കുടുംബത്തിന്റെ ആത്മീയ ഉപദേശി പദവി മറയാക്കി ലൈംഗിക പീഡനം; വടകര സ്വദേശി അറസ്റ്റിൽ

ഒറ്റപ്പാലം: ലൈംഗിക പീഡന പരാതിയിൽ വടകര സ്വദേശി അറസ്റ്റിൽ. യുവതിയെ പലവട്ടം ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ വടകര സ്വദേശിയായ തങ്ങളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വടകര എടോടി മശ്ഹൂർ മഹലിൽ സൈനുൽ ആബിദ് തങ്ങളാണ് (48) പിടിയിലായത്. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് യുവതി നൽകിയ പരാതി പ്രകാരം ഒറ്റപ്പാലം പൊലീസിന് ലഭിച്ച നിർദേശമനുസരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്നാണ് അറസ്റ്റ്.

തന്റെ വീട്ടുകാരുടെ ആത്മീയ ഉപദേശി എന്ന പരിഗണന മറയാക്കി വർഷങ്ങളോളം ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കോതകുറിശി സ്വദേശിയായ 37 കാരിയുടെ പരാതി. അറസ്റ്റിലായ സൈനുൽ ആബിദ് തങ്ങളുടെ മുത്തശ്ശൻ പരാതിക്കാരിയുടെ കുടുംബത്തിന്റെ ആത്മീയ ഗുരുവായിരുന്നു. ഇദ്ദേഹത്തിന്റെ മരണ ശേഷം പേരക്കുട്ടിയായ സൈനുൽ ആബിദ് പുതിയ തങ്ങളായി പരാതിക്കാരിയുടെ വീട്ടുകാരെ സമീപിക്കുകയായിരുന്നു .

പുതിയ തങ്ങളെ പരിചരിക്കാൻ 16 വയസ് പ്രായമുള്ളപ്പോഴാണ് വീട്ടുകാർ പരാതിക്കാരിയെ നിയോഗിച്ചത്. അന്ന് മുതൽ പലവട്ടം ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതിക്കാരി പറയുന്നത്. യുവതിയുടെ ആരോപണം ശരിയാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പൊലീസും പറയുന്നു.

Top