വീണ്ടും എസ്എഫ്‌ഐ പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് എബിവിപി; ഒടുവില്‍ എം.ജി കോളേജിലും

തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എബിവിപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുന്നത് ഒരു പതിവ് കാഴ്ചയാണ്. ഏറ്റവും ഒടുവില്‍ തിരുവനന്തപുരം എം.ജി കോളേജിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകനെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ എബിവിപിക്കാരെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു.

ഇന്നലെ രാത്രിയോടെയാണ് കോളേജിന് മുന്നില്‍ നിന്ന വിദ്യാര്‍ത്ഥിയെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദ്ദിച്ചത്.

ഒന്നാം വര്‍ഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റിരിക്കുന്നത്. ഇയാള്‍ ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിനെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എം.ജി കോളേജിലേക്ക് മാര്‍ച്ച് നടത്തി. എം.ജി കോളേജിലുള്ള എസ്എഫ്‌ഐ- എബിവിപി പ്രവര്‍ത്തകര്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.

Top