ഗുസ്തി താരങ്ങള്‍ക്കെതിരായ ലൈംഗികാതിക്രം; ബ്രിജ് ഭൂഷണ്‍ ഈ മാസം 18 ഹാജരാകണമെന്ന് കോടതി

ഡല്‍ഹി: വനിതാ ഗുസ്തി താരങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ നേരിടുന്ന റെസ്ലിങ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനോടു ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി കോടതി. ജൂലൈ 18നു ഹാജരാകാനാണു ഡല്‍ഹി റോസ് അവന്യു കോടതിയുടെ നിര്‍ദേശം. ബ്രിജ് ഭൂഷണെതിരായ നടപടി തുടരുന്നതിനുള്ള നിരവധി തെളിവുകളുണ്ടെന്നു കോടതി വ്യക്തമാക്കി. ജൂണ്‍ 15നു ബ്രിജ് ഭൂഷണെതിരെ ഡല്‍ഹി പട്യാല കോടതിയില്‍ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ പോക്‌സോ ചുമത്തി ബ്രിജ് ഭൂഷണെതിരെ മറ്റൊരു എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ എല്ലാ ലൈംഗികാതിക്രമ ആരോപണങ്ങളും ബ്രിജ് ഭൂഷണ്‍ നിഷേധിച്ചിരുന്നു. വനിതാ ഗുസ്തിതാരങ്ങളുടെ ശരീരത്തില്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചു, തികച്ചും സ്വകാര്യമായ ചോദ്യങ്ങള്‍ ചോദിച്ചു, ലൈംഗികാവശ്യങ്ങള്‍ ഉന്നയിച്ചു എന്നിവയാണ് ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങള്‍.

ബ്രിജ് ഭൂഷണെതിരെ നിരവധി വനിതാ താരങ്ങളാണു രംഗത്തെത്തിയിരുന്നത്. ഒളിംപ്യന്‍ ബജ്രംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുടെ നേതൃത്വത്തില്‍ ജന്തര്‍മന്തറില്‍ സമരം ആരംഭിച്ചിരുന്നു. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു സമരം.

 

Top