വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമം; കാലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ അധ്യാപകനെതിരേ കേസ്

കോഴിക്കോട്: ഗവേഷക വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ അധ്യാപകനെതിരേ കേസെടുത്തു. സൈക്കോളജി വിഭാഗത്തില്‍ അധ്യാപകനായിരുന്ന ഡോ. ടി. ശശിധരനെതിരെയാണ് തേഞ്ഞിപ്പലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സര്‍വകലാശാലയിലെ രണ്ടുവിദ്യാര്‍ഥിനികളുടെ പരാതിയില്‍ രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കാലിക്കറ്റ് സര്‍വകലാശാല കാമ്പസിന് സമീപം താമസിക്കുന്ന മുന്‍ അധ്യാപകന്‍ ഇയാളുടെ വീട്ടില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് ഗവേഷക വിദ്യാര്‍ഥിനികളുടെ പരാതി. മേയ് 11, 19 തീയതികളിലായിരുന്നു സംഭവം.

ആറുവര്‍ഷം മുമ്പ് സര്‍വീസില്‍നിന്ന് സ്വയം വിരമിച്ച അധ്യാപകന്‍ സര്‍വകലാശാല കാമ്പസിന് സമീപം ഒറ്റയ്ക്കായിരുന്നു താമസം. സര്‍വീസില്‍നിന്ന് വിരമിച്ചെങ്കിലും അക്കാദമിക് ആവശ്യങ്ങള്‍ക്കായി ഗവേഷകര്‍ അധ്യാപകനെ സമീപിക്കാറുണ്ടായിരുന്നു. ഇത്തരത്തില്‍ അക്കാദമിക് കാര്യങ്ങളുടെ മറവിലാണ് ഇയാള്‍ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയതെന്നാണ് ആരോപണം.

Top