ലൈംഗികാതിക്രമം; സ്വയരക്ഷയ്ക്കായി മകള്‍ അച്ഛനെ കൊലപ്പെടുത്തി

വില്ലുപുരം : ലൈംഗികാതിക്രമത്തെ തുടര്‍ന്ന് സ്വയരക്ഷയ്ക്കായി മകള്‍ അച്ഛനെ കൊലപ്പെടുത്തി. തമിഴ്നാട് വില്ലുപുരം ജില്ലയിലെ കോവില്‍പുരയൂര്‍ സ്വദേശി വെങ്കടേഷാണ് (40) ഇളയ മകളുടെ കുത്തേറ്റ് മരിച്ചത്. ഭിന്നശേഷിക്കാരനായ വെങ്കടേഷ് ഭാര്യയുടെ മരണശേഷം തന്റെ രണ്ട് പെണ്‍മക്കളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.

മൂത്ത മകള്‍ ചെന്നൈയിലെ ഒരു തുണിക്കടയില്‍ ജോലിചെയ്തുവരുന്നു. ഇളയമകള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വെങ്കടേഷ് മേല്‍മലയന്നൂരിലേക്ക് പോയിരുന്നു. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയ ഇയാളെ പിന്നീട് നെഞ്ചില്‍ കുത്തേറ്റ നിലയിലാണ് കണ്ടെത്തിയത്.

തുടര്‍ന്ന് വെങ്കടേഷിന്റെ ബന്ധുക്കളും അയല്‍വാസികളും അവളൂര്‍പേട്ട് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പിന്നാലെ സെഞ്ചി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഇളങ്കോവന്‍ സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷിച്ചു.

അന്വേഷണത്തില്‍ ഇയാള്‍ ഇളയമകളെ ലൈംഗികമായി ഉപദ്രവിച്ചതായും സ്വയരക്ഷയ്ക്കായി മകള്‍ കൊലപ്പെടുത്തിയതാണെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. എന്നാല്‍ സംഭവമറിഞ്ഞ വില്ലുപുരം ജില്ല പൊലീസ് സൂപ്രണ്ട് ശ്രീനാഥ, പെണ്‍കുട്ടി സ്വയരക്ഷാര്‍ഥം പിതാവിനെ കൊലപ്പെടുത്തിയതാണെന്നും അതിനാല്‍ പെണ്‍കുട്ടിയെ വിട്ടയക്കാനും ഉത്തരവിട്ടു. വെങ്കടേഷിന്റെ മൃതദേഹം മുണ്ടിയമ്പാക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

 

Top