയ്യാത്ത കാര്യങ്ങൾ സിപിഐ എം ചെയ്യുന്നുവെന്ന് വി ഡി സതീശൻ ആരോപിച്ചു. ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ആക്രമണത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന ഉണ്ടെന്ന് കെ സി വേണുഗോപാൽ ആവര്‍ത്തിച്ചു. ഉന്നത നേതാക്കളുടെ അറിവോടെയാണ് ആക്രമണമെന്നും എസ്എഫ്ഐ നടപടി മോദിയെ സുഖിപ്പിക്കാന്‍ വേണ്ടിയാണെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. ആക്രമണം തള്ളിക്കളഞ്ഞ് കൊണ്ട് മാത്രം കാര്യമില്ലെന്ന് പറഞ്ഞ വേണുഗോപാൽ, എന്ത് കൊണ്ട് നടപടി എടുക്കുന്നില്ലെന്ന് ചോദിച്ചു. ഡിവൈഎസ്പിയിൽ നടപടി ഒതുങ്ങുന്ന വിഷയമല്ല നടന്നത്. എസ്എഫ്ഐക്കെതിരെ എന്തുകൊണ്ട് നടപടി വൈകുന്നുവെന്നും അദ്ദേഹം ചോദിച്ചു. ആർ എസ്എസിന്‍റെ ഗാന്ധി വിരോധം സിപിഐഎമ്മിലേക്ക് പടരുകയാണ്. അത് കൊണ്ടാണ് ആദ്യം ഗാന്ധി ചിത്രം നശിപ്പിക്കുന്നതെന്നും വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു.

അതേസമയം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30, 1, 2 തിയതികളിലാണ് സന്ദര്‍ശനം. രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇന്നലെ ആക്രമിച്ചിരുന്നു. പരിസ്ഥിതിലോല പ്രശ്നത്തിൽ രാഹുൽ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കേസില്‍ 19 എസ്എഫ്ഐ പ്രവർത്തകരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമാണ് അറസ്റ്റിലായത്

Top