പി.കെ.ശശിക്കെതിരായ പരാതി, യുവതി ആഗ്രഹിച്ചത് രാഷ്ട്രീയ പരിഹാരം: എം.സി. ജോസഫൈന്‍

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശി എംഎല്‍എയ്‌ക്കെതിരെയുള്ള ലൈംഗിക പീഡനക്കേസില്‍ ഇരയായ യുവതി ആഗ്രഹിച്ചത് രാഷ്ട്രീയ പരിഹാരമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍.

രാഷ്ട്രീയ പരിഹാരം മുന്നില്‍ക്കണ്ടു കൊണ്ടായിരിക്കാം പ്രശ്‌നപരിഹാരത്തിന് ഇടതു നേതാക്കളെ സമീപിച്ചതെന്നും പ്രശ്‌നപരിഹാരത്തിന് വനിതാ കമ്മീഷനെ സമീപിച്ചാല്‍ യുവതിക്കു രക്ഷാവലയം തീര്‍ക്കുമെന്നും ജോസഫൈന്‍ പറഞ്ഞു. പി.കെ. ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ കേരളത്തിലെത്തി പരാതിക്കാരുടെ മൊഴിയെടുക്കുമെന്നാണു സൂചന.

എന്നാല്‍, എംഎല്‍എയ്‌ക്കെതിരെയുള്ള പരാതിയില്‍ സ്വമേധയാ കേസെടുക്കാന്‍ ചട്ടമില്ലെന്നായിരുന്നു സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ നേരത്തെ പറഞ്ഞിരുന്നത്.

അതേസമയം, സംസ്ഥാന വനിതാ കമ്മീഷന്‍ പിരിച്ചുവിടണമെന്ന ആവശ്യമുന്നയിച്ച് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍ രംഗത്തെത്തി. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്കു പോലും പ്രയോജനമില്ലാത്ത കമ്മീഷന്‍ ഉടന്‍ തന്നെ പിരിച്ചുവിടണമെന്നും ലൈംഗിക ആരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തപ്പോള്‍ സംസ്ഥാന വനിതാ കമ്മീഷന്‍ വെറും നോക്കുകുത്തിയായി മാറിയെന്നുമാണ് ഹസന്‍ പറഞ്ഞത്.

Top