ചെന്നൈ കലാക്ഷേത്രയിലെ ലൈംഗിക പീഡനം: മലയാളി നൃത്താധ്യാപകൻ അറസ്റ്റിൽ

ചെന്നൈ: ചെന്നൈ കലാക്ഷേത്രയിലെ രുക്മിണി ദേവി കോളജ് ഓഫ് ഫൈൻ ആർട്‌സിലെ ലൈംഗികാരോപണത്തിൽ മലയാളി അധ്യാപകൻ അറസ്റ്റിൽ. നൃത്ത അധ്യാപകനായ ഹരിപത്മൻ ആണ് അറസ്റ്റിലായത്. കോളജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഇദ്ദേഹം.

കോളജിലെ പൂർവ വിദ്യാർത്ഥിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. ലൈംഗിക പീഡനം, സ്ത്രീകളുടെ അഭിമാനത്തിന് ഭംഗം വരുത്തുന്ന രീതിയിൽ ഇടപെടൽ, ജോലി സ്ഥലത്തെ ലൈംഗിക അതിക്രമം തുടങ്ങിയ വകുപ്പുകൾ ഹരിപത്മനെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.

പൂർവ വിദ്യാർത്ഥിനിയുടെ പരാതി പ്രകാരം മാർച്ച് 31 നാണ് അധ്യാപകനെതിരെ അഡയാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ചെന്നൈ നോർത്തിൽ നിന്നാണ് അധ്യാപകൻ പിടിയിലായത്. കേസിൽ തമിഴ്‌നാട് പൊലീസ് ഞായറാഴ്ച കേരളത്തിലെത്തി സാക്ഷികളായ കുട്ടികളിൽ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു.

രുക്മിണി ദേവി കോളജ് ഓഫ് ഫൈൻ ആർട്‌സിലെ നാല് അധ്യാപകർക്കെതിരെയാണ് പരാതി ഉയർന്നത്. മറ്റു അധ്യാപകർക്കെതിരായ പരാതിയും പ്രത്യേക പൊലീസ് സംഘം അന്വേഷിച്ചു വരികയാണെന്ന് അഡയാർ പൊലീസ് അറിയിച്ചു. അധ്യാപകരുടെ ശല്യത്തെത്തുടർന്ന് പരാതി നൽകിയ വിദ്യാർത്ഥിനി പഠനം നിർത്തി പോകുകയായിരുന്നു.

Top