എസ്.എഫ്.ഐ അംഗസംഖ്യ 43 ലക്ഷം, കേരളത്തിന് പുറത്തും ചരിത്രമെഴുതി

ന്യൂഡല്‍ഹി: സംഘടിത വിദ്യാര്‍ത്ഥി പ്രസ്ഥാനം വന്‍ വളര്‍ച്ചയുടെ പാതയില്‍. സി.പി.എമ്മിന്റെ വര്‍ഗ്ഗ ബഹുജന സംഘടനയാണെങ്കിലും ചെങ്കൊടി പാറാത്ത മണ്ണിലും ശുഭ്ര പതാക പാറിച്ച് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ് എസ്.എഫ്.ഐ.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പോണ്ടിച്ചേരി സര്‍വ്വകലാശാലാ യൂണിയനും എസ്.എഫ്.ഐ പിടിച്ചെടുത്തു. ഡല്‍ഹിയിലെ ജെ.എന്‍.യു, കാസര്‍ഗോഡ് സെന്‍ട്രല്‍ സര്‍വ്വകലാശാല അടക്കം മൂന്ന് കേന്ദ്ര സര്‍വകലാശാലാ യൂണിയനുകളും ഭരിക്കുന്നത് ഇപ്പോള്‍ എസ്.എഫ്.ഐ ആണ്. കേരളത്തിലെ മുഴുവന്‍ സര്‍വ്വകലാശാലാ യൂണിയനുകളും 13 എണ്ണം നിലവില്‍ എസ്.എഫ്.ഐ തന്നെയാണ് ഭരിക്കുന്നത്.

ത്രിപുരയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നെങ്കിലും ക്യാമ്പസുകളില്‍ കാവിപ്പടക്ക് ആത്മവിശ്വാസമില്ലാത്തതിനാല്‍ കോളേജു യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. ബംഗാളിലും സമാനമായ സാഹചര്യമാണ് നിലവില്‍. ക്യാമ്പസിലെ വിധിയെഴുത്തിനെ സാക്ഷാല്‍ മമതാ ബാനര്‍ജി പോലും ഭയപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സി.പി.എം അഗ്‌നിപരീക്ഷണം നേരിടുന്ന സംസ്ഥാനങ്ങളിലെ കാഴ്ചയാണിത്.

sfi-4

ഹരിയാനയിലെ ഫെഡറല്‍ സര്‍വ്വകലാശാല, ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗേജ് സര്‍വ്വകലാശാല, കര്‍ണ്ണാടകയിലെ ഗുല്‍ബര്‍ഗയിലെ സെന്‍ട്രല്‍ സര്‍വ്വകലാശാല എന്നിവടങ്ങളില്‍ തുടര്‍ച്ചയായി എസ്.എഫ്.ഐ വിജയിച്ചതോടെ തിരഞ്ഞെടുപ്പ് തന്നെ ഇവിടങ്ങളില്‍ ഭരണകൂടങ്ങള്‍ ഇടപെട്ട് നിര്‍ത്തലാക്കി. ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനില്‍ ഉള്‍പ്പെടെ അടുത്തയിടെ നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ആദ്യമായി എസ്.എഫ്.ഐ ശക്തമായ സാന്നിധ്യമായി.

മഹാരാഷ്ട്രയിലെ അംബേദ്ക്കര്‍ സര്‍വകലാശാലയിലും എതിരാളികളെ ഞെട്ടിച്ച മുന്നേറ്റമുണ്ടാക്കാന്‍ എസ്.എഫ്.ഐക്ക് കഴിഞ്ഞിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ സംഘടനാപരമായ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറുണ്ടോ എന്ന വെല്ലുവിളി എസ്.എഫ്.ഐ അഖിലേന്ത്യാ നേതൃത്വം ഉയര്‍ത്തുന്നത് തന്നെ തികഞ്ഞ ആത്മവിശ്വാസം കൊണ്ടാണ്.

43 ലക്ഷമാണ് നിലവിലെ എസ്.എഫ്.ഐയുടെ അംഗസംഖ്യ. അടുത്ത സമ്മേളന കാലയളവ് ആകുമ്പോഴേക്കും അരക്കോടി അംഗങ്ങളെ സംഘടനിയില്‍ അണിനിരത്തുമെന്നാണ് എസ്.എഫ്.ഐ ദേശീയ നേതൃത്വം അവകാശപ്പെടുന്നത്.

ഇതിനിടെ 16ാം മത് അഖിലേന്ത്യാ സമ്മേളനത്തിന് ഷിംലയില്‍ ഉജ്ജ്വല തുടക്കമായി. നവംബര്‍ രണ്ടുവരെയാണ് സമ്മേളനം. 23 സംസ്ഥാനങ്ങളില്‍ നിന്നായി 43 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 655 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്നത്. നവംബര്‍ രണ്ടിന് നടക്കുന്ന പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന് നടക്കുന്ന പൊതുസമ്മേളനം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഉദ്ഘാടനം ചെയ്യുക.

SFI

ഹിന്ദിമേഖല തുടര്‍ച്ചയായ രണ്ടാം തവണയാണ് എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന് വേദിയാകുന്നത്. സമരസംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ എസ് എഫ് ഐ ഈ മേഖലയില്‍ നേടിയെടുത്ത സ്വാധീനത്തിന്റെ സാക്ഷ്യപ്പെടുത്തല്‍ കൂടിയാണ് ഷിംലയിലെ അഖിലന്ത്യാ സമ്മേളനം. സമ്മേളനത്തിനുയര്‍ത്താനുള്ള പതാക രക്തസാക്ഷി അഭിമന്യുവിന്റെ നാട്ടില്‍ നിന്നും തിങ്കളാഴ്ച്ച സമ്മേളനനഗരിയില്‍ എത്തിച്ചിരുന്നു.

നാളെ ഉദ്ഘാടനസമ്മേളനത്തില്‍ പി സായിനാഥ്, രാംപുനിയാനി, രാംകുമാര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. 31 ന് റിപ്പോര്‍ട്ടിന്മേല്‍ പ്രതിനിധികള്‍ പൊതുചര്‍ച്ച നടത്തും. കഴിഞ്ഞ സിക്കര്‍ സമ്മേളനത്തിന് ശേഷം എസ്എഫ്‌ഐ നടത്തിയ സമരസംഘടനാ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശന സ്വയം വിമര്‍ശനപരമായി പരിശോധിക്കുന്നതായിരിക്കും ചര്‍ച്ചകള്‍.

സമ്മേളനത്തിന്റെ ഭാഗമായി രണ്ട് സെമിനാറുകളും തീരുമാനിച്ചിട്ടുണ്ട്. നവംബര്‍ 1 ന് ചര്‍ച്ചകള്‍ക്ക് ജനറല്‍ സെക്രട്ടറി വിക്രം സിംഗ് മറുപടി പറയും. രണ്ടാം തീയതി പുതിയ ഭാരവാഹികളെയും കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുക്കും.

സംഘടനാപരമായി കൂടുതല്‍ കരുത്താര്‍ജിച്ച് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കരുത്താകും വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനമെന്ന് എസ്.എഫ്.ഐ നേതൃത്വം വ്യക്തമാക്കി.

Political Reporter

Top