എഫ്‌ഐആര്‍ റദ്ദാക്കണം: ബിനോയ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ബോംബെ ഹൈക്കോടതിയില്‍

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചന്ന ബിഹാര്‍ സ്വദേശിയുടെ പരാതിയില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. യുവതിയുടെ പരാതിയില്‍ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ബിനോയ് ഹര്‍ജിയില്‍ പറയുന്നു. ബോംബെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

നിലവില്‍ മുന്‍കൂര്‍ ജാമ്യത്തിലാണ് ബിനോയ്. കഴിഞ്ഞ തിങ്കളാഴ്ച ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായ ബിനോയ് ഡിഎന്‍എ പരിശോധനയ്ക്ക് രക്ത സാമ്പിളുകള്‍ നല്‍കിയിരുന്നില്ല. ഹര്‍ജി കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് രക്ത സാമ്പിള്‍ നല്‍കാതിരുന്നത്. കഴിഞ്ഞ തവണ ഹാജരായപ്പോള്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബിനോയ് രക്ത സാമ്പിള്‍ നല്‍കിയിരുന്നില്ല.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി. കുട്ടിയ്ക്കും തനിക്കും ജീവിക്കാനുള്ള ചെലവ് ബിനോയി നല്‍കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെടുന്നു. കേസില്‍ മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതിയാണ് ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Top