ഗുരുവിനെ കേവല താല്പര്യങ്ങള്‍ക്കും സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കും ഉപയോഗിക്കുന്നവരെ തിരിച്ചറിയണം: എസ് എഫ് ഐ

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ എസ്.എഫ്.ഐ. ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന വിവാദത്തിലാണ് വെള്ളാപ്പള്ളിയ്‌ക്കെതിരെ എസ് എഫ് ഐ രംഗത്തെത്തിയത്.

നവോത്ഥാന നായകന്‍ നാരായണഗുരുവിന്റെ പേരില്‍ ഒരു സര്‍വകലാശാല കേരളത്തില്‍ യഥാര്‍ത്ഥ്യമായിരിക്കുന്നു. സര്‍വകലാശാലകള്‍ എന്തിന് വേണ്ടിയാണെന്നും അതിന്റെ മഹത്വമെന്താണെന്നും തിരിച്ചറിയാനാവാത്തവരാണ് ഇപ്പോള്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ പേരിലും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. കൊല്ലത്ത് സ്ഥാപിതമായിരിക്കുന്ന ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ വൈസ് ചാന്‍സലര്‍ മുസ്ലീം ആണെന്ന പേരില്‍ നടക്കുന്ന കോലാഹലങ്ങള്‍ ഗുരു ഉയര്‍ത്തിയ മൂല്യങ്ങളെയും ആദര്‍ശങ്ങളെയും വെല്ലുവിളിക്കുന്നതാണെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിന്‍ ദേവ് പറഞ്ഞു

ഒരാളുടെ മനസ്സില്‍ രൂപം കൊള്ളുന്ന ദര്‍ശനമായിരിക്കണം അയാളുടെ മതം എന്നാണ് ഗുരു മുന്നോട്ടുവെച്ച തത്ത്വങ്ങളിലൊന്ന്. ആ ഗുരുവിനെ കേവല താല്പര്യങ്ങള്‍ക്കും സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കും ഉപയോഗിക്കുന്നവരെ തിരിച്ചറിയണമെന്നും സച്ചിന്‍ ദേവ് കൂട്ടിച്ചേര്‍ത്തു.

Top