Sexual harassment; Former high tech cell chief suspended

തിരുവനന്തപുരം: സൈബര്‍ സുരക്ഷാ സമ്മേളനത്തില്‍ (കോകൂണ്‍) അവതാരകയായ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അസിസ്റ്റന്റ് കമാണ്ടന്റും ഹൈടെക് സെല്‍ മുന്‍ തലവനുമായ വിനയകുമാരന്‍ നായരെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ആഭ്യന്തരവകുപ്പാണ് ഇത് സംബന്ധമായ ഉത്തരവിറക്കിയത്.

വിനയകുമാരന്‍ നായര്‍ക്കെതിരെ കൊല്ലം റൂറല്‍ എസ്പി അജിത ബീഗം റിപ്പോര്‍ട്ട് നല്‍കുകയും കൊല്ലം അഞ്ചാലുംമൂട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് സസ്‌പെന്‍ഡ് ചെയ്തത്.

സംഭവം നടന്ന് ഉടനെ തന്നെ വിനയകുമാരന്‍ നായര്‍ക്കെതിരെ എസ് പി റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും പൊലീസ് ആസ്ഥാനത്ത് ‘ചുവപ്പ് നാട’ യില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു. ചില ഉന്നതരുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നുവത്രെ ഇത്.

സ്ത്രീ പീഡനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് തന്നെ മോശമായിരുന്നു ഈ ഉന്നത ഇടപെടല്‍. ഇക്കാര്യം നേരത്തെ Express Kerala റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗുരുതരമായി തെറ്റ് ചെയ്ത വിനയകുമാരന്‍ നായരെ സസ്‌പെന്റ് ചെയ്യാത്തതില്‍ സേനക്കകത്ത് തന്നെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടി.

രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധേയമായ സൈബര്‍ സമ്മേളനത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചതും പൊലീസിന് നാണക്കേട് ഉണ്ടാക്കിയതും വിനയകുമാരന്‍ നായരുടെ നടപടിയാണെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്.

സമ്മേളനവുമായി ബന്ധപ്പെട്ട് സംഘാടകര്‍ക്കെതിരെയും സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നത് വിനയകുമാരന്‍ നായരെ സ്ഥലം മാറ്റിയതിന് ശേഷമാണ് എന്നതിനാല്‍ ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് നിഗമനം.

ഇക്കാര്യങ്ങളെ കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഗവര്‍ണര്‍ പി സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും രാജ്യത്തിനകത്തും പുറത്തുമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഐടി വിദഗ്ധരുമെല്ലാം പങ്കെടുത്ത ‘കോകൂണി’നെ വിവാദത്തിലേക്ക് വലിച്ചിഴച്ചതില്‍ മുഖ്യമന്ത്രിക്കും കടുത്ത അതൃപ്തിയുണ്ടായിരുന്നു.

അത്‌കൊണ്ട് തന്നെ ഇക്കാര്യത്തില്‍ വിനയകുമാരന്‍ നായരെ സംരക്ഷിക്കുന്ന ഒരു ഏര്‍പ്പാടിനും പാര്‍ട്ടിയില്ലെന്ന് ‘ശുപാര്‍ശ’ക്കാരോട് സിപിഎം നേതൃത്വവും വ്യക്തമാക്കിയിരുന്നു.

വിനയകുമാരന്‍ നായരുടെ ഭാര്യ പൊലീസ് ആസ്ഥാനത്തെ ഒരു പ്രധാന സെക്ഷനിലെ പ്രധാനി ആയതിനാലാണ് നടപടി വൈകുന്നതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

Top