ചരിത്രം ഇവിടെ ആവർത്തിച്ചില്ല, റഹീം അതിജീവിച്ചത് കൂട്ട വെട്ടിനിരത്തലിനെ

സ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനം കൈ എത്തും ദൂരത്ത് വച്ച് നഷ്ടപ്പെട്ട എ.എ.റഹീമിന് അര്‍ഹമായ പരിഗണന നല്‍കി പഴയ തെറ്റു തിരുത്തി സി.പി.എം സംസ്ഥാന നേതൃത്വം.

സംഘടിത യുവജന പ്രസ്ഥാനത്തിന് വ്യക്തിയല്ല പ്രസ്ഥാനമാണ് ഘടകമെങ്കിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് എസ്.എഫ്.ഐയുടെ നായകസ്ഥാനം നിഷേധിച്ചവര്‍ക്കു മുന്നിലുള്ള പുതിയ സ്ഥാനോരോഹണം റഹീമിനും മധുരമായ പകരം വീട്ടല്‍ തന്നെയാണ്.

തലസ്ഥാനത്തെ പ്രമുഖ യുവ നേതാവുമായുള്ള ശക്തമായ അഭിപ്രായ ഭിന്നതയാണ് മുന്‍പ് എസ്.എഫ്.ഐ നായക സ്ഥാനം റഹീമിന് നഷ്ടപ്പെടാന്‍ വഴി ഒരുക്കിയിരുന്നത്.

അന്ന് എസ്.എഫ്.ഐ തലപ്പത്തുണ്ടായിരുന്ന നേതാവ് പ്രത്യേകം താല്‍പ്പര്യമെടുത്ത് സഹ ഭാരവാഹികളെയും എസ്.എഫ്.ഐ ചുമതല ഉണ്ടായിരുന്ന സി.പി.എം കേന്ദ്ര കമ്മറ്റി അംഗത്തേയും സ്വാധീനിച്ച് പ്രായപരിധി നടപ്പാക്കിക്കുക ആയിരുന്നു.

25 വയസ്സ് എന്ന പ്രായപരിധി നടപ്പാക്കിയതോടെ റഹീം ഉള്‍പ്പെടെ സംസ്ഥാന കമ്മറ്റിയിലെ വലിയ വിഭാഗത്തിന് അന്ന് പുറത്തു പോകേണ്ടിയും വന്നു.

ഇതേ സാഹചര്യം തന്നെ ഡി.വൈ.എഫ്.ഐ യിലും സൃഷ്ടിക്കാന്‍ പഴയ എസ്.എഫ്.ഐ വില്ലന്‍ തന്നെ രംഗത്തു വരികയുണ്ടായി. ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തിലെ ചിലരെ മുന്‍നിര്‍ത്തിയായിരുന്നു ഈ നീക്കം. ഇതിനു കളമൊരുക്കാന്‍ 37 വയസ്സ് പ്രായപരിധി കൊണ്ടുവരാനായിരുന്നു ആലോചന.

അപകടം മുന്‍ കൂടി കണ്ട് സംസ്ഥാന കമ്മറ്റിയില്‍ നിന്നും വെട്ടിനിരത്തപ്പെടാന്‍ സാധ്യത ഉള്ളവര്‍ കൂടി ഉഷാറായതോടെ മുഖ്യമന്ത്രി ഉള്‍പ്പെടെ ഉളള ഉന്നത സി.പി.എം നേതൃത്വത്തിനു നേരിട്ട് തന്നെ പ്രശ്‌നത്തില്‍ ഇടപെടേണ്ടി വരികയായിരുന്നു. തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ നേതൃസ്ഥാനത്ത് പ്രായപരിധി കര്‍ശനമാക്കേണ്ടതില്ലന്ന് സി.പി.എം നിര്‍ദ്ദേശിച്ചത്.

ഇതോടെ റഹീമിന് മുന്നിലുള്ള തടസ്സമാണ് മാറിയത്. മറ്റൊരു സീനിയര്‍ നേതാവായ കേന്ദ്ര കമ്മറ്റി അംഗം നിതിന്‍ കണിച്ചേരി കേന്ദ്ര സെക്രട്ടറിയേറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കട്ടെ എന്നാണ് സി.പി.എം നേതൃത്വത്തിന്റെ ഇപ്പാഴത്തെ തീരുമാനം.

തിരുവനന്തപുരത്ത് നിരവധി വിദ്യാര്‍ത്ഥി – യുവജന പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയ എ.എ റഹീം കൊടിയ പൊലീസ് മര്‍ദ്ദനത്തിന് പലവട്ടം ഇരയായ നേതാവാണ്. റഹീമിനെ പോലെ തന്നെ മര്‍ദ്ദനമേറ്റു വാങ്ങിയ മുന്‍ എസ്.എഫ്.ഐ നേതാവായ അമൃതയാണ് റഹീമിന്റെ ജീവിത സഖി.

Top