വര്‍ക്കലയില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമണം; ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശ വനിതകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല സ്വദേശി മഹേഷ് ആണ് പിടിയിലായത്. വര്‍ക്കല ബീച്ചില്‍ നടക്കാനിറങ്ങിയ യു.കെ, ഫ്രാന്‍സ് സ്വദേശിനികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. രാത്രി എട്ടുമണിയോടെ പാപനാശം ബീച്ചില്‍ നടക്കാനിറങ്ങിയ യുകെ, ഫ്രാന്‍സ് സ്വദേശികളായ വനിതകള്‍ക്ക് നേരെയാണ് അതിക്രമമുണ്ടായത്. മദ്യലഹരിയിലെത്തിയ സംഘം യുവതികളെ കടന്നാക്രമിക്കുകയായിരുന്നു.

നഗ്‌നതാ പ്രദര്‍ശനം നടത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. പ്രതികള്‍ മദ്യപിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. ഇവര്‍ യുവതികളോട് അസഭ്യം പറയുകയും ശരീരത്തില്‍ തട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ നാല് മാസമായി യുവതികള്‍ വര്‍ക്കലയിലെ ഹോംസ്‌റ്റേയില്‍ താമസിച്ചുവരികയാണ്. ഇവരുടെ സുഹൃത്തായ മുംബൈ സ്വദേശിനിക്കും സമാന അനുഭവമുണ്ടായതായി യുവതികള്‍ പറയുന്നു.

Top