ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ട്, വെളിപ്പെടുത്തലുമായി ബിജെപി എംപി പൂനം മഹാജന്‍

മുംബൈ: താനും ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബി.ജെ.പി എം.പി പൂനം മഹാജന്‍.

മുംബൈയില്‍ ഐ.ഐ.എം.എയില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് പൂനം തന്റെ മോശം അനുഭവം തുറന്നു പറഞ്ഞത്.

കോളേജില്‍ പഠിക്കുന്ന കാലത്ത് വെര്‍സോവയില്‍ നിന്ന് വെര്‍ളിയിലെ കോളേജിലേക്ക് പോകാന്‍ മെട്രോ റെയിലിനെയാണ് ആശ്രയിച്ചിരുന്നത്. ട്രെയിന്‍ യാത്രയ്ക്കിടെ തുറിച്ചു നോട്ടവും അസുഖകരമായ തോണ്ടലും തൊടലും നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ മാനസികമായി തളര്‍ന്നു പോകാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പൂനം വ്യക്തമാക്കി

ഇന്ത്യയിലെ ഒരു സ്ത്രീ പോലും തുറിച്ചുനോട്ടം കൊണ്ടുള്ള ലൈംഗിക ചൂഷണം നേരിടാതെ കടന്നു പോയിട്ടില്ലെന്നും പൂനം പറയുന്നു. മുംബയിലെ നടപ്പാത തകര്‍ന്ന് ആളുകള്‍ മരിക്കാനിടയായ സംഭവത്തില്‍ മൃതപ്രായയായ സ്ത്രീയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയാണ് പൂനം മഹാജന്റെ വെളിപ്പെടുത്തല്‍.

സ്ത്രീകള്‍ കൂടുതല്‍ ശക്തിയാര്‍ജിക്കേണ്ടതുണ്ട്. കഴിവു തെളിയിക്കേണ്ടതുണ്ട്. സ്ത്രീകളെ ഓരോ ഘട്ടത്തിലും ദേവതകളായി കാണുന്നു. അമേരിക്കയില്‍ സ്ത്രീകള്‍ കൂടുതല്‍ സ്വതന്ത്രരാണെന്നാണ് പറയുന്നത്. ഇതുവരെ അവിടെ ഒരു വനിതാ പ്രസിഡന്റ് വന്നിട്ടില്ല. ഇവിടെയോ പ്രസിഡന്റ്, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, വിദേശ കാര്യ മന്ത്രി, മുഖ്യമന്ത്രി തുടങ്ങി വിവിധ പദവികളില്‍ സ്ത്രീകള്‍ എത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ നമ്മള്‍ കൂടുതല്‍ ശക്തരാകണം. നമുക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ സ്വയം ഉള്‍വലിയാതെ പ്രതികരിക്കണം. ഒരുവന്‍ ചെയ്യുന്ന തെറ്റെന്തെന്ന് അവനില്‍ ബോധ്യം വരുത്തണം എന്നും പൂനം മഹാജന്‍ പറഞ്ഞു.

Top